സി ഒ പി26 ഒരു പരാജയമാണെന്നത് രഹസ്യമല്ല. നമ്മളെ ഇങ്ങനൊരു അവസ്ഥയിലെത്തിച്ച അതേ രീതികൾ ഉപയോഗിച്ച് ഈ പ്രതിസന്ധിയെ മറികടക്കാൻ സാധിക്കില്ലയെന്നത് വ്യക്തമാണ്. സി ഒ പി26 ഒരു പി.ആര്‍ പരിപാടിയായി മാറിയിരിക്കുന്നുവെന്നും ഗ്രെറ്റ തുന്‍ബര്‍ഗ് പറഞ്ഞു. സി.ഒ.പി 26 കാലാവസ്ഥാ സമ്മേളനം നടക്കുന്ന ഗ്ലാസ്ഗോയിലെ യുവാക്കളുടെ പ്രതിഷേധത്തിന് നേതൃത്വം നല്‍കി സംസാരിക്കുകയായിരുന്നു ഗ്രെറ്റ.
കാലാവസ്ഥാ വ്യതിയാനം തടയാന്‍ കാര്യക്ഷമമായ ഇടപെടലുകൾ രാഷ്ട്ര നേതാക്കളില്‍ നിന്ന് ഉണ്ടാകുന്നില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. കെല്‍വിന്‍ ഗ്രൂവ് പാര്‍ക്കില്‍ നിന്നാരംഭിച്ച മാര്‍ച്ചിൽ വിദ്യാര്‍ഥികളും യുവാക്കളും പങ്കെടുത്തു. ഉഗാണ്ടയില്‍ നിന്നുള്ള യുവ പരിസ്ഥിതി പ്രവര്‍ത്തക വനേസ്സ നകാടെയടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ പ്രതിഷേധത്തിൽ പങ്കെടുത്തു. ഫ്രൈഡേ ഫോര്‍ ഫ്യൂച്ചര്‍ എന്ന കൂട്ടായ്മയാണ് മാര്‍ച്ച് സംഘടിപ്പിച്ചത്.