കുവൈറ്റ്: കോവിഡ് 19 നിയന്ത്രണങ്ങളുടെ ഭാഗമായി പരീക്ഷകൾ മാറ്റി വച്ച സാഹചര്യത്തിൽ ആശങ്കയിൽ മലയാളികൾ അടക്കമുള്ള വിദ്യാർഥികൾ. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ കര്‍ശനമാക്കിയ സാഹചര്യത്തിലാണ് ഇന്ന് ആരംഭിക്കാനിരുന്ന സിബിഎസ്ഇ പത്ത്, പ്ലസ് ടു പരീക്ഷകൾ മാറ്റി വച്ചതായി കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചത്. പത്താം ക്ലാസില്‍ രണ്ട് പരീക്ഷകളും പന്ത്രണ്ടാം ക്ലാസില്‍ അഞ്ച് പരീക്ഷകളുമാണ് ഇനി ബാക്കിയുണ്ടായിരുന്നത്.
നിയന്ത്രണങ്ങൾ ശക്തമാക്കിയപ്പോഴും പരീക്ഷകൾ മുൻ നിശ്ചയിച്ച പ്രകാരം തന്നെ നടന്നിരുന്നു. എന്നാൽ കുവൈറ്റിൽ അടിയന്തിരാവസ്ഥ കണക്കിലെടുത്ത് രണ്ടാഴ്ച പൊതുഅവധി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പരീക്ഷകൾ മാറ്റിവച്ചതായി അധികൃതർ അറിയിച്ചത്. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുമെന്നും വിദ്യാർഥികളെയും രക്ഷിതാക്കളെയും അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ഇനിയൊരു തീരുമാനം കൈക്കൊള്ളേണ്ടത് സിബിഎസ്ഇയാണ്.
മാർച്ച് 29 വരെയാണ് കുവൈറ്റിൽ പൊതുഅവധി. സ്കൂളുകൾ എന്ന് തുറക്കുമെന്ന കാര്യത്തിലും ഇതുവരെ വ്യക്തതയില്ല.. ഈ അവസ്ഥയിൽ പരീക്ഷ നീണ്ടു പോകുമോയെന്ന ആശങ്കയിലാണ് വിദ്യാർഥികൾ. പല വിദ്യാർഥികളും പത്താം ക്ലാസ് കഴിഞ്ഞ് നാട്ടിലെത്തി പഠനം തുടരാൻ കാത്തിരിക്കുന്നവരാണ്. അതുകൊണ്ട് തന്നെ നാട്ടിൽ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കുന്നതിന് മുമ്പ് തന്നെ പരീക്ഷകൾ പൂർത്തിയായി ഫലപ്രസിദ്ധീകരണം നടക്കുമോ എന്ന ആശങ്കയിലാണ് പലരും.