തിരുവനന്തപുരം : പി.എസ്സി നിയമനം സുതാര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിലുള്ള രീതി അനുസരിച്ച് സാധാരണ വരുന്ന ഒഴിവിന്റെ അഞ്ചിരട്ടി കണക്കാക്കിയാണ് റാങ്ക് ലിസ്റ്റ് തയാറാക്കുന്നത്
താൽകാലിക നിയമനം നടത്തുന്നത് വഴി പിഎസ്സി ലിസ്റ്റിലുള്ളവരുടെ അവസരം ഇല്ലാതാകുമെന്ന പ്രചാരണം ശരിയല്ലെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.പത്ത് വര്‍ഷത്തോളമായി താൽകാലിക തസ്തികയിൽ ജോലി ചെയ്യുന്നവര്‍ക്കാണ് നിയമന അംഗീകാരം നൽകുന്നത്. 20 വര്‍ഷമായി താൽകാലിക ജോലി ചെയ്യുന്നവര്‍ പോലും പട്ടികയിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഫെബ്രുവരിയിൽ അവസാനിക്കുന്ന പി.എസ്സി ലിസ്റ്റുകളുടെ എല്ലാം കാലാവധി ആറ് മാസത്തേക്ക് കൂടി നീട്ടി. ഏപ്രിൽ, മേയ് മാസങ്ങളിൽ വരുന്ന ഒഴിവുകളിൽ കൂടി അവസരം ലഭിക്കും.
ഇടതു സര്‍ക്കാര്‍ അധികാരത്തിൽ എത്തിയ ശേഷം മാത്രം 1,57,911 പേർക്ക് നിയമനം നൽകി. 47,000 തസ്തികകൾ സൃഷ്ടിച്ചു, 4012 റാങ്ക് ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചു. കഴിഞ്ഞ സർക്കാരിന്റെ കാലത് 3113 മാത്രം ആണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.