സ്വർണക്കടത്ത് കേസിൽ വ്യാജ മൊഴിനൽകാൻ സമ്മർദ്ദം; ഇഡിക്കെതിരെ കേസെടുക്കാൻ നിയമോപദേശം

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ വ്യാജ മൊഴി നൽകാൻ പ്രതികൾക്ക് മേൽ സമ്മർദ്ദം ചെലുത്തി എന്ന വെളിപ്പെടുത്തലിൽ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരേ കേസെടുക്കാന്‍ സര്‍ക്കാരിന് നിയമോപദേശം. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനൻ മഞ്ചേരി ശ്രീധരന്‍ നായരാണ് നിയമോപദേശം നല്‍കിയത്‌.

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നയെ കൊണ്ട്  മുഖ്യമന്ത്രിക്കെതിരെ വ്യാജ മൊഴിനൽകാൻ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ സമ്മർദ്ദം ചെലുത്തിയതായി സുരക്ഷാ പോലീസ് ഉദ്യോഗസ്ഥ മൊഴി നൽകിയിരുന്നു. തുടർന്ന് ഈ കേസിലെ മറ്റൊരു പ്രതിയായ സന്ദീപ് നായരും സമാന ആരോപണം ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി കൊടുക്കാൻ  ഇഡി ഉദ്യോഗസ്‌ഥർ  തന്നെ നിർബന്ധിച്ചുവെന്നാണ്  സന്ദീപ്‌ നായർ ഉന്നയിക്കുന്ന ആരോപണം .  ജയിലിൽ നിന്ന്‌ എറണാകുളം ജില്ലാ സെഷൻസ്‌ ജഡ്‌ജിക്ക്‌ അയച്ച കത്തിലാണ്‌ സന്ദീപ്‌ നായരുടെ വെളിപ്പെടുത്തൽ.

കഴിഞ്ഞ ഒന്‍പതാം തിയ്യതിയാണ് ക്രൈം ബ്രാഞ്ച് നടത്തിയ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ആഭ്യന്തര സെക്രട്ടറി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് ഇക്കാര്യത്തില്‍ നിയമോപദേശം തേടിയത്. ഇതിനെ തുടര്‍ന്നാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍  നിയമോപദേശം നല്‍കിയിരിക്കുന്നത്