വിദേശത്ത് ജോലിയുള്ളവർക്ക് വാക്‌സിൻ നൽകാൻ സൗകര്യം ഒരുക്കും; മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവന്തപുരം: വിദേശത്ത് പോകുന്നവർ വാക്സിനേഷന് ബുദ്ധിമുട്ട് നേരിടുന്നത് പരിഹരിക്കുന്നതിനായി ഇടപെടൽ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.. നാട്ടിലുള്ള പ്രവാസികൾക്ക് വിദേശത്തേക്ക് മടങ്ങിപ്പോകുന്നതിന് മുമ്പായി പ്രതിരോധ വാക്സിൻ രണ്ട് ഡോസ് സ്വീകരിക്കേണ്ടതുണ്ട്. ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് രണ്ടാം ഡോസ് 84 ദിവസത്തിന് ശേഷമാണ് നൽകുക. വിദേശത്തേക്ക് പോകേണ്ടവർക്ക് ഈ കാലതാമസം ബുദ്ധിമുട്ട് സൃഷ്ടിച്ചേക്കാം. വിദേശത്ത് ജോലിയുള്ളയാള്‍ക്ക് ഈ 84 ദിവസത്തിനുള്ളിലാണ് തിരിച്ച് പോകേണ്ടതെങ്കിൽ, വാക്സിനേഷൻ പൂർത്തിയാക്കാത്തത് മൂലം പോകാനാവില്ല. ഇത് അയാൾക്ക് ജോലി നഷ്ടപ്പെടാൻ കാരണമായെന്നും വരാം. അത്തരം അനേകം കേസുകളുണ്ടെന്നാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിൽ പ്രവാസികള്ക്ക് സമയപരിധിയിൽ  ഇളവ് നൽകാമോ എന്ന് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊവാക്സിന്റെ അംഗീകാരം പെട്ടെന്ന് കിട്ടാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.