കാർ ചാർജർ ലൈസൻസിനുള്ള അപേക്ഷകൾ ഡിസംബർ 2-ന് നൽകാം

0
31

കുവൈത്ത് സിറ്റി: വൈദ്യുത വാഹന ചാർജിങ് കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനും വാഹന ചാർജറുകൾ വിൽക്കുന്നതിനുംവേണ്ട ലൈസൻസ് അപേക്ഷകൾ ജലവൈദ്യുത മന്ത്രാലയം ഡിസംബർ 2 ന് സ്വീകരിക്കുമെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും അപേക്ഷ സമർപ്പിക്കാവുന്നതാണ്.
മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി ലൈസൻസ് അഭ്യർത്ഥന സമർപ്പിക്കാം. അപേക്ഷകൾ അംഗീകരിക്കുന്നത് ഇലക്‌ട്രോണിക് രീതിയിൽ ആയിരിക്കും. ചാർജറുകൾ ഇറക്കുമതി ചെയ്യുന്നതിനും ഇൻസ്റ്റാൾ ചെയ്യുന്നതിനുമുള്ള അംഗീകൃത സ്റ്റാൻഡേർഡ് സ്‌പെസിഫിക്കേഷനുകളും നിയന്ത്രണങ്ങളും അനുസരിച്ചാണോ അഭ്യർത്ഥനയെന്ന് മന്ത്രാലയം പരിശോധിക്കുന്നതെന്നും റിപ്പോർട്ടിലുണ്ട് . മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടുള്ള ചാർജറുകൾ ഇറക്കുമതി ചെയ്യുന്നതിനുള്ള അപേക്ഷകൾക്ക് ഉടനടി അംഗീകാരം ലഭിക്കും. വിതരണക്കാർ ഉപഭോക്തൃ സ്പെസിഫിക്കേഷനുകൾ സംബന്ധിച്ച് അപേക്ഷയിൽ വ്യക്തമാക്കണം. ലൈസൻസിംഗിനും അനുമതി നൽകുന്നതിന് മുമ്പ് ഗാർഹിക ഉപയോഗത്തിനുള്ള ചാർജറുകളുടെ അനുയോജ്യത ചർച്ച ചെയ്യുമെന്നും വാർത്തയിലുണ്ട്

ലൈസൻസില്ലാതെ വീടുകളിൽ ചാർജർ സ്ഥാപിക്കുന്നത് ലംഘനമാണെന്ന് റിപ്പോർട്ട് പരാമർശിക്കുന്നു, ഇത് ലംഘിക്കുന്ന വീട്ടുടമയോ കമ്പനിയോ നിയമനടപടി നേരിടേണ്ടി വരും.