ബേക്കൽ ഹോമിയോ ആശുപത്രി : ഐ എൻ എൽ നേതാക്കൾ പഞ്ചായത്ത് പ്രസിഡന്റുമായി ചർച്ച നടത്തി.

0
11

 

പള്ളിക്കര: ബേക്കൽ ഹോമിയോ ആശുപത്രിയുടെ ഉദ്ഘാടനം വൈകുന്നതുമായി ബന്ധപ്പെട്ട് ഐ എൻ എൽ നേതാക്കൾ പള്ളിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. കുമാരനുമായി ചർച്ച നടത്തി.

ഓഗസ്റ്റ് 16 ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വിളിച്ച് ചേർത്ത പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗത്തിൽ വെച്ച്
സംസ്ഥാനത്ത് ഹോമിയോപതി ചികിത്സ വിഭാഗം തുടങ്ങിയതിന്റെ സുവർണ്ണജൂബിലി ആഘോഷ പരിപാടി നടത്താൻ തീരുമാനിച്ചതാണെന്നും, ആരോഗ്യ മന്ത്രി പങ്കെടുക്കുന്ന പ്രസ്തുത ജില്ലാതല പരിപാടി പള്ളിക്കരയിൽ നടത്താനും, അതുമായി ബന്ധപ്പെട്ട് തന്നെ ആശുപത്രി ഉദ്ഘാടനം നടക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് നേതാക്കളെ അറിയിച്ചു.

ഐ എൻ എൽ സംസ്ഥാന സെക്രട്ടറി സത്താർ കുന്നിൽ, സെക്രട്ടറിയറ്റ് അംഗം എം എ കുഞ്ഞബ്ദുള്ള, പ്രവർത്തക സമിതി അംഗം സാലിം ബേക്കൽ എന്നിവർ പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ സന്ദർശിച്ച് കാര്യങ്ങൾ ബോധ്യപ്പെടുത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം നേതാക്കളെ അറിയിച്ചത്.

ഇതുമായി ബന്ധപ്പെട്ട വിവാദങ്ങൾ അനാവശ്യമാണെന്നും, രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം പറഞ്ഞു.

ആശുപത്രി ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പ്രശ്നം വിവാദമായ സാഹചര്യത്തിലാണ് ഐ എൻ എൽ നേതാക്കൾ പഞ്ചായത്ത്‌ പ്രസിഡന്റിനെ സന്ദർശിച്ചത്.