കൊൽക്കത്ത: കൊവിഡ് വാക്സിൻ വന്നു കഴിഞ്ഞാൽ ഉടൻ പൗരത്വ നിയമം നടപ്പിലാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. പൗരത്വ നിയമം നടപ്പിലാക്കുന്ന ഘട്ടത്തിലാണ് കൊവിഡ് മഹാമാരി വന്നത്. ഇക്കാരണത്താൽ ചട്ടങ്ങൾ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ലെന്നും അതിനാലാണ് നിയമം നടപ്പിലാക്കുന്നത് വൈകിയതെന്നും അമിത് ഷാ ബംഗാളിലെ റാലിയിൽ പറഞ്ഞു.
പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തിലാണ് ബി.ജെ.പി ബംഗാളിലെ പ്രവർത്തനങ്ങൾ ഊർജിതമാക്കിയത്. രണ്ട് ദിവസത്തെ സന്ദർശനത്തിനായി ശനിയാഴ്ചയാണ് അമിത് ഷാ ബംഗാളിലെത്തിയത്. ബംഗ്ലാദേശിൽ നിന്നുള്ള ആളുകളുടെ കടന്നുകയറ്റത്തിൽ നിന്നും അക്രമ രാഷ്ട്രീയത്തിൽ നിന്നും അഴിമതിയിൽ നിന്നും പശ്ചിമ ബംഗാളിലെ ജനങ്ങൾ മോചനം ആഗ്രഹിക്കുന്നുണ്ടെന്നും അമിത് ഷാ പ്രസംഗത്തിൽ പറഞ്ഞു.
അടുത്ത വര്‍ഷം ജനുവരി മുതല്‍ സിഎഎ നടപ്പാക്കുമെന്ന് പശ്ചിമംബംഗാളിന്റെ ചുമതലയുള്ള ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗിയ രണ്ടാഴ്ച മുൻപ് പ്രസ്താവന നടത്തിയിരുന്നു.