കുവൈത്തിലെ പ്രമുഖ പത്രമായ അൽ ഖബാസ് നമ ചാരിറ്റബിൾ സൊസൈറ്റിയുമായി സഹകരിച്ചാണ് കഴിഞ്ഞദിവസം കുവൈത്തിൽ കൊല്ലപ്പെട്ട ഇന്ത്യക്കാരനായ ഡെലിവറി ജീവനക്കാരൻ്റെ കുടുംബത്തിനായി ധനസമാഹരണം ആരംഭിച്ചത്. ധനസമാഹരണം ആരംഭിച്ച 18 മണിക്കൂറിനുള്ളിൽ തന്നെ ഷെയ്ഖ് ബാഷയുടെ കുടുംബത്തിനായി 30,000 ത്തിലധികം കുവൈത്ത് ദിനാർ സമാഹരിക്കാൻ കഴിഞ്ഞു.
മൊബൈൽ കമ്പനിയിൽ ഡെലിവറി മാൻ ആയി ജോലി ചെയ്തിരുന്ന ഇന്ത്യൻ സ്വദേശി ഷെയ്ഖ് ബാഷ ഞായറാഴ്ച അബു ഫൈത്രയിലെ ഒരു വീട്ടിലേക്ക് ഇലക്ട്രിക് സ്കൂട്ടർ എത്തിക്കാൻ പോവുകയും തുടർന്ന് അവിടെ വെച്ച് കൊല്ലപ്പെടുകയും ആയിരുന്നു. ഇലക്ട്രിക് സ്കൂട്ടറിൻ്റെ വിലയായ 150 കെഡി നൽകാൻ ഉപഭോക്താവ് വിസമ്മതിക്കുകയും ഡെലിവറി മാനുമായി വാക്കേറ്റമുണ്ടാകുകയും തുടർന്ന് അടിച്ച് കൊലപ്പെടുത്തുകയും ആയിരുന്നു.
ചൊവ്വാഴ്ച വൈകുന്നേരം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ “അവരെ പിന്തുണയ്ക്കുക നമ്മുടെ കടമയാണ്” എന്ന തലക്കെട്ടിൽ ഒരു വീഡിയോ സന്ദേശം പോസ്റ്റ് ചെയ്താണ് അൽ ഖബാസ് ധനസമാഹരണ യജ്ഞം ആരംഭിച്ചത്. ബാഷയുടെ കുടുംബത്തിന്റെ ദുരവസ്ഥ അവർ ഇതിലൂടെ എടുത്തുകാട്ടി. കുടുംബത്തിലെ ഏക വരുമാനമാർഗം ആയിരുന്നു ഷെയ്ഖ് ബാഷയെന്നും. അദ്ദേഹത്തിൻറെ മരണത്തോടെ ഭാര്യയും രണ്ട് ചെറിയ കുഞ്ഞുങ്ങളും ആരും ആശ്രയമില്ലാതായിമാറിയെന്നും ഇതിൽ പറയുന്നു.