രണ്ട് വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് കോവാക്സിൻ നൽകാൻ അനുമതി

കോവിഡിനെതിരെയുള്ള രാജ്യത്തിൻറെ പോരാട്ടത്തിന് ശക്തി പകർന്നു കൊണ്ട് രണ്ട് വയസ്സ് മുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്ക് ഭാരത് ബയോട്ടെക്കിന്റെ കോവാക്സിൻ നൽകാൻ ഡിസിജിഐ തീരുമാനമായി. കുട്ടികളിൽ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിക്കുന്ന രണ്ടാമത്തെ വാക്സിനാണ് ഇത്. 12 വയസ്സിന് മുകളിലുള്ള കുട്ടികളിൽ ഉപയോഗിക്കുന്നതിനായി സൈഡസ് കാഡില്ലയുടെ വാക്സീന് അനുമതി ഇതിന് മുമ്പേ തന്നെ ലഭിച്ചിരുന്നു.

ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക് 18 വയസ്സിന് താഴെയുള്ള കുട്ടികളിൽ കോവക്സിൻറെ ഫേസ് -2, ഫേസ് -3 പരീക്ഷണങ്ങൾ സെപ്റ്റംബറിൽ തന്നെ പൂർത്തിയാക്കിയിരുന്നു. ഡ്രഗ്സ് ആൻഡ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയ്ക്ക് (ഡിസിജിഐ) ഈ മാസം ആദ്യം തന്നെ ട്രയൽ ഡാറ്റ സമർപ്പിക്കുകയും ചെയ്തിരുന്നു. പ്രതിരോധശേഷി കുറഞ്ഞവർ ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്ന് ലോകാരോഗ്യ സംഘടന നിർദേശം നൽകിയിരുന്നു. പ്രതിരോധശേഷി കുറഞ്ഞ ആളുകളുടെ ശരീരം രണ്ട് ഡോസ് വാക്‌സിൻ കുത്തിവച്ചതിന് ശേഷവും പ്രതികരിച്ചെന്ന് വരില്ല. അതുകൊണ്ടാണ് മൂന്നാമത്തെ ഡോസ് വാക്‌സിൻ കുത്തിവയ്ക്കണമെന്ന് നിർദേശം ലോകാരോഗ്യ സംഘടന മുന്നോട്ടു വച്ചത്.