ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ സംസ്ഥാനത്ത് ഇളവുകൾ അനുവദിച്ചുവെങ്കിലും പൊതുപരിപാടികൾ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നേരത്തെയുള്ള നിയന്ത്രണങ്ങൾക്ക് സമാനമായി വിവാഹത്തിനും മരണാനന്തര ചടങ്ങുകൾക്കും 20 പേരെ മാത്രമേ അനുവദിക്കൂ എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ മാളു കൾക്ക് പ്രവർത്തനാനുമതി ലഭിക്കാൻ ഇനിയും കാത്തിരിക്കേണ്ടിവരും. അതേസമയം ഭക്ഷണശാലകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി ഇല്ലെങ്കിലും ഹോം ഡെലിവറിയും പാഴ്‌സലും തുടരാം. അതോടൊപ്പം എല്ലാ പൊതുപരീക്ഷകളും അനുവദിക്കും.
ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് എട്ടു ശതമാനത്തിൽ താഴെയുള്ള തദ്ദേശ സ്ഥാപനങ്ങളിൽ എല്ലാ കടകളും തുറക്കാം. എട്ടു മുതൽ 20 ശതമാനം വരെയുള്ള തദ്ദേശ സ്ഥാപനങ്ങളിൽ അവശ്യവസ്തുക്കളുടെ കടകൾ രാവിലെ ഏഴു മുതൽ വൈകുന്നേരം ഏഴു വരെ പ്രവർത്തനം അനുവദിക്കും. മറ്റു കടകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ പ്രവർത്തിക്കാം. അമ്പത് ശതമാനം ജീവനക്കാരെ മാത്രമേ കടകളിൽ അനുവദിക്കൂ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിന് മുകളിലുള്ള സ്ഥലത്ത് അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ രാവിലെ ഏഴു മുതൽ വൈകുന്നേരം ഏഴു വരെ പ്രവർത്തിക്കാം. മറ്റു കടകൾ വെള്ളിയാഴ്ച മാത്രം. മുപ്പത് ശതമാനത്തിന് മുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റിയുള്ള സ്ഥലങ്ങളിൽ ട്രിപ്പിൾ ലോക്ഡൗൺ ആയിരിക്കും- മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.കുടുംബത്തിൽ ആദ്യം പോസിറ്റീവാകുന്ന വ്യക്തി സൗകര്യങ്ങൾ ഉണ്ടെങ്കിൽ മാത്രമേ വീട്ടിൽ ക്വാറന്റൈൻ ഇരിക്കാവൂ എന്നും നിർദ്ദേശിച്ചു