സഭാ തർക്ക കേസിൽ സർക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

0
24

ന്യൂഡൽഹി: ഓർത്തഡോക്സ് – യാക്കോബായ സഭാ തർക്കത്തിൽ സംസ്ഥാന സർക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷവിമർശനം. വിധി നടപ്പാക്കുന്നത് വൈകിപ്പിക്കാൻ സർക്കാർ ശ്രമിക്കുന്നെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കോടതിവിധി മറികടക്കാൻ ശ്രമിച്ചാൽ ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തി ജയിലിൽ അയയ്ക്കുമെന്ന് ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു.ഇനിയും ഇക്കാര്യത്തിൽ ക്ഷമിക്കാൻ കഴിയില്ലെന്നും ജസ്റ്റിസ് വ്യക്തമാക്കി.

കട്ടച്ചിറ – വാരിക്കോലി പള്ളികളുടെ ഭരണം സംബന്ധിച്ച് ഓർത്തഡോക്സ് – യാക്കോബായ സഭകൾക്കിടയിൽ നില നില്ക്കുന്ന തർക്കമാണ് വീണ്ടും സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് എത്തിയത്. വിശ്വാസികളുടെ വാദം കേട്ടില്ല എന്ന് ചൂണ്ടിക്കാട്ടി യാക്കോബായ വിഭാഗമാണ് സുപ്രീംകോടതിയിൽ പുതിയ ഹർജി നൽകിയത്. ഈ ഹർജി പരിഗണിക്കവേയാണ് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ചത്.

മുൻപ് ബിഹാര്‍ ചീഫ് സെക്രട്ടറിക്ക് സംഭവിച്ചത് എന്താണെന്ന് കേരള ചീഫ് സെക്രട്ടറിയെ ആരെങ്കിലും പറഞ്ഞു മനസിലാക്കി കൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.വളരെ ക്ഷുഭിതനായാണ് ജസ്റ്റിസ് മിശ്ര കോടതിയില്‍ പ്രതികരിച്ചത്.