സെൻട്രൽ യൂണിവേഴ്സിറ്റികളില്‍ പിജി ചെയ്തുവരുന്ന പെണ്‍കുട്ടികള്‍ അതിന് ശേഷം എവിടെ പോവുന്നു : ആഷിഖ ഖാനം

0
69
പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയില് PhD ചെയ്യുന്ന മുസ്ലിം സ്ത്രീകളെ കുറിച്ച് ഒരു അന്വേഷണം നടത്തിയപ്പോള് വലിയൊരു സങ്കടകരമായ
അവസ്ഥയാണ് മുന്നിൽ തെളിഞ്ഞത്. കാര്യമായ വിത്യാസങ്ങളൊന്നും മറ്റൊരു യൂണിവേഴ്സിറ്റിയിലും ഈ കാര്യത്തിൽ ഇല്ല എന്നാണ് തുടര്ന്നുള്ള അന്വേഷണത്തില് മനസിലായതും.
നൂറുശതമാനം മാര്ക്കോടെ പ്ലസ് ടു പൂര്ത്തിയാക്കി ഫറൂഖ് കോളേജിലും മഹാരാജാസിലുമൊക്കെ ഡിഗ്രി കഴിഞ്ഞ് സെൻട്രൽ യൂണിവേഴ്സിറ്റികളില് പിജി ചെയ്തുവരുന്ന പെണ്കുട്ടികള് അതിന് ശേഷം എവിടെ പോവുന്നു. എത്രയൊക്കെ ഇല്ലെന്ന് നമ്മള് പറഞ്ഞാലും സ്ത്രീകളുടെ തലയുടെ മുകളില് ഒരു വരയുണ്ട്, ആ വരയ്ക്കപ്പുറം പോവലെന്തൊരു ബുദ്ധിമുട്ടാണെന്നത് സ്ത്രീകള്ക്ക് മാത്രമേ അറിയൂ! മലബാറിലെ മുസ്ലിം പെൺകുട്ടികളുടെ തലയ്ക്ക് മുകളിലെ ആ വര പ്രധാനമായും നിലവിലെ സാഹചര്യത്തിൽ നിൽക്കുന്നത് ഡിഗ്രിയിലോ പിജിയിലോ ഒക്കെ ആണ്, കാലം മാറുന്നതിനനുസരിച്ച് ഈ വരയുടെ ഉയരവും കൂടുമെന്നത് തീര്ച്ചയാണ്. പണ്ട് പത്താം ക്ലാസും പ്ലസ് ടുവും ആയിരുന്നുവെങ്കില് ഇന്ന് ഇത്രയും എത്തിയല്ലോ.!
പക്ഷെ, ചോദ്യമവിടെയല്ല!
ഡിഗ്രിക്കോ പിജിക്കോ ശേഷം പിന്നെ ഈ പെൺകുട്ടികളൊക്കെ എവിടെ. ഇതുമായി ബന്ധപ്പെട്ട പഠനത്തിൽ മനസിലായത് പ്രധാനമായും ഈ പെണ്കുട്ടികളൊക്കെയും ബി എഡിന് പുറകിലാണ് എന്നതാണ്.
പെട്ടെന്ന് ജോലി കിട്ടുന്നു എന്നത്,
9-4 എന്ന സുഖകരമായ സമയക്രമം,
വീടിനടുത്ത് തന്നെ ജോലി ചെയ്യാനുള്ള സാഹചര്യം,
ഇങ്ങനെ പല ഘടകങ്ങളാണ് പെൺകുട്ടികളെ ബി എഡിലേക്ക് ആകര്ഷിക്കുന്നത്.
ഇതിലപ്പുറം ഒരു കാരണമില്ലേ എന്ന് ചോദിച്ചാല് അത് സമൂഹത്തിന്റെ ഭാഗത്ത് നിന്നുള്ള കുത്തിവെപ്പാണ്. പിജി കഴിയുമ്പോഴേക്കെങ്കിലും കല്യാണം കഴിക്കണമെന്നത് നിർബന്ധമാണ്. അപ്പോള് അതിന് മുന്പ് ജോലി കിട്ടണമെന്ന ലക്ഷ്യത്തിലാണ് പല പെൺകുട്ടികളും ബി എഡിന് നേരെ പോകുന്നത്, അതിലപ്പുറം അവര്ക്ക് സ്വപ്നങ്ങളില്ലാഞ്ഞിട്ടല്ല.
(ഈ പറയുന്നതൊരിക്കലും ബിഎഡ് എന്ന കോഴ്സിനെ മോശമാക്കി പറയുകയല്ല, പക്ഷെ പെൺകുട്ടികള് കൂടുതലായും മറ്റെല്ലാ മേഖലകളും വേണ്ടെന്ന് വെച്ച് ബിഎഡ് എന്ന ഓപ്ഷന് തിരഞ്ഞെടുക്കുന്നതിന്റെ കാരണങ്ങളാണ് പറയുന്നത്. സ്കൂളുകളില് പഠിപ്പിക്കുകയെന്നത് പാഷനായിട്ടുള്ളവര് അതുതന്നെ ചെയ്യണം, അതല്ലാത്തവര് ആ മേഖല ഫോഴ്സ്ഫുള്ളി ചൂസ് ചെയ്യേണ്ടി വരുന്നതിനെ കുറിച്ച് മാത്രമാണ് സംസാരിക്കുന്നത്)
ISROയും NASAയും സ്വപ്നം കണ്ടിരുന്നവര് തന്നെയായിരുന്നു അവരും. യുകെയിലെയും കാനഡയിലെയും നല്ല ജോബ് ഓപ്പോര്ച്ചുനിറ്റീസിനെ കുറിച്ചും, ബെര്ലിനിലെയും അയര്ലന്റിലെയുമൊക്കെ റിസര്ച്ച് ഓപ്പോര്ച്ചുനിറ്റീസിനെ കുറിച്ചുമൊക്കെ സെര്ച്ച് ചെയ്തിരുന്നവര് തന്നെയായിരുന്നിരിക്കണം അവരും. പക്ഷെ ഒഴുക്കിനൊപ്പം നീന്തുകയെന്ന ഒരു വഴി മാത്രം മുന്നിലുള്ള സാഹചര്യത്തിലും, ഒഴുക്കിനെതിരെ നീന്താനുള്ള കരുത്ത് എത്ര ശ്രമിച്ചിട്ടും ലഭിക്കാത്ത സാഹചര്യങ്ങളിലുമാണ് പല പെൺകുട്ടികളും എന്നാല് കിട്ടിയതാവട്ടെ എന്ന രൂപത്തിൽ മറ്റുള്ളവരുടെ ആഗ്രഹങ്ങള്ക്കൊപ്പം നിന്നുകൊടുക്കുന്നത്!
‘ശേഷം മൈക്കിൽ ഫാത്തിമ’ സിനിമയില് ഫാത്തിമയെ പെണ്ണുകാണാന് വന്ന ചെറുക്കന്റെ ഉമ്മയുടെ ഒരു ഡയലോഗുണ്ട്, പഠിക്കുന്ന കോഴ്സ് കംപ്ലീറ്റ് ചെയ്യാന്, ജീന്സ് ഇറക്കമുള്ള ടോപ്പിനൊപ്പമിടാനൊക്കെ അവരനുവാദം കൊടുക്കുമെന്ന്. അങ്ങനെയുള്ള ഡയലോഗുകളൊക്കെ കേൾക്കുമ്പോൾ ഇരച്ചുകയറുന്ന ദേഷ്യത്തിനപ്പുറം വളരെ ഓര്ത്തഡോക്സ് ചിന്താഗതിയുള്ള ഒരു കുടുംബത്തിന്റെ പ്രൊഡക്ടായി ജനിച്ചുവളര്ന്നതുകൊണ്ട് അതിശയോക്തിയെന്ന സാധനം തീരെയില്ല. കണ്ടതും അനുഭവിച്ചതും നിരന്തരം കടന്നുപോകുന്നതുമൊക്കെ തന്നെയാണ് ഇതൊക്കെയും. നമ്മുടെ സമൂഹത്തിന്റെ ഇത്തരത്തിലുള്ള ചിന്താഗതികളും, പ്രവർത്തനങ്ങളും തന്നെയാണ് പെൺകുട്ടികളുടെ സ്വപ്നങ്ങള്ക്ക് പരിധിയുണ്ടാക്കുന്നത്!
ഇപ്പോള് ഇങ്ങനത്തെ സാഹചര്യങ്ങളൊന്നുമില്ലെന്ന് മറ്റാരോട് പറഞ്ഞാലും എന്നോട് പറയാതിരിക്കുക, എനിക്ക് മുന്നിലുള്ള അനുഭവങ്ങള് അത്രയധികമുണ്ട്. നാലുപേരെ വെച്ച് ഒരു സമൂഹത്തെ വിലയിരുത്തരുത്, അതിന് ഏറ്റവും താഴെ തട്ടിലേക്കിറങ്ങി അവിടത്തെ മനുഷ്യരെ പഠിക്കണം. അങ്ങനെ നോക്കികാണുന്ന അനുഭവങ്ങളില് നിന്ന് തന്നെയാണ് ഈ എഴുതുന്നത്!
(മുകളില് പറഞ്ഞ അവസ്ഥ തന്നെയും കുറച്ചെങ്കിലും നല്ല ബാക്ക്ഗ്രൗണ്ട് വിദ്യാഭ്യാസപരമായും മറ്റും ഉള്ളവരുടെ സ്ഥിതിയാണ്, അതല്ലാത്ത ഡിഗ്രി പോലും പൂര്ത്തിയാക്കാനാവാത്ത എത്രയെത്രയോ പെൺകുട്ടികളാണ് ചുറ്റിലുമുള്ളത്. സ്‌കൂൾ/കോളേജ് കാലത്ത് കൂടെ പഠിച്ചവരിൽ പലരും ഡിഗ്രി ഒന്നാം വര്ഷമോ രണ്ടാം വര്ഷമോ ഒക്കെ പഠനം അവസാനിപ്പിച്ചവരാണ്)
സ്ത്രീകളുടെ ഏജന്സി കൈക്കലാക്കാനുള്ള നിരന്തരമായ ശ്രമം നമ്മുടെ സമൂഹത്തിന്റെ ഭാഗത്ത് നിന്ന് എപ്പോഴുമുണ്ട്. അത് എല്ലാ സമുദായത്തിലും, എല്ലാ രാഷ്ട്രീയപാർട്ടികളിലും, കുടുംബത്തിനകത്തും എല്ലായിടത്തുമുണ്ട്. ഈ ജോലിയേ ചെയ്യാവൂ/ സ്വന്തമായ അഭിപ്രായങ്ങള് ഉണ്ടാവാന് പാടില്ല, ഇങ്ങനെ തുടങ്ങി കുറെ അലിഖിത നിയമങ്ങളുണ്ടാക്കാനുള്ള ശ്രമം സമൂഹം എല്ലാ കാലത്തും ഇവിടെ നടത്തിയിട്ടുണ്ട്. അതിനൊപ്പം മക്കളുടെ പൂര്ണ്ണമായ ഉത്തരവാദിത്വത്തിന്റെ വലയില് സ്ത്രീകളെ കുരുക്കിയിടുക എന്നതും!
ഇതൊക്കെ പൊട്ടിച്ചു കളയാവുന്നതേയൊള്ളു. അത് ചെയ്യാതെ നാളെ പിറ്റേന്ന് സ്വന്തം മക്കളോട് ‘അന്നെനിക്കൊന്നിനും സാഹചര്യമുണ്ടായില്ലെന്നും, നിങ്ങളെ നോക്കാനുള്ള തിരക്കിൽ എനിക്കെന്റെ കരിയര് നോക്കാന് പറ്റിയില്ലെന്നുമൊക്കെ’ പരാതി പറയേണ്ടി വരുന്ന, സ്വയം ഖേദിക്കേണ്ടിവരുന്ന അവസ്ഥയുണ്ടാക്കരുത്!
മള്ട്ടിടാസ്കിങ്ങിനെ മഹത്വവത്കരിക്കാന് വലിയ താത്പര്യമൊന്നുമില്ലെങ്കിലും സ്ത്രീകള്ക്ക് അത് കൂടിയേ തീരൂ എന്നതൊരു യാഥാര്ത്ഥ്യമാണ്. പെര്ഫെക്ഷനിസ്റ്റാവാന് നോക്കാതെ ഇഷ്ടമുള്ള കാര്യമൊക്കെ ചെയ്യാന് ശ്രമിക്കുക. മക്കള്ക്കെല്ലാം ഞാൻ തന്നെ ചെയ്തുകൊടുക്കും എന്ന് വാശി പിടിക്കാതെ അവരെ ചുറ്റുമുള്ളവരുടെ കൂടി ഉത്തരവാദിത്വമാക്കി വളര്ത്തുക, തിരക്കുള്ളൊരു ദിവസം വീട്ടിൽ ബിരിയാണി ഉണ്ടാക്കിയിട്ടേ പോവൂ എന്ന് നിർബന്ധം കാണിക്കാതെ ആ ബിരിയാണിപ്പണി തിരക്കൊഴിഞ്ഞൊരു ദിവസത്തേക്ക് മാറ്റിവെച്ച് എളുപ്പമുള്ള വല്ലതുമൊക്കെ ഉണ്ടാക്കുക,
വീട് വിട്ടുനിൽക്കേണ്ട സാഹചര്യങ്ങളില് അതിനു തയ്യാറാവുകയും മക്കളുടെ കാര്യത്തിൽ കുടുംബത്തിന്റെ കൂട്ടുത്തരവാദിത്വം ആവശ്യപ്പെടുകയും ചെയ്യുക,
സ്വപ്നങ്ങൾക്ക് പരിധിയില്ലാതാക്കുക.!
കുടുംബവും,
കൂട്ടും മക്കളുമൊക്കെ അതിനൊപ്പം വളരും,
നാളെ അവര് നിങ്ങളെയോര്ത്ത് അഭിമാനിക്കുന്നുവെന്ന് പറയുന്നൊരു കാലമുണ്ടാവുമെന്ന് മാത്രം മനസില് കുറിച്ചിടുക’
നിങ്ങളെന്താണോ ആഗ്രഹിക്കുന്നത് അതിലേക്ക് തന്നെ എത്തുക, ഒന്നിനെയും ഒരാളെയും നിങ്ങളുടെ സ്വപ്നങ്ങളെ കൊല്ലാന് അനുവദിക്കില്ലെന്ന് പ്രതിജ്ഞയെടുക്കുക.
(ഇതൊരു വിമർശനമായി ദയവുചെയ്ത് വായിക്കരുത്, മാറേണ്ട സാഹചര്യങ്ങളെ കുറിച്ച് സംസാരിച്ച് സംസാരിച്ച് തന്നെയാണ് മാറ്റേണ്ടത്, അതിൽ തന്നെയും എന്റെ സമുദായത്തിന്റെ സ്ത്രീമുന്നേറ്റം എനിക്ക് മാറ്റിനിർത്താനാവാത്തത്രയും പ്രധാനമാണ്, ഈ എഴുത്തിനെ അങ്ങനെ മാത്രം കാണുക.!)