കുവൈത്ത് സിറ്റി: ഫിലിപ്പീൻ സ്വദേശിയായ ഗാർഹിക തൊഴിലാളിയെ ഇരുമ്പ് വടികൊണ്ട് കൊലപ്പെടുത്തിയ കുവൈത്ത് സ്വദേശിയായ വനിതയെ കാസേഷൻ കോടതി 15 വർഷം തടവിന് ശിക്ഷിച്ചു. ദാരുണമായ കൊലപാതകം കുവൈറ്റും ഫിലിപ്പീൻസും തമ്മിലുള്ള രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് നയിച്ചിരുന്നു. പ്രസ്തുത സംഭവത്തെ തുടർന്ന്, കുവൈറ്റിലേക്ക് വീട്ടുജോലിക്കാരെ അയക്കുന്നത് ഫിലിപ്പൈൻ സർക്കാർ നിരോധിച്ചിരുന്നു . അപ്പീൽ കോടതിയുടെ വിധി പരമോന്നത കോടതി ശരിവെക്കുകയായിരുന്നു. യുവതിയുടെ ഭർത്താവിനെ ഈ കേസിൽ 4 വർഷം തടവിന് ശിക്ഷിച്ചിട്ടുണ്ട്. കേസ് ആദ്യം പരിഗണിച്ച കോടതി യുവതിയെ തൂക്കിക്കൊല്ലാൻ ആയിരുന്നു വിധിച്ചത്.
ഭർത്താവിന് കൊല്ലപ്പെട്ട യുവതിയുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് കുവൈത്ത് സ്വദേശിനി അവരെ അതിമാരകമായി ഉപദ്രവിച്ചത്.