പ്രിയ ഗായിക ചിത്രയ്ക്ക് ഇന്ന് ഷഷ്ടിപൂർത്തി. മലയാളിയുടെ മാത്രമല്ല, ഇന്ത്യൻ ഗാനാസ്വാദകരുടെ മനസിലെ വസന്ത കോകിലത്തിന് നിത്യയൗവനമാണ്. മലയാളത്തിന്റെ വാനമ്പാടിടിആണ് ചിത്ര എങ്കിൽ ആന്ധ്രക്കാർക്ക് “സംഗീത സരസ്വതി’, തമിഴ് നാട്ടുകാർക്ക് “ചിന്നക്കുയിൽ’, കർണാടകക്കാർക്ക് “കന്നഡ കോകില’, മറാത്തികൾക്ക് “പിയ ബസന്തി’… അങ്ങനെ പാടിയ ഇടത്തെല്ലാം പ്രിയങ്കരിയായിത്തീർന്ന ഗായികയാണ് ചിത്ര.
മലയാളത്തിനു പുറമെ, തമിഴ്, തെലുങ്ക്, കന്നഡ , ഒറിയ, ഹിന്ദി, ബംഗാളി, ആസാമീസ്, തുളു തുടങ്ങിയ വിവിധ ഭാഷകളിലായി ആയിരക്കണക്കിന് പാട്ടുകളാണ് ആലപിച്ചത്. 25,000ലേറെ എന്ന കണക്ക് പലേടത്തും കണ്ടു. അത് ശരിയാണെന്ന് തോന്നുന്നില്ല. 20 വയസിനു ശേഷമാണ് ചിത്രയുടെ പിന്നണി ഗാന ജീവിതം സജീവമായത്.
40 വർഷത്തെ സംഗീത സപര്യയിൽ ചിത്രയെ തേടി എത്തിയ അംഗീകാരങ്ങൾ – ദേശീയ അവാർഡ് 6 തവണ, 2005ൽ പദ്മശ്രീ, 2021ൽ പദ്മവിഭൂഷൺ. യുകെയിലെ ബ്രിട്ടീഷ് പാർലമെന്റിലെ ഹൗസ് ഓഫ് കോമൺസ് അംഗീകരിച്ച ആദ്യത്തെ ഇന്ത്യൻ വനിതയാണ് ചിത്ര. 2005ലായിരുന്നു ഇത്. 2009ൽ കിംഗ്ഹായ് ഇന്റർനാഷണൽ മ്യൂസിക് ആൻഡ് വാട്ടർ ഫെസ്റ്റിവലിൽ ചൈന സർക്കാരിന്റെ ബഹുമതി നേടിയ ഇന്ത്യയിൽ നിന്നുള്ള ഏക ഗായികയുമാണ്. 2001ൽ റോട്ടറി ഇന്റർനാഷണലിന്റെ അവാർഡിന് അർഹയായി. 16 തവണ കേരള സംസ്ഥാന സർക്കാരിന്റെ അവാർഡ്, 9 തവണ ആന്ധ്ര സംസ്ഥാന സർക്കാരിന്റെ അവാർഡ്, 4 തവണ തമിഴ്നാട് സംസ്ഥാന സർക്കാരിന്റെ അവാർഡ്, 3 തവണ കർണാടക സംസ്ഥാന സർക്കാരിന്റെ അവാർഡ് എന്നിവ ഉൾപ്പെടെ കിട്ടിയ പുരസ്കാരങ്ങൾ ഒട്ടേറെ.
സംഗീതജ്ഞരും അധ്യാപകരുമായ കരമന കൃഷ്ണൻ നായരുടെയും ശാന്താകുമാരിയുടെയും രണ്ടാമത്തെ പുത്രിയായി 1963 ജൂലൈ 27ന് ചിത്ര തിരുവനന്തപുരത്ത് ജനിച്ചു. പ്രമുഖ ഗായിക കെ.എസ്. ബീന, ഗിറ്റാർ വിദഗ്ധൻ കെ.എസ്. മഹേഷ് എന്നിവരാണ് സഹോദരങ്ങൾ. എൻജിനിയറായ വിജയശങ്കറാണ് ചിത്രയുടെ ഭർത്താവ്.