റബര്‍ സ്റ്റാമ്പ് ആയി പ്രവർത്തിക്കില്ലെന്ന് ഗവര്‍ണർ; മറുപടിയുമായി മുഖ്യമന്ത്രി

0
17

മലപ്പുറം: സംസ്ഥാന സർക്കാരും ഗവർണറും തമ്മിൽ പോര് മുറുകുന്നു. പൗരത്വ നിയമ ഭേദഗതി വിഷയത്തെച്ചൊല്ലിയാണ് സർക്കാരും ഗവർണറായ ആരിഫ് മുഹമ്മദ് ഖാനും തമ്മിലുള്ള ഭിന്നത ആരംഭിച്ചത്. സര്‍ക്കാർ നിയമത്തെ ശക്തമായി എതിര്‍ത്ത് അതിനെതിരെ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചപ്പോൾ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്ന നിലപാടാണ് ഗവർണർ സ്വീകരിച്ചത്.

നിയമത്തിനെതിരെ സർക്കാർ നിയമസഭയിൽ പ്രമേയം പാസാക്കിയതിനെയും ഗവർണർ വിമർശിച്ചിരുന്നു. ജനങ്ങളുടെ നികുതിപ്പണം ധൂർത്തു ചെയ്തതിനെയാണ് താൻ ചോദ്യം ചെയ്തതെന്നാണ് അദ്ദേഹത്തിന്റെ വാദം. എന്നാൽ ഇന്ന് തദ്ദേശ സ്വയം ഭരണ വാര്‍ഡുകൾ വിഭജിക്കാനുള്ള സര്‍ക്കാർ നീക്കത്തെ ഗവർണർ എതിർത്തതോടെയാണ് പ്രശ്നങ്ങൾ കൂടുതൽ വഷളായത്. സർക്കാർ നടപടിയിൽ കൂടുതൽ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട ഗവർണർ ഇന്ന് സർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉന്നയിച്ചത്.

താൻ ആരുടെയും റബർ സ്റ്റാമ്പ് ആയി പ്രവർത്തിക്കില്ല. നിയമത്തിനു വിധേയനായാണ് താൻ പ്രവർത്തിക്കുന്നത്. എല്ലാവരും നിയമത്തിന് വിധേയമായി പ്രവർത്തിക്കണം. സർക്കാരുമായി ഒരു വാദപ്രതിവാദത്തിനും ഇല്ല എന്നും ഗവർണർ പറഞ്ഞിരുന്നു. എന്നാൽ ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. പണ്ട് നാട്ടു രാജാക്കാന്‍മാര്‍ക്ക് മുകളില്‍ റസിഡന്റുമാരെ നിയമിച്ചിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സര്‍ക്കാരിന് മുകളില്‍ അത്തരമൊരു റസിഡന്റ് ഇല്ലെന്ന് എല്ലാവരും ഓര്‍ത്താല്‍ നന്നാകുമെന്നായിരുന്നു ഗവർണർക്കെതിരെ മുഖ്യമന്ത്രിയുടെ പരോക്ഷ വിമർശനം. മലപ്പുറത്ത് സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടന്ന ഭരണഘടനാ സംരക്ഷണ റാലിയില്‍ സംസാരിക്കവെയാണ് പ്രതികരണം.

‘പൗരത്വഭേദഗതി നിയമത്തിനെതിരെ കേരളാ നിയമസഭ ഒറ്റക്കെട്ടായി പ്രമേയം പാസാക്കിയപ്പോള്‍ ചില ആളുകള്‍ ചോദിച്ചു. ആരാണ് ഇവര്‍ക്ക് അതിന്‌ അധികാരം നല്‍കിയതെന്ന്. അവരോടൊക്കെ വിനയത്തോടെ പറയാനുള്ളത് അതിനുള്ള അധികാരമൊക്കെ നിയമസഭയ്ക്കുണ്ടെന്നാണ്. നമ്മളെല്ലാം ആദരിക്കുന്ന ഭരണ ഘടനയെന്ന പുസ്തകം ഒന്ന് വായിച്ച് നോക്കിയാല്‍ മതി. അത്തരം സംശയങ്ങള്‍ക്കുള്ള ഉത്തരങ്ങളെല്ലാം അതില്‍ നിന്ന് ലഭിക്കും’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ