സ്ട്രറ്റിജിക് മൂവ്… ആണത്രേ.. സ്ട്രറ്റിജിക് മൂവ്..

0
30

K J ജേക്കബ്

ഉമ്മൻ ചാണ്ടി നേമത്ത് മത്സരിക്കണം എന്നത് ഒരു വൻ സ്ട്രറ്റിജിക് മൂവാണ്. അത് പക്ഷെ കേരളത്തിൽ നിന്ന് വന്നതാവാൻ വഴിയില്ല. രമേശ് ചെന്നിത്തലയുടെ ബുദ്ധിയിൽ അത്രേം പോവില്ല; സ്വന്തം കാര്യം റിസ്കാകുന്നതിനാൽ ഉമ്മൻ ചാണ്ടിയ്ക്ക് തോന്നിയാലും അത് പുള്ളി അവതരിപ്പിക്കില്ല.

എന്റെ അനുമാനം അത് കോൺഗ്രസ് ഹൈക്കമാൻഡിന്റെ ഐഡിയ ആണെന്നാണ്.

കേരളത്തിൽ ഭരണം പിടിക്കാൻ എല്ലാ ശ്രമവും നടത്താൻ കോൺഗ്രസ് നേതൃത്വം തീരുമാനിച്ചിരിക്കുന്നു എന്നുവേണം വിചാരിക്കാൻ. അത് ന്യായമായ കാര്യമാണ്. ശബരിമല ആചാര ലംഘനം കുറ്റകൃത്യമാക്കുന്ന നിയമം എന്നും പറഞ്ഞു വർഗീയത വിളമ്പുന്നതിലും എത്രയോ മെച്ചപ്പെട്ടതാണ് സംസ്‌ഥാനത്തെ രാഷ്ട്രീയ കാലാവസ്‌ഥാ നന്നായി മനസിലാക്കി അതിനനുസരിച്ച് ഒരു പൊളിറ്റിക്കൽ പൊസിഷൻ എടുക്കുന്നത്. അതിനുള്ള കൃത്യതയെ, ജാഗ്രതയെ ഞാൻ അഭിനന്ദിക്കുന്നു.

ട്രോളിയതല്ല, കോൺഗ്രസ് രാഷ്ട്രീയം പറയുന്നത് കേൾക്കാൻ സന്തോഷമേയുള്ളൂ, രാഷ്ട്രീയം പറഞ്ഞു കോൺഗ്രസോ, ഇനി ബി ജെ പി യോ തന്നെ അധികാരത്തിൽ വരുന്നതിൽ പൗരൻ എന്നതിൽ ഒരു സന്തോഷക്കുറവും ഇല്ല.

എനിക്ക് ആകെ ഒരു സംശയമേ ഉള്ളൂ.

ദേശീയ രാഷ്ട്രീയ വിഷയങ്ങളിൽ കോൺഗ്രസിന്റെയൊപ്പം നിൽക്കുന്ന ഇടതുപക്ഷത്തിന്റെ ഒരു സർക്കാരിനെ താഴെയിറക്കി അധികാരത്തിൽ വരാൻ കാണിക്കുന്ന ജാഗ്രതയുടെ പകുതി കാണിച്ചിരുന്നെങ്കിൽ കർണാടകത്തിലും പുതുച്ചേരിയിലും മധ്യപ്രദേശിലും ഗോവയിലും മണിപ്പൂരിലും മഹാരാഷ്ട്രയിലും ഹരിയാനയിലും ഇപ്പോൾ കോൺഗ്രസ് മുഖ്യമന്ത്രിമാർ ഉണ്ടായിരുന്നേനെ.