ഖത്തറിനെതിരായ ഉപരോധം പൂര്‍ണ്ണമായി അവസാനിച്ചു; അനുരഞ്ജന കരാറില്‍ ജി.സി.സി രാജ്യങ്ങൾ ഒപ്പുവച്ചു

0
28

റിയാദ് : സൗദിയും സഖ്യ രാജ്യങ്ങളും ഖത്തറിനെതിരെ ഏർപ്പെടുത്തിയ ഉപരോധം മൂന്ന് വർഷങ്ങൾക്കുശേഷം പൂർണമായി അവസാനിപ്പിച്ചു. ഇതിനു വേണ്ടി തയ്യാറാക്കിയ ” ഐക്യദാർഢ്യവും സ്ഥിരതയും” എന്ന അനുരഞ്ജന കരാറില്‍ ജി.സി.സിയിലെ ആറ് രാജ്യങ്ങളും ഒപ്പു വച്ചു. ഇതോടെ ജിസിസി രാജ്യങ്ങൾക്കിടയിലെ പ്രതിസന്ധി പൂർണ്ണമായി ഇല്ലാതായി. ഉച്ചകോടി നടന്ന സൗദി നഗരത്തിന്റെ പേരിലുള്ള അൽ-ഉല കരാർ (അനുരഞ്ജന കരാർ) കൂടാതെ മറ്റൊരു കരാറിൽ കൂടെ ഒപ്പുവച്ചതായാണ് വിവരം, എന്നാൽ ഇതിൻറെ ഉള്ളടക്കം സംബന്ധിച്ച വിവരങ്ങൾ ലഭ്യമായിട്ടില്ല എന്ന് അൽജസീറ റിപ്പോർട്ട് ചെയ്തു.

ജി.സി.സിയുടെ 41-ാമത് ഉച്ചകോടിയിലാണ് അനുരഞ്ജന കരാര്‍ ഒപ്പു വച്ചത്. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി, കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബെര്‍ അല്‍ സാബാഹ്, സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍അസീസ് അല്‍ സൗദ്, ബഹ്‌റൈന്‍ കിരീടാവകാശി സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ, യു.എ.ഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്, ഒമാന്‍ ഉപപ്രധാനമന്ത്രി ഫഹദ് ബിന്‍ മഹ്മൂദ് അല്‍ സെയ്ദ് എന്നിവരാണ് അല്‍-ഉല കരാറില്‍ ഒപ്പു വച്ചത്. ഒരു ഏകീകൃത ഗൾഫ് മേഖലയുടെ ആവശ്യകത വളരെ ഏറെയാണെന്ന് കരാർ ഒപ്പിട്ട ശേഷം
സൗദി അറേബ്യയിലെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു.

ഇന്ന് നടക്കുന്ന സമ്മേളനത്തിൽ ഖത്തറിനെതിരായ ഉപരോധം പിൻവലിക്കുന്ന തീരുമാനമുണ്ടാകുമെന്ന് സൽമാൻ രാജകുമാരൻ നേരത്തെ സൂചന നൽകിയിരുന്നു. ഇതിൻറെ ആദ്യപടി എന്നോണം ഖത്തറിനും സൗദിക്കും ഇടയിലുള്ള കര അതിർത്തിയും വ്യോമ അതിർത്തിയും തുറന്നിരുന്നു.

2017 ജൂൺ 5നായിരുന്നു സൗദി അറേബ്യ, യുഎഇ, ബഹ്‌റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾ ഖത്തർ തീവ്രവാദത്തെ പിന്തുണയ്ക്കുന്നുവെന്നും ഇറാനുമായി വളരെയധികം അടുപ്പമുണ്ടെന്നും ആരോപിച്ച് കര, കടൽ, വ്യോമ ഉപരോധം ഏർപ്പെടുത്തിയത്.
ആരോപണങ്ങൾ ഖത്തർ പലതവണ നിഷേധിക്കുകയും ബന്ധങ്ങൾ വിച്ഛേദിക്കുന്നതിന് ന്യായമായ ന്യായീകരണമൊന്നുമില്ലന്ന് ആവർത്തിക്കുകയും ചെയ്തു.

ആദ്യ ഘട്ടം മുതൽ കുവൈത്ത് ഖത്തറും മറ്റ്നാല് അറബ് രാജ്യങ്ങളും തമ്മിൽ മധ്യസ്ഥതയ്ക്ക് ശ്രമിക്കുന്നുണ്ടാകിരുന്നു. മൂന്നു വർഷങ്ങൾക്കിപ്പുറം ആശ്രമങ്ങളാണ് ഇപ്പോൾ ഫലം കണ്ടിരിക്കുന്നത് എന്നു തന്നെ പറയാം.