രാജ്യത്ത് ജാതി സെൻസസ് വേണമെന്ന ആവശ്യവുമായി കേന്ദ്രമന്ത്രി

0
18

മഹാരാഷ്ട്ര: രാജ്യത്ത് ജാതി സെൻസസ് വേണമെന്ന ആവശ്യവുമായി കേന്ദ്രമന്ത്രി.കേന്ദ്ര സാമൂഹിക നീതി സഹമന്ത്രി രാംദാസ് അതാവലെയാണ് ആവശ്യം ഉന്നയിച്ചത്. ജാതീയത വളർത്താൻ ഉദ്ദേശിച്ചുള്ളതല്ല തന്റെ ആവശ്യം എന്നും അദ്ദേഹം വ്യക്തമാക്കി. മഹാരാഷ്ട്രയിലെ വിക്രംഗഡിൽ ആദിവാസി വിഭാഗങ്ങളെ അഭിസംബോധന ചെയ്യവേ ആയിരുന്നു അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.

മറ്റുള്ള സംവരണങ്ങളെ ബാധിക്കാതെ മഹാരാഷ്ട്ര മറാത്താ വിഭാഗത്തിനും സംവരണം വേണമെന്നും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു. മറാത്താ സംവരണം നൽകുന്ന നിയമം മഹാരാഷ്ട്ര നിയമസഭാ 2018 ൽ പാസ്സാക്കിയെങ്കിലും ഇത് നടപ്പാക്കുന്നത് സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു.

വരുമാന മാർഗമില്ലാത്തവർക്ക് അവരുടെ ഉപജീവനമാർഗം സാധ്യമാക്കുന്നതിനായി അഞ്ച് ഏക്കർ ഭൂമി നൽകണമെന്ന്​ ആവശ്യപ്പെട്ട് വിവിധ സംസ്ഥാനങ്ങളുടെയും ജില്ലകളുടെയും ആസ്ഥാനത്ത് ഈ മാസം 25 ന് തന്‍റെ പാർട്ടി അഖിലേന്ത്യാ പ്രക്ഷോഭം നടത്തുമെന്നും റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ (എ) അധ്യക്ഷൻ കൂടിയായ അദ്ദേഹം വ്യക്തമാക്കി.