മനാമ: ജോലിയില്‍ പ്രവേശിക്കുന്നതിനു മുമ്പായി എടുക്കേണ്ട മെഡിക്കല്‍ പരിശോധനയില്‍ ആള്‍മാറാട്ടം നടത്തിയതുമായി ബന്ധപ്പെട്ട് ബഹ്‌റൈനില്‍ രണ്ടു പേര്‍ക്ക് കോടതി ശിക്ഷ വിധിച്ചു. മെഡിക്കല്‍ ടെസ്റ്റില്‍ അപേക്ഷകന് പകരം സുഹൃത്തിനെ ഹാജരാക്കിയ സംഭവത്തിലാണ് രണ്ട് ബംഗ്ലാദേശി പ്രവാസികള്‍ക്ക് ബഹ്റൈന്‍ ഹൈ ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചത്. ഇരുവര്‍ക്കും 12 മാസം വീതം ജയില്‍ ശിക്ഷ വിധിച്ചതോടൊപ്പം ശിക്ഷാ വിധി പൂര്‍ത്തിയാക്കിയ ശേഷം ഇരുവരെയും നാടുകടത്താനും കോടതി വിധി പുറപ്പെടുവിച്ചു
ജുഫൈറിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ മെഡിക്കല്‍ ടെസ്റ്റിന്റെ ഭാഗമായി പ്രവാസി നടത്തിയ രക്തപരിശോധനയില്‍ അയാള്‍ക്ക് കരള്‍ സംബന്ധമായ ചില അസുഖങ്ങളുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ഫലം വന്ന ശേഷം രണ്ടാമതൊരു പരിശോധന കൂടി നടത്തണമെന്ന് ആശുപത്രി അധികൃതര്‍ ഇയാളോട് ആവശ്യപ്പെടുകയും അതിനായി തൊട്ടടുത്ത ദിവസം ഹാജരാവാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. എന്നാല്‍, രണ്ടാം ടെസ്റ്റിലും അസുഖം കണ്ടെത്തിയാല്‍ ജോലി നഷ്ടപ്പെടുമെന്ന ഭീതി കാരണം ഇത്തവണ അപേക്ഷകന്‍ ഹാജരാകാതെ പകരം സുഹൃത്തിനെ ടെസ്റ്റിന് പറഞ്ഞയക്കുകയായിരുന്നു. ആള്‍മാറാട്ടം നടത്തി ഇയാള്‍ പരിശോധനയ്ക്കായി രക്തം നല്‍കുകയും ചെയ്തു.