മുംബൈ: പൗരത്വ നിയമഭേദഗതിക്കെതിരെ സംസാരിച്ചയാളെ പൊലീസിലേൽപ്പിച്ച ഊബർ ഡ്രൈവറെ ആദരിച്ച് ബിജെപി. മുംബൈയിലെ ഊബർ ഡ്രൈവർ രോഹിത് ഗൗറിനെയാണ് ബിജെപി പ്രവർത്തകർ അലർട്ട് സിറ്റിസണ്‍ എന്ന പുരസ്കാരം നൽകി ആദരിച്ചത്.
ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. പൗരത്വ നിയമത്തിനെതിരെ നടക്കുന്ന പല പ്രക്ഷോഭങ്ങളിലും പങ്കാളിയായ ജയ്പുര് കവിയായ ബപ്പാദിത്യയെക്കുറിച്ചാണ് ഗൗർ പൊലീസിൽ പരാതി നൽകിയത്. ജുഹുവിൽ നിന്ന് കുർളയിലേക്ക് ഊബറില്‍ യാത്ര ചെയ്യുകയായിരുന്നു ബപ്പാദിത്യ . യാത്രക്കിടെ പൗരത്വ വിഷയത്തിൽ രാജ്യത്ത് നടക്കുന്ന പ്രക്ഷോഭങ്ങളെക്കുറിച്ച് ഇദ്ദേഹം ആരോടോ ഫോണിൽ സംസാരിച്ചിരുന്നു.
ഇത് കേട്ട രാഹുൽ, ടാക്സി സാന്താക്രൂസ് പൊലീസ് സ്റ്റേഷന് സമീപം നിർത്തി എടിഎമ്മിൽ നിന്ന് പണമെടുത്ത് വരാമെന്നറിയിച്ച ശേഷം പൊലീസുകാരെ കൂട്ടിയെത്തുകയായിരുന്നു. ബപ്പാദിത്യ കമ്മ്യൂണിസ്റ്റാണെന്നും രാജ്യത്തെ നശിപ്പിക്കുന്ന കാര്യമാണ് ഫോണിൽ സംസാരിച്ചതെന്നുമാണ് ഇയാൾ പൊലീസിനെ അറിയിച്ചത്. രാജ്യത്തെ മറ്റൊരു ഷഹീൻബാഗാക്കി മാറ്റാനാണ് ഇയാൾ ശ്രമിക്കുന്നതെന്നും പറഞ്ഞിരുന്നു. ഇതോടെ രണ്ടരമണിക്കൂറോളം പൊലീസ് ബപ്പരാദിത്യയെ ചോദ്യം ചെയ്തു.
ആക്ടിവിസ്റ്റ് കവിത കൃഷ്ണൻ സംഭവം ട്വിറ്ററിൽ പങ്കുവച്ചതോടെയാണ് പുറത്തറിയുന്നത്. പിന്നാലെ ഇതിനെതിരെ ശക്തമായ വിമര്‍ശനങ്ങളാണുയർന്നത്. സംഭവം വിവാദമായതോടെ രാഹുലിനെ ഊബർ സസ്പെൻഡ് ചെയ്തു.