തിരുവനന്തപുരം: പ്രവാസികൾ നാടിന്റെ നട്ടെല്ലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അവർ മണലാരണ്യത്തിൽ വിയർപ്പൊഴുക്കി അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ടാണ് നാം കഞ്ഞികുടിച്ചു കഴിഞ്ഞിരുന്നത് എന്ന കാര്യം മറക്കരുതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോവിഡ് 19 രോഗബാധയുമായി ബന്ധപ്പെട്ട അവലോകനത്തിനു ശേഷമായിരുന്നു പ്രവാസികളെ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ പരാമര്‍ശം
കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് പ്രവാസികളോട് പ്രത്യേക വികാരം പ്രകടിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ജോലിചെയ്തിരുന്ന സ്ഥലങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടായപ്പോൾ അവർ നാട്ടിലേക്ക് വന്നു. എല്ലാവരും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിരുന്നു എന്നാൽ വ്യത്യസ്തമായി ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടായി. അതിന്റെ പേരില്‍ പ്രവാസികളെ ഒരുതരത്തിലും അപഹസിക്കാന്‍ പാടില്ല. നാടിന്റെ കരുത്തുറ്റ വിഭാഗത്തെ ആരും വെറുപ്പോടെ നോക്കിക്കാണാനും പാടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
നാട്ടിലേക്ക് വരാൻ കഴിയാത്തവർ നിങ്ങളുടെ കുടുംബത്തെ ഓര്‍ത്ത് ആശങ്കയിലാണെന്നറിയാം. അക്കാര്യത്തിൽ ആശങ്ക വേണ്ട. ഈ നാട് നിങ്ങൾക്കൊപ്പമുണ്ട്. നിങ്ങളുടെ കുടുംബങ്ങൾ സുരക്ഷിതമായിരിക്കും. അത് സര്‍ക്കാർ ഉറപ്പാക്കും. നിങ്ങൾ സുരക്ഷിതരായി വിദേശത്തു തന്നെ കഴിയൂ എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.