അർജുന അതിമുത്തുവിൻ്റെ മോചനം; കുവൈത്ത് അമീറിൻ്റെ ഉപദേഷ്ടാവുമായി കൂടിക്കാഴ്ച്ച നടത്തി:

0
21

കുവൈത്ത് ജയിലിൽ കഴിയുന്ന അർജുന അതിമുത്തുവിൻ്റെ മോചനം ത്വരിതപ്പെടുത്താൻ കുവൈത്ത് കെ.എം.സി.സി. പ്രസിഡൻറും മുസ്ലീം ലീഗ് സംസ്ഥാന പ്രവർത്തക സമിതിയംഗവും മുൻ നോർക്ക വെൽഫെയർ ബോർഡ് ഡയറക്ടറുമായ ഷറഫുദ്ദീൻ കണ്ണേത്ത് കുവൈത്ത് അമീറിൻ്റെ ഉപദേഷ്ടാവ് ഷെയ്ഖ് ഫൈസൽ അൽ ഹമൂദ് അൽ മാലിക് അൽ സബയുമായി കൂടിക്കാഴ്ച്ച നടത്തി. മെഡ്എക്സ്   മെഡിക്കൽ കെയർ ചെയർമാൻ ഫാസ് മുഹമ്മദ് അലിയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

2013 സെപ്റ്റബർ 21 ന് കുവൈത്തിലെ ഒരു നിർമ്മാണ കമ്പനിയിൽ  തൊഴിലാളികളായിരുന്ന തമിഴ്നാട് സ്വദേശി അർജുന അദിമുത്തുവും മലപ്പുറം ജില്ലയിലെ അബ്ദുൽ വാജിദുമായി താമസ സ്ഥലത്ത് വെച്ച് ഉണ്ടായ വാക് തർക്കത്തെ തുടർന്ന് അബ്ദുൾ വാജിദ് മരണപ്പെട്ടിരുന്നു. തുടർന്ന് മൂന്ന് വർഷം കുവൈത്ത് ജയിലിൽ വിചാരണ തടവിലായിരുന്ന അർജുന അദിമുത്തുവിനെ 2016 ല് കുവൈത്ത് സുപ്രീം കോടതി വധശിക്ഷക്ക് വിധിച്ചു. മരണപ്പെട്ട വ്യക്തിയുടെ കുടുംബം മാപ്പു നൽകിയാൽ വധശിക്ഷയിൽ ഇളവ് ലഭിക്കുമെന്നതിനാൽ 2017 ൽ തന്റെ ഭർത്താവിനെ വധശിക്ഷയിൽ നിന്നു രക്ഷപ്പെടുത്താൻ അദിമുത്തുവിന്റെ  ഭാര്യ മാലതി മരണപ്പെട്ട അബ്ദുൾ വാജിദിന്റെ കുടുബവുമായി ബന്ധപ്പെട്ടിരുന്നു.
30 ലക്ഷം രൂപയാണ് അവർ ദയാധനമായി നൽകേണ്ടിയിരുന്നത്. എന്നാൽ അഞ്ച് ലക്ഷം രൂപ മാത്രമാണ് മാലതിക്ക് സംഘടിപ്പിക്കാൻ സാധിച്ചത്. നിസ്സഹായയായ മാലതിയും കുടുംബവും പാണക്കാട്ടെത്തി ആദരണീയനായ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ സമീപിച്ച് പൊട്ടിക്കരയുകയായിരുന്നു. തുടർന്ന്  സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിർദ്ദേശപ്രകാരം സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ആ ദൗത്യം ഏറ്റെടടുക്കുകയായിരുന്നു. സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ബാക്കി 25 ലക്ഷം രൂപ സ്വരൂപിക്കുകയും സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ സാന്നിദ്ധ്യത്തിൽ മൊത്തം 30 ലക്ഷം രൂപ മരണപ്പെട്ട അബ്ദുൾ വാജിദിന്റെ കുടുംബത്തിനു കൈമാറുകയും ചെയ്തിരുന്നു. അബ്ദുൾ വാജിദിന്റെ  കുടുംബം അവർക്ക് മാപ്പ് നൽകിയതായി സത്യവാംങ് മൂലം ഒപ്പിട്ട് തങ്ങൾക്ക് കൈമാറി. തുടർന്ന് തങ്ങളുടെ നിർദ്ദേശപ്രകാരം മുസ്ലിം ലീഗ് അഖിലേന്ത്യാ പ്രസിഡണ്ട് ഖാദർ മൊയ്തീനും അഖിലേന്ത്യാ ജനറൽ സെക്രട്ടറി കുഞ്ഞാലിക്കുട്ടിയും കൂടി കുവൈത്ത് ഭരണാധികാരികൾക്ക് സമർപ്പിക്കുന്നതിനായി അന്നത്തെ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന് സമർപ്പിച്ചു. കുവൈത്തിലെ ഇന്ത്യൻ എംബസ്സി മുഖേന കുവൈത്ത് അമീരി ദിവാനിന് കൈമാറിയ രേഖകളിൽമേൽ വധശിക്ഷ ജീവപര്യന്തമായി കുറച്ചിരുന്നു.

ഇപ്പോൾ പത്ത് വർഷത്തോളമായി ജയിൽ ശിക്ഷ അനുഭവിക്കുന്ന അദ്ദേഹത്തിൻ്റെ മോചനം സാധ്യമാക്കുന്നതിനു വേണ്ടി ഇന്ത്യൻ എംബസ്സിയുമായി കോർഡിനേറ്റ് ചെയ്തു കൊണ്ട് ദിവൻ അമീരിയിലെ അമീറിന്റെ ഉപദേഷ്ടാവ്  ഷെയ്ഖ് ഫൈസൽ അൽ ഹമൂദ് അൽ മാലിക് അൽ സബയുമായി ഷറഫുദ്ധീൻ കണ്ണേത്ത് ചർച്ച നടത്തിയത്. അതിമുത്തുവിന്റെ മോചനത്തിന് വേണ്ട എല്ലാ കാര്യങ്ങളും ചെയ്യാമെന്ന് ഷെയ്ഖ് ഫൈസൽ ഉറപ്പ് നൽകിയതായും ചർച്ചയുടെ വിശദവിവരങ്ങൾ ഇന്ത്യൻ അംബസ്സഡർ ശ്രീ.സിബി ജോർജിനെ ധരിപ്പിച്ചതായും കണ്ണേത്ത് പറഞ്ഞു. ഏറ്റവും മികച്ച ഇന്ത്യൻ അംബാസഡർമാരിൽ ഒരാളായ ഇപ്പോഴത്തെ  അംബാസഡർ ശ്രീ. സിബി ജോർജ് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തതായും ശറഫുദ്ധീൻ കണ്ണേത്ത് പറഞ്ഞു.  അതുകൊണ്ടു തന്നെ കുവൈത്തിൽ കാര്യങ്ങൾ ഏകോപിച്ച് കൊണ്ട് പ്രവർത്തിക്കുന്ന ഷറഫുദ്ദീൻ കണ്ണേത്ത് 2013 മുതൽ നടത്തുന്ന ശ്രമങ്ങൾ ഉടൻ ലക്ഷ്യത്തിലെത്തും എന്നാണ് ഈ കൂടിക്കാഴ്ച്ചയിലൂടെ പ്രതീക്ഷിക്കുന്നത്.

(പടം അടിക്കുറിപ്പ്: അർജുന അതിമുത്തുവിൻ്റെ മോചനം-കുവൈത്ത് അമീറിൻ്റെ ഉപദേഷ്ടാവ് ഷെയ്ഖ് ഫൈസൽ അൽ ഹമൂദ് അൽ മാലിക് അൽ സബയുമായി കുവൈത്ത് കെ.എം.സി.സി. പ്രസിഡൻറും മുസ്ലീം ലീഗ് സംസ്ഥാന പ്രവർത്തക സമിതിയംഗവും മുൻ നോർക്ക വെൽഫെയർ ബോർഡ് ഡയറക്ടറുമായ ഷറഫുദ്ദീൻ കണ്ണേത്ത് ചർച്ച നടത്തുന്നു. മെഡ്എക്സ്  മെഡിക്കൽ കെയർ ചെയർമാൻ ഫാസ് മുഹമ്മദ് അലി സമീപം)