പ്രവാസികളുടെ പ്രശ്നങ്ങളിൽ അടിയന്തിര ഇടപെടൽ വേണം: വീണ്ടും കേന്ദ്രത്തിന് കത്തയച്ച് മുഖ്യമന്ത്രി

0
22

തിരുവനന്തപുരം: പ്രതിസന്ധിയിലായ പ്രവാസികളെ എത്രയും വേഗം തിരികെയെത്തിക്കാൻ അടിയന്തിര ഇടപെടൽ തേടി വീണ്ടും കേന്ദ്രത്തിന് മുഖ്യമന്ത്രിയുടെ കത്ത്. ഹ്രസ്വകാലപരിപാടികൾക്കോ, സന്ദർശകവിസയിലോ പോയവരുണ്ട്. അവരെയെങ്കിലും അടിയന്തരമായി പ്രത്യേക വിമാനങ്ങൾ അയച്ച് തിരികെ എത്തിക്കണമെന്നാണ് കത്തിലെ മുഖ്യ ആവശ്യം. തിരികെ വരുന്നവരുടെ പരിശോധനകളും ക്വാറന്റൈൻ ഉൾപ്പെടെയുള്ള കാര്യങ്ങളും കേന്ദ്ര നിർദേശ പ്രകാരം നടത്താൻ സംസ്ഥാന സർക്കാർ തയ്യാറാണെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.

കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങളിലടക്കം പ്രവാസികൾ കടുത്ത പ്രതിസന്ധിയിലാണ്. യാത്രാവിലക്ക് നിലനിൽക്കുന്നതിനാൽ നാടുകളിലേക്കും മടങ്ങി വരാൻ സാധിക്കുന്നില്ല.. പല രാജ്യങ്ങളും പ്രവാസികളെ മടക്കികൊണ്ടു പോകാൻ ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും യാത്രാവിലക്ക് ചൂണ്ടിക്കാട്ടി കേന്ദ്രം ഇതിന് തയ്യാറായിട്ടില്ല. ആ സാഹചര്യത്തിൽ പ്രവാസികളുടെ കാര്യത്തിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് ഇത് മൂന്നാം തവണയാണ് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രത്തിന് കത്തയക്കുന്നത്.

”കേരളത്തെ ഇന്ന് ഏറ്റവും കൂടുതൽ അലട്ടുന്നത് പ്രവാസികളുടെ പ്രശ്നമാണ്. അവരെ എത്രയും വേഗം കേരളത്തിലെത്തിക്കണം എന്ന് തന്നെയാണ് നമുക്കും അവർക്കും അവരുടെ കുടുംബങ്ങൾക്കും ആഗ്രഹം. ചെറിയ കാലയളവിലേക്ക് വേണ്ടിയോ, സന്ദർശകവിസയിലോ പോയവർ അവിടെ കുടുങ്ങിപ്പോയിട്ടുണ്ട്. വരുമാനമില്ലാത്തതിനാൽ അവർക്ക് ജീവിതം അസാധ്യമാകുകയാണ്. ഇവരെയും അടിയന്തര ആവശ്യങ്ങളുള്ളവരെയും മാത്രമെങ്കിലും അടിയന്തരമായി നാട്ടിലെത്തിക്കാൻ പ്രത്യേക വിമാനം അയക്കണം. അന്താരാഷ്ട്ര ആരോഗ്യനിബന്ധനകളെല്ലാം പാലിച്ചാകണം ഇവരെ തിരികെ എത്തിക്കേണ്ടത്”, മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.വലിയ പ്രയാസകരമായ സാഹചര്യമാണ് പ്രവാസികളുടേത്. ഈ ഘട്ടത്തിൽ അനിവാര്യമായ ഇടപെടലാണിത് – മുഖ്യമന്ത്രി പറഞ്ഞു.

”കൊവിഡ് 19 സാഹചര്യത്തിൽ ജോലി നഷ്ടപ്പെട്ട് തിരികെ വരുന്നവരെ സംരക്ഷിക്കാനും പുനരധിവസിപ്പിക്കാനുമുള്ള പദ്ധതികൾ കേന്ദ്രം തയ്യാറാക്കണം” എന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.