കുവൈത്ത് സിറ്റി: നിലവിൽ കുവൈത്തിലെ കരാർ നിർമ്മാണ സ്ഥാപനങ്ങൾ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് തൊഴിലാളികളുടെ ക്ഷാമവും ഉയർന്ന വേതനവും എന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. കോവിഡ് പ്രതിസന്ധിയിലേതിനേക്കാൾ പ്രശ്നം ഇരട്ടിയായതായും മാധ്യമ വാർത്തകളിൽ പറയുന്നു. പ്രത്യേകിച്ചും അൽ-മുത്‌ല, സൗത്ത് അബ്ദുല്ല അൽ-മുബാറക്, സതേൺ ഖൈത്താൻ എന്നിവിടങ്ങളിലെ 25,000-ലധികം ഭവന യൂണിറ്റുകൾക്ക് നിർമ്മാണ പെർമിറ്റ് നൽകിയതോടെ കമ്പനികളുടെ പ്രശ്നം അതി രൂക്ഷമായതായാണ് പറയുന്നത്.
കൃത്യമായ നോട്ടം ഇല്ലാത്തതിനാൽ തൊഴിൽ വിപണി താറുമാറായതായി കൺസ്ട്രക്ഷൻ കമ്പനികളുടെ മാനേജർമാർ പരാതിപ്പെട്ടതായും പത്ര റിപ്പോർട്ടുകളിൽ ഉണ്ട്, കൂടാതെ മുനിസിപ്പാലിറ്റി അഫിലിയേഷനോ ക്ലാസിഫിക്കേഷനോ വാണിജ്യ ആസ്ഥാനമോ ഇല്ലാതെ ധാരാളം കരാർ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും ഇവർ അവകാശപ്പെടുന്നു,
കൊറോണയ്ക്ക് മുമ്പ് കുവൈത്തിന് അരലക്ഷം തൊഴിലാളികളെങ്കിലും ആവശ്യമുണ്ടായിരുന്നെന്നും എന്നാൽ ഇപ്പോഴത്തെ കുറവ് നികത്താൻ ഏകദേശം 750,000 തൊഴിലാളികൾ ആവശ്യമാണെന്നും വിതരണവും ഡിമാൻഡും സന്തുലിതമാക്കാൻ ബുദ്ധിമുട്ടാണെന്നും നിർമ്മാണ കമ്പനി പ്രതിനിധി വ്യക്തമാക്കി .