സുപ്രധാന നിയമ നിർമ്മാണം ; ലോക്സഭയിൽ ഹാജരാകാൻ അംഗങ്ങൾക്ക് ബിജെപി വിപ്പ്

0
22

ഡൽഹി: ഇന്ന് പാർലമെന്റിൽ ഹാജരായിരിക്കണം എന്നു കാണിച്ച് ലോക്സഭാംഗങ്ങൾക്ക് ബിജെപി വിപ്പ് നൽകി. വളരെ പ്രധാനപ്പെട്ട നിയമനിർമാണം നടക്കാനുണ്ടെന്ന് സൂചന.’രാവിലെ പത്തു മണി മുതൽ സഭയിൽ ക്രിയാത്മകമായി ഹാജരായിക്കാൻ എല്ലാ ബിജെപി അംഗങ്ങളോടും അഭ്യർത്ഥിക്കുന്നു. സർക്കാർ നിലപാടിനെ പിന്തുണയ്ക്കണമെന്നും ആവശ്യപ്പെടുന്നു’ – പാർട്ടി ചീഫ് വിപ്പ് രാകേഷ് സിങ് പുറപ്പെടുവിച്ച വിപ്പിൽ പറയുന്നത്.

ബജറ്റ് ചർച്ചകൾക്ക് ഇന്ന് ധനമന്ത്രി നിർമല സീതാരാമൻ മറുപടി നൽകും. കാർഷിക നിയമങ്ങളിലും സാമ്പത്തിക നയങ്ങളിലും കേന്ദ്രസർക്കാറിനെതിരെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയ സാഹചര്യങ്ങളിലാണ് ബിജെപി അംഗങ്ങൾക്ക് വിപ്പ് എന്നതാണ് ശ്രദ്ധേയം. ബജറ്റ് ചർച്ചയ്ക്കിടെ, സർക്കാർ സമ്പന്നർക്ക് മാത്രമുള്ള ബജറ്റാണ് അവതരിപ്പിച്ചത് എന്ന് മുൻധനമന്ത്രി പി ചിദംബരം കുറ്റപ്പെടുത്തിയിരുന്നു.

സഭാ നടപടി ക്രമങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ബിജെപി അവകാശ ലംഘനത്തിന് നോട്ടീസ് നൽകും. കർഷകർക്കു വേണ്ടി സഭയിൽ മൗനമാചരിക്കാൻ ആവശ്യപ്പെട്ട സംഭവത്തിലാണ് അവകാശ ലംഘനത്തിന് നോട്ടീസ് നൽകുന്നത്.