ഓയില്‍ – ഗ്യാസ് രംഗത്തെ പുത്തന്‍ സാധ്യതകള്‍ ; അന്താരാഷ്ട്ര കോണ്‍ഫറന്‍സിനു വേദിയായി കുവൈത്ത്

കുവൈത്ത് : ലോകത്ത് ഏറ്റവുമധികം വികാസം പ്രാപിക്കുന്ന മേഖലകളിലൊന്നാണ് ഓയില്‍ – ഗ്യാസ് , മറൈന്‍ – ഓഫ്‌ഷോര്‍ , പെട്രോ കെമിക്കൽ രംഗം. ഏറ്റവുമധികം വന്‍കിട കമ്പനികള്‍ പ്രവര്‍ത്തിക്കുന്ന മേഖലയും ഇതു തന്നെ. അതുകൊണ്ടു തന്നെ ഈ മേഖലയിൽ കുവൈത്തിൽ വൻ നിക്ഷേപത്തിന് ഒരുങ്ങുകയാണ് ദുബായ് കേന്ദ്രമായി പ്രവർത്തിക്കുന്ന ഏരീസ് ഗ്രൂപ്പ്.

ഓയില്‍ – ഗ്യാസ് , മറൈന്‍ – ഓഫ്‌ഷോര്‍ , പെട്രോ കെമിക്കൽ മേഖലകളിലെ പുത്തന്‍ സാധ്യതകളും, ഭാവിയില്‍ നേരിടേണ്ടി വന്നേക്കാവുന്ന വെല്ലുവിളികളും ചര്‍ച്ച ചെയ്യുന്നതിനായി മറൈന്‍- ഓഫ്‌ഷോര്‍ , ഓയില്‍ ആന്‍ഡ് ഗ്യാസ് മേഖലയിലെ ബഹുരാഷ്ട്ര കമ്പനികളും, സാങ്കേതിക വിദഗ്ധരും പങ്കെടുത്ത ഏദകദിന അന്താരാഷ്ട്ര കോൺഫെറെൻസിലാണ് ഇത് സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്.
ജുമേറിയ മേസില്ലാ ബീച്ച് ഹോട്ടലിലായിരുന്നു കുവൈത്ത് സിമ്പോസിയം നടന്നത്. പെട്രോ കെമിക്കൽ ഇൻഡസ്ട്രീസ് കമ്പനി സി ഇ ഒ മുൽത്താഖ് അൽ ആസ്മി കോൺഫറൻസ് ഉദ്‌ഘാടനം ചെയ്തു.
ഈ രംഗത്തെ വിദഗ്ധര്‍ നയിക്കുന്ന ക്ലാസുകള്‍ക്കു പുറമേ, വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകളും ഇതോടനുബന്ധിച്ച് നടന്നു . സമുദ്ര – കപ്പല്‍- ഓയില്‍-ഗ്യാസ് മേഖലകളില്‍ വരും വര്‍ഷങ്ങളില്‍ സ്വീകരിക്കേണ്ട വ്യാവസായിക നയങ്ങളും, വിപണി സാധ്യതകളും സംബന്ധിച്ച പൊതുധാരണ കോൺഫെറെൻസിൽ രൂപപ്പെടുത്തി .

ഹമീദ് അവാദ് അൽ മുറ്ററിൽ, ജമീൽ അൽ അലി, ക്യാപ്റ്റൻ ഡേവിഡ് നിക്കോളാസ്, രാജേഷ് റ്റോർവെ, ബിനോദ് കുമാർ, ഗിൽബെർട് എ രഘു, വിദ്യ പ്രകാശ് തുടങ്ങിയവർ വിവിധ സെഷനുകൾ നയിച്ചു. ഓയില്‍ – ഗ്യാസ് ,മറൈന്‍- ഓഫ്‌ഷോര്‍ രംഗത്തേയ്ക്ക് ചുവടുവെയ്ക്കാനൊരുങ്ങുന്ന സംരഭകര്‍ക്കും, നിലവില്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും അന്താരാഷ്ട്ര കോണ്‍ഫറന്‍സ് ഏറെ പ്രയോജനപ്രദമായതായി സംഘാടകരായ ബിസ് ഈവന്റ് മാനേജ്മെന്റ് അറിയിച്ചു. ഇന്റര്‍നാഷണല്‍ മാരിടൈം ക്ലബ് പുരസ്‌കാരങ്ങളും കോണ്‍ഫറന്‍സിനോടനുബന്ധിച്ച് വിതരണം ചെയ്തു.