പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയം: ഒ.രാജഗോപാലിനെതിരെ ബിജെപിക്കുള്ളിൽ പ്രതിഷേധം

തിരുവനന്തപുരം: ഒ.രാജഗോപാൽ എംഎൽഎക്കെതിരെ ബിജെപിക്കുള്ളിൽ പ്രതിഷേധം. പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരള നിയമസഭയിൽ പ്രമേയം പാസാക്കിയപ്പോൾ എതിർത്ത് രേഖപ്പെടുത്താത്തതിന്റെ പേരിലാണ് മുതിർന്ന അംഗത്തിനെതിരെ പാർട്ടിക്കുള്ളിൽ നിന്ന് തന്നെ വിമർശനം ഉയരുന്നത്. പ്രമേയത്തിനെതിരെ പ്രതിഷേധിച്ച് വാക്കൗട്ട് നടത്തണമായിരുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് വിമർശനം.

എന്നാൽ പ്രമേയത്തിനെതിരായ തന്റെ നിലപാട് സഭയിൽ വ്യക്തമാക്കാൻ അവസരം ലഭിച്ചതിനാൽ ഇറങ്ങിപ്പോക്ക് ആവശ്യമുണ്ടായില്ലെന്നായിരുന്നു രാജഗോപാലിന്റെ വാദം. തന്റെ ഭാഗം വ്യക്തമാക്കാൻ ആവശ്യത്തിലധികം സമയം തനിക്ക് ലഭിച്ചിരുന്നു. നിലപാട് വിശദീകരിക്കാൻ സാധിച്ചതിൽ താൻ തൃപ്തനാണ്. എല്ലാ വിഷയത്തിലും വാക്കൗട്ട് നടത്തേണ്ട ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

രണ്ടു ദിവസം മുമ്പാണ് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേർത്ത് പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയം കേരള നിയമസഭ പാസാക്കിയത്. പ്രമേയത്തെിനെതിരെ ഒ.രാജഗോപാൽ രംഗത്തെത്തിയെങ്കിലും അനുകൂലിക്കുകയോ എതിർക്കുകയോ ചെയ്യാത്തതിനെ തുടർന്ന് സഭ ഐകകണ്ഠേന പ്രമേയം പാസാക്കുകയായിരുന്നു. ഇതിന് പിന്നാലെ തന്നെ രാജഗോപാലിനെതിരെ ബിജെപിയില്‍ പ്രതിഷേധം പുകഞ്ഞു തുടങ്ങിയിരുന്നു.