കണ്ണൂർ: യൂട്യൂബ് വ്ലോഗർമാരായ ഇ -ബുൾ ജെറ്റ് സഹോദരങ്ങളുടെ അറസ്റ്റിനെത്തുടർന്ന് സംസ്ഥാനത്ത് കലാപാഹ്വാനം അടക്കമുള്ള നിയമലംഘനങ്ങൾ നടത്തിയ ആരാധകരായ 17 പേരെ കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം പുറത്തറിഞ്ഞത് മുതൽ രാവിലെ മുതൽ മോട്ടർ വാഹന വകുപ്പിന്റെ ഓഫീസ് പരിസരത്ത് കുട്ടികൾ ഉൾപ്പെടെ ഒട്ടേറെപ്പേർ തടിച്ചുകൂടിയത്. ചിലർ മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ അധിക്ഷേപിക്കുകയും ചിലർ വിഡിയോകൾ ചിത്രീകരിക്കുകയും ചെയ്തു. ഇക്കാര്യങ്ങളെല്ലാം നിരീക്ഷിക്കുന്നുണ്ടായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
വാഹനം കസ്റ്റഡിയിലെടുത്ത വിവരം അറിയിച്ചുകൊണ്ട് വ്ലോഗർമാർതന്നെ പോസ്റ്റ് ചെയ്ത വിഡിയോയിൽനിന്നാണ് ഇവർ കണ്ണൂരിലെ ഓഫീസിൽ എത്തുന്ന വിവരവും സമയവും ആരാധകർ അറിഞ്ഞത്. സിവിൽ സ്റ്റേഷൻ പരിസരത്തെ കെട്ടിട സമുച്ചയത്തിന് ഇടയിലുള്ള ഭാഗത്തായിരുന്നു വാഹനം നിർത്തിയിരുന്നത്. ഇവിടെയെത്തി വാഹനത്തിനൊപ്പം ആരാധകർ സെൽഫിയെടുക്കുന്നുണ്ടായിരുന്നു.മോട്ടർ വാഹന വകുപ്പിന്റെ ഓഫീസിനുള്ളിൽ വ്ലോഗർമാർ ഉദ്യോഗസ്ഥരുമായി തർക്കിക്കാനും ലൈവ് വിഡിയോ ചിത്രീകരിക്കാനും തുടങ്ങിയതോടെയാണ് കാര്യങ്ങൾ പൊടുന്നനെ മാറിയത്.