കൊറോണ വൈറസ്: സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത് പിൻവലിച്ച് കേരളം

തിരുവനന്തപുരം: കൊറോണ വൈറസ് ഭീതി കേരളത്തെ വിട്ടകലന്നു. പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത സാഹചര്യത്തിൽ കൊറൊണ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചുവെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈല‍ജ അറിയിച്ചു. ഇന്ന് ചേർന്ന അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി. ആശങ്ക അകന്നെങ്കിലും ജാഗ്രത വേണമെന്നും നിരീക്ഷണം തുടരുമെന്നും അറിയിച്ചിട്ടുണ്ട്.

ഇന്ത്യയില്‍‌ മൂന്ന് കൊറോണ വൈറസ് കേസുകളാണ് സ്ഥിരീകരിച്ചത്. അത് മൂന്നും കേരളത്തിൽ തന്നെയായിരുന്നു. ചൈനയിലെ വുഹാനിൽ നിന്ന് തിരികെയെത്തിയ മെഡിക്കൽ വിദ്യാർഥികളായ സഹപാഠികളിലായിരുന്നു വൈറസ് ബാധ സ്ഥിരീകരിച്ചത്. തൃശ്ശൂർ, ആലപ്പുഴ, കാസർകോട് സ്വദേശികളായിരുന്ന ഇവരെ ഐസോലേറ്റ് ചെയ്ത് ചികിത്സിക്കുകയായിരുന്നു. ആരോഗ്യനിലയിൽ ആശങ്ക വേണ്ടെന്ന് തുടക്കം മുതൽ തന്നെ അറിയിച്ചിട്ടുമുണ്ടായിരുന്നു.

സംസഥാനത്ത് ആകെ 3016 പേരാണ് കൊറോണ സംശയിച്ച് നിരീക്ഷണത്തിലുള്ളത്. ഇതിൽ 2956 പേർ വീട്ടിലും 61 പേർ ആശുപത്രിയിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്. കൊറോണ ബാധിതരായ ആളുകളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന എല്ലാവരുടെയും ടെസ്റ്റ് റിസൽട്ട് നെഗറ്റീവ് ആണെന്നും ആരോഗ്യ മന്ത്രി അറിയിച്ചിട്ടുണ്ട്. വുഹാനിൽ നിന്ന് ഒഴിപ്പിച്ച് ഡൽഹിയിലെ ക്യാംപുകളിലെത്തിയ എല്ലാ മലയാളികളുടെയും കൊറോണ പരിശോധന ഫലം നെഗറ്റീവാണെന്നും മന്ത്രി വ്യക്തമാക്കി.