രാജ്യത്ത് കോവിഡ് വ്യാപനം അതി തീവ്രമാകുന്നതിനിടയിൽ സർക്കാരിൻറെ പുതിയ വാക്സിൻ നയം ആശങ്കകൾക്ക് ഇടയാക്കുന്നു. മെയ് ഒന്നുമുതൽ18 വയസ്സ് തികഞ്ഞ എല്ലാവർക്കും കുത്തിവെയ്പ്പെടുക്കാനും പൊതുവിപണിയിൽ കോവിഡ് വാക്സിൻ എത്തിക്കാനും കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു. സ്വകാര്യ ആശുപത്രികൾക്ക് ഇതോടെ മരുന്ന് നിർമാതാക്കളിൽ നിന്ന് നേരിട്ട് വാക്സിൻ വാങ്ങേണ്ടിവരും. ഇത് വിലവർദ്ധനവിന് ഇടയാക്കിയേക്കും എന്നാണ് ആശങ്ക.
നിലവിൽ സർക്കാർ 250 രൂപ നിരക്കിലായിരുന്നു വാക്സിൻ നൽകാൻ നിർദ്ദേശിച്ചിരുന്നത്. പുതിയ നയത്തോടെ ഇനി എത്ര രൂപയ്ക്ക് ആകും കമ്പനികൾ ആശുപത്രികൾക്ക് വാക്സിൻ നൽകുക എന്നത് വ്യക്തമല്ല. കോവിഷീൽഡ് വാക്സിനു സ്വകാര്യ വിപണിയിൽ ഡോസിന് 1,000 രൂപയോളം വിലയാകുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനാവാല നേരത്തെ പറഞ്ഞിരുന്നു. അന്തിമ തീരുമാനം എടുത്തിട്ടില്ലെങ്കിലും റഷ്യയുടെ സ്പുട്‌നിക് വാക്സിൻ ഇറക്കുമതി ചെയ്യുന്ന ഡോ. റെഡ്ഡീസ് 750 രൂപയിൽ താഴെയായി ഡോസിന് വിലയീടാക്കുമെന്നാണു സൂചന. ഇതുവരെ വില ഉറപ്പിച്ചിട്ടില്ലെന്നാണു കമ്പനികൾ പറയുന്നത്. വാക്സിൻ ഗവേഷണത്തിനു ഗണ്യമായ മൂലധന നിക്ഷേപം നടത്തിയതിനാൽ, സ്വകാര്യ വിൽപ്പനയിലൂടെയും കയറ്റുമതിയിലൂടെയും മികച്ച വരുമാനവും ന്യായമായ ലാഭവും ഉണ്ടാക്കുന്നതിനു കമ്പനികൾക്കു സമ്മർദ്ദവുമുണ്ടെന്നു റിപ്പോർട്ടുണ്ട്