പുൽവാമ ഭീകരാക്രമണം: പുനരന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്

0
28

ന്യൂഡൽഹി: 40 സിആര്‍പിഎഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ പുല്‍വാമ ഭീകരാക്രമണത്തെക്കുറിച്ച് വീണ്ടും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ്. പശ്ചിമ ബംഗാളില്‍ നിന്നുള്ള ലോക്സഭാ നേതാവ് അധീർ രഞ്ജൻ ചൗധരിയാണ് ആവശ്യം ആദ്യം ഉന്നയിച്ചത്. ഉന്നതപൊലീസ് ഉദ്യോഗസ്ഥനായ ദര്‍വീന്ദർ സിംഗ് ജമ്മു കാശ്മീരിൽ ഭീകരര്‍ക്കൊപ്പം അറസ്റ്റിലായതിന്റെ പശ്ചാത്തലത്തിൽ പുല്‍വാമ ആക്രമണം കോൺഗ്രസ് വീണ്ടും ഉയർത്തിക്കൊണ്ടു വന്നത്.

യഥാർഥ കുറ്റക്കാർ ആരാണെന്ന് തെളിഞ്ഞു വരികയാണ്. ദേവേന്ദർ സിംഗിന് പകരം ദേവേന്ദർ ഖാൻ എന്നോ മറ്റോ ആയിരുന്നെങ്കിൽ ആർഎസ്എസ് ഇങ്ങനെയാകുമായിരുന്നോ പ്രതികരിക്കുന്നത്. രാജ്യത്തിന്റെ ശത്രുക്കളെ ജാതി-മത ഭേദമന്യേ എതിർക്കണമെന്നായിരുന്നു രഞ്ജൻ ചൗധരി ട്വിറ്ററിൽ കുറിച്ചത്. ദേവേന്ദർ സിംഗ് ഭീകരരെ ഒളിപ്പിച്ച് കടത്തിയ ആളെന്ന് മാത്രം കരുതാനാവില്ലെന്നും വിശദമായ അന്വേഷണം നടത്താൻ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും തയ്യാറാകണമെന്നും അദ്ദേഹം വ്യക്തമാക്കി.

പൊലീസ് ഉദ്യോഗസ്ഥന്റെ അറസ്റ്റിൽ ഗൂഢാലോചനയുണ്ടെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജെവാലെയും ആരോപിച്ചിട്ടുണ്ട്. അദ്ദേഹം ഭീകരരെ വാഹനത്തില്‍ കടത്തിയ ആള്‍ മാത്രമാണോ അതോ വന്‍ ഗൂഢാലോചനയുടെ ഭാഗമായി പ്രവര്‍ത്തിച്ചതാണോ എന്ന് കണ്ടെത്തണമെന്നാണ് ആവശ്യം.