ലഹരി ഉപയോഗിക്കുന്നവരെ ഇരകളായി പരിഗണിക്കാൻ കേന്ദ്ര സര്‍ക്കാർ തീരുമാനം

ന്യൂഡല്‍ഹി: രാജ്യത്ത് ലഹരി ഉപയോഗിക്കുന്നവരെ ഇരകളായി പരിഗണിക്കാനും തടവുശിക്ഷയും പിഴയും ഒഴിവാക്കാനും കേന്ദ്ര സര്‍ക്കാർ തീരുമാനിച്ചു. അതേസമയം ലഹരിക്കടത്ത് ക്രിമിനല്‍ കുറ്റമായി തന്നെ തുടരും.

ചെറിയ തോതില്‍ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നത് കുറ്റകരമല്ലാത്ത വിധം നിലവിലെ നിയമത്തിൽ ഭേദഗതി വരുത്താനാണ് കേന്ദ്ര സർക്കാർ ആലോചിക്കുന്നത്. നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ട് (എന്‍ഡിപിഎസ്എ) നിയമമാണ് ഭേദഗതി ചെയ്യാൻ ആലോചിക്കുന്നത്.

ഈ വകുപ്പ് പ്രകാരം നിലവില്‍ ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നത് ആറ് മാസം വരെ തടവ് ശിക്ഷയും പിഴയും ലഭിക്കുന്ന കുറ്റമാണ്. ഇതിന് പകരം ഇത്തരം കേസുകളിൽ കൗണ്‍സിലിങ്ങോ, കടുപ്പം കുറഞ്ഞ ശിക്ഷയോ നല്‍കാനാണ് ആലോചിക്കുന്നത്. എന്നാല്‍ ലഹരിമരുന്ന് കടത്ത് തടയാന്‍ കര്‍ശന വ്യവസ്ഥകളുണ്ടാകും. നിയമ ഭേദഗതി ബില്‍ പാര്‍ലമെന്‍റിന്‍റെ ഈ മാസം ആരംഭിക്കുന്ന ശൈത്യകാലസമ്മേളനത്തില്‍ അവതരിപ്പിക്കും.