കുവൈത്ത് സിറ്റി: അൽ-റാസി ഹോസ്പിറ്റലിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ ആക്രമിക്കപ്പെട്ട സംഭവത്തിൽ രൂക്ഷ പ്രതികരണവുമായി ആരോഗ്യ മന്ത്രാലയം. തീർത്തും അപലപനീയവും അസ്വീകാര്യവുമായ പെരുമാറ്റമാണ് ഇതെന്ന് ആരോഗ്യ മന്ത്രാലയ അധികൃതർ പ്രതികരിച്ചു.
കഴിഞ്ഞ ബുധനാഴ്ച ഫയൽചെയ്ത പോലീസ് കേസ് അനുസരിച്ച്, ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന കൊറോണ രോഗിയുടെ ബന്ധു ഡോക്ടർ ആക്രമിക്കുകയും കൈ ഓടിക്കുകയും ആയിരുന്നു. ഐസലേഷൻ വാർഡിൽ കഴിയുന്ന രോഗിയെ കാണാൻ അനുമതി നൽകാത്തതിനെ തുടർന്നാണ് ബന്ധു ഡോക്ടറെ ആക്രമിച്ചത്. ഇത്തരം സംഭവങ്ങളിൽ കുറ്റവാളികൾക്ക് തക്കതായ ശിക്ഷ വാങ്ങി നൽകുമെന്നും, ആശുപത്രികളുടെയും ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെയും സുരക്ഷയും അവകാശങ്ങളും ഉറപ്പുവരുത്തുന്നതിന് ആവശ്യമായ എല്ലാ നിയമ നടപടികളും സ്വീകരിക്കുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.