ഉത്തരാഖണ്ഡില്‍ പ്രളയത്തിലും മേഘവിസ്ഫോടനത്തിലും മരിച്ചവരുടെ എണ്ണം പതിനേഴായി. ഉരള്‍പൊട്ടലിനെ തുടർന്ന് ദേശീയ പാതകളിലെ ഗതാഗതം സ്തംഭിച്ചതോടെ നൈനിറ്റാള്‍ ജില്ല ഒറ്റപ്പെട്ട നിലയിലാണ്. രാംഗഡ് ഗ്രാമത്തില്‍ ഇന്ന് രാവിലെയുണ്ടായ മേഘ വിസ്ഫോടനമാണ് പ്രദേശത്ത് നാശം വിതച്ചത്.
നദികളിലെ ജലനിരപ്പ് ഉയര്‍ന്നതോടെ നൈനിറ്റാള്‍, ഉദംസിങ് നഗര്‍ തുടങ്ങിയ നഗരങ്ങൾ വെള്ളത്തിലായി. മണ്ണിടിച്ചിലിലും പ്രളയത്തിലുംപ്പെട്ട് നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നിരവധി പാലങ്ങളും കെട്ടിടങ്ങളും ഒലിച്ചു പോയതായും റിപ്പോർട്ടുണ്ട്. കുടുങ്ങിക്കിടക്കുന്ന വിനോദ സാഞ്ചാരികളെ രക്ഷപ്പെടുത്താന്‍ വ്യോമസേനയെ നിയോഗിച്ചു. സംസ്ഥാന ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ പ്രദേശത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുകയാണ്.