ഇനി എല്ലാം വിരല്‍ത്തുമ്പിൽ: തൊഴിലാളികളുടെ വിവരങ്ങൾ കമ്പ്യൂട്ടർവത്കരിക്കാനൊരുങ്ങി കുവൈറ്റ്

0
19

കുവൈറ്റ്: എല്ലാ തൊഴിൽ സ്ഥാപനങ്ങളിലെയും ജീവനക്കാരുടെ വിവരങ്ങൾ കമ്പ്യൂട്ടർവത്കരിക്കാനൊരുങ്ങി കുവൈറ്റ്. തൊഴില്‍ മേഖലകളിലെ ക്രമക്കേടുകൾ തടയാൻ ലക്ഷ്യം വച്ചാണ് പുതിയ നീക്കമെന്നാണ് സൂചന. പേപ്പർ ഉപയോഗം പരമാവാധി കുറച്ച് ഡിജിറ്റൽ സംവിധാനങ്ങൾ ശക്തിപ്പെടുക്കാനാണ് പുതിയ മാറ്റമെന്നാണ് മാൻപവർ അതോറിറ്റി അധികൃതർ അറിയിച്ചിരിക്കുന്നത്.

കോ-ഓപ്പറേറ്റിവ് മേഖലയിലുൾപ്പെടെ എല്ലാ സ്ഥാപനങ്ങളിലും ഓട്ടമേഷൻ സംവിധാനവും നിർബന്ധമാക്കും. സർക്കാർ കരാർ കമ്പനികളുടെ വർക്ക് സൈറ്റുകളിൽ വിരലടയാളം ശേഖരിക്കാനുള്ള സംവിധാനം നടപ്പിലാക്കും. വിരലടയാളം രേഖപ്പെടുത്തിയ വിവരം അഡ്മിനിസ്ട്രേറ്റിവ് കേന്ദ്രത്തിൽ ലഭ്യമാക്കുന്ന തരത്തിൽ ഇ-സംവിധാനമുണ്ടാകും. ജീവനക്കാരുടെ കൃത്യമായ കണക്ക് അറിയുന്നതിനാണ് ഇത്. പ്രൊജക്ട്  വിസയുടെ പേരിൽ നടക്കുന്ന തട്ടിപ്പുകൾ കുറയ്ക്കാനും ഇത് സഹായകമാകുമെന്നാണ് കണക്കുകൂട്ടൽ. ഇതു പോലെ തന്നെ തൊഴിലിടത്ത് ക്രമക്കേടുകൾ കണ്ടെത്തിയാൽ എസ്എംഎസ് വഴി തൊഴിലുടമയെ അറിയിക്കാനും സംവിധാനം നടപ്പിലാക്കും.

ശമ്പളം കൃത്യമായി ലഭിക്കുന്നോ എന്നറിയാനും പുതിയ സംവിധാനം സഹായകമാകും. എല്ലാം മാസവും പത്താം തീയതിക്കകം ശമ്പളം നൽകിയില്ലെങ്കിൽ സ്ഥാപനവുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും മരവിപ്പിക്കും. അതുപോലെ തന്നെ ജീവനക്കാരുടെ ലീവ് വ്യവസ്ഥകളും കൃത്യമായി പാലിക്കണം.വ്യവസ്ഥകൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ പരാതി ലഭിച്ചാൽ നടപടിയുണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്.