കോമൺ‌വെൽത്ത് ഗെയിംസില്‍ ചരിത്രം കുറിച്ച് മലയാളി താരം ശ്രീശങ്കർ

0
30

കോമൺ‌വെൽത്ത് ഗെയിംസ് പുരുഷന്മാരുടെ ലോങ് ജമ്പില്‍ വെള്ളി നേടി മലയാളി താരം എം ശ്രീശങ്കർ. വ്യാഴാഴ്‌ച നടന്ന മത്സരത്തിലാണ് വെള്ളി നേടിയത്. 23കാരനായ താരത്തിന്‍റെ അഞ്ചാം തവണയുള്ള പരിശ്രമത്തില്‍ 8.08 മീറ്റര്‍ ചാടിയാണ് നേട്ടം കുറിച്ചത്.വാശിയേറിയ പുരുഷന്മാരുടെ ലോങ് ജമ്പ് ഫൈനലിൽ കരീബിയന്‍ രാജ്യമായ ബഹമാസിന്‍റെ ലക്വാൻ നെയ്‌നാണ് (Laquan Nairn) ഒന്നാമതത്തെത്തിയത്. 8.08 മീറ്റര്‍ തന്നെയാണ് നെയ്‌നിന്‍റെ ഏറ്റവും മികച്ച ചാട്ടം. എന്നാൽ, അദ്ദേഹത്തിന്‍റെ രണ്ടാമത്തെ മികച്ച പ്രകടനം 7.98 മീറ്ററാണ്. ശ്രീശങ്കറിന്‍റെ രണ്ടാമത്തെ ഭേദപ്പെട്ട പ്രകടനം 7.84 മീറ്ററാണ്.
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷ ലോങ് ജമ്പ് വിഭാഗത്തില്‍ വെള്ളി നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് ശ്രീശങ്കർ. 1978ൽ സുരേഷ് ബാബു വെങ്കലം നേടിയിരുന്നു. വനിതകളുടെ മത്സരത്തില്‍ പ്രജുഷ മാളിയേക്കൽ 2010ൽ ഡൽഹിയിൽ നടന്ന ഗെയിംസില്‍ വെള്ളിയും ഇതിഹാസതാരം അഞ്ജു ബോബി ജോർജ് 2002ൽ വെങ്കലവും നേടിയിരുന്നു.