ബഷീർ കഥകളിലെ നിഴൽ പോലെ ഞാനും : ആഷിഖ ഖാനം

0
23
ബഷീറ് കൊറേ മുന്നേയങ്ങോട്ട് പോയല്ലോ,
എന്നിട്ടും വായിച്ചുതുടങ്ങിയ കാലത്തൊക്കെ കാണാന് പൂതിയായിരുന്നു!
ബാല്യകാലസഖിയും ന്റുപ്പുപ്പാക്കൊരാനണ്ടാര്ന്നുവുമൊക്കെ കടന്നു വല്യൊരു തലയണ വലിപ്പത്തിലുള്ള ബഷീര് സമ്പൂര്ണ്ണ കൃതികള് മടിയില് വെച്ചുറങ്ങാതെ വായിച്ച് നേരം വെളുപ്പിച്ചിരുന്ന കാലമുണ്ടായിരുന്നു!
അന്നൊക്കെ ബാല്യകാലസഖിയിലെ ഓരോ വരികളും മനപ്പാഠമായിരുന്നു,
കൊതിപിടിച്ച വായനയല്ലേ.
എത്ര തവണ വായിച്ചിട്ടുണ്ടെന്ന് ഒരു കണക്കുമില്ല!!
പിന്നെയതൊക്കെ മാറി,
എപ്പോഴേലുമൊക്കെ മറിച്ച് നോക്കിയാലായി!
എല്ലാം മറന്നു! ആ കഥകള് പോലും!!
എന്നാല് ജീവിതത്തില് പിന്നേം ബഷീറ് കടന്നുവന്നു,
പതിനെട്ടുവയസിലനുഭവിച്ച നെഞ്ചിനകത്തെ കുത്തുന്ന വേദനയില് പിന്നേം ബഷീറിനെ കണ്ടു.
ബഷീറിനെന്തോണ്ടങ്ങനെയൊക്കെ എഴുതാന് കഴിഞ്ഞെന്ന് അന്ന് മാത്രം മനസിലായി!
അയാളുള്ളിലത്രേം ഭംഗിയുള്ള വികാരങ്ങളനുഭവിച്ച മനുഷ്യനായിരുന്നിരിക്കണം!
പ്രേമത്തിന്റെ തുടക്കമുള്ളിലങ്ങനെ കനപ്പെട്ട് തുടങ്ങിയ കാലത്തൊക്കെ ബഷീറിനെ തന്നെയാണ് കൂടെകൂട്ടിയതത്രയും! അയാളെക്കാളും മാധവിക്കുട്ടിയേക്കാളുമൊക്കെ നന്നായി സുഖം പകരുന്ന ആ നോവിനെയൊന്നും മറ്റാരും പറഞ്ഞു കണ്ടില്ല!!
ഞങ്ങളെ പ്രണയം പ്രണയമാണെന്ന് ഉറപ്പിക്കാന് തന്നെ കാലം കൊറേയെടുത്തിരുന്നു,
അന്ന് ഞങ്ങളേറ്റവുമടുത്ത സുഹൃത്തുക്കളായിരുന്നു,
കാരണങ്ങളില്ലാതെ കഥ പറയുന്ന മനുഷ്യരായിരുന്നു! പക്ഷെ, എവിടെയൊക്കെയോ ഇടക്ക് വന്നുകൊണ്ടിരുന്ന നിശബ്ദതയിലാണ് ഞങ്ങള്ക്കിടയിലേത് പ്രണയമാണെന്ന തിരിച്ചറിവുണ്ടാകുന്നത്!
ആ നിശബ്ദത വായിച്ചതും അനുഭവിച്ചതുമൊക്കെ ബഷീറെഴുത്തുകളിലൂടെയാണ്!
എന്നിട്ടും പ്രണയത്തെ പൂട്ടിവെച്ച് ഞങ്ങള് സുഹൃത്തുക്കളായി നടന്ന കാലത്തും ഉള്ളിലിരുന്ന് ബഷീറങ്ങനെ പിടിമുറുക്കിയിരുന്നു!
കഴിഞ്ഞ കൊല്ലത്തെ മഴേലൊക്കെ ബഷീറിനെയോര്ത്തു, ആ വരികളോര്ത്തു!
വായിക്കാനാവാത്ത കാലമായിരുന്നുവത്.
ഒരു വരിപോലും വായിക്കാനാവാത്ത കാലം.
വെറുതെയൊരു പുസ്തകം മുന്നില് തുറന്നുവെച്ചിരുന്നു കുറെയധികനേരം!
വികാരങ്ങളില്ലാതായി പോയൊരു വരണ്ട കാലമായിരുന്നുവത്,
ചിരിയും കരച്ചിലുമൊന്നുമില്ലാതായ കാലം, ഇടക്ക് മാത്രം കുത്തിനോവിക്കാന് കുറെ ഓര്മ്മകള് വിരുന്നുവരും, അല്ലാത്ത നേരത്തൊക്കെയുമൊരു ശൂന്യതയങ്ങനെ തളം കെട്ടിനിന്നു!
അന്നും പണ്ടത്തെ പോലെ,
ബഷീറിനോട് മിണ്ടാന് തോന്നി!
അയാളുടെ വരികളുടെ മാന്ത്രികയിലെല്ലാ കാലത്തും ലയിച്ചുപോയിട്ടുണ്ടല്ലോ!
അയാളും മാധവിക്കുട്ടിയുമെന്നും ഏറ്റവും പ്രിയപ്പെട്ട മനുഷ്യരാണ്!!!
ബഷീറിനെ കാണാന് പറ്റിയില്ലല്ലോ,
എന്തായാലും ഫാബിയെ കാണാന് പോവണമെന്നൊക്കെ കരുതി നിന്ന കാലത്താണ് ഫാബിയും പോയത്!
ഫാബി മരിക്കുന്നതിന്റെ തലേരാത്രി പോലും ഫാബിയെ കുറിച്ച് കഥ പറഞ്ഞിട്ടുണ്ട്!
പിന്നെ വൈലാലിലേക്ക് പോവുമ്പോഴൊരു കുറ്റബോധമായിരുന്നു, ഒന്നും നാളെയെന്ന് പറഞ്ഞ് നീട്ടിവെക്കരുതായിരുന്നുവെന്ന തോന്നലായിരുന്നു!
എന്നാലും, വൈലാലില് ചെന്ന നേരത്തൊക്കെയും
ബഷീറിന്റെ ചെറുമക്കളവിടെ ഭംഗിയായി തന്നെയാണ് സ്വീകരിച്ചത്!
മകന് അനീസ് ബഷീറിന്റെ മക്കള്,
വീണ്ടും വരാമെന്ന് പറഞ്ഞ് പോന്നിട്ട് നാളേക്ക് മൂന്ന് കൊല്ലായി!
വീണ്ടും പോവണം,
കൂടെ മഴയുള്ള യാത്രയാവണം!!!