കുവൈറ്റ്: രാജ്യത്ത് 20 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി കുവൈറ്റ് ആരോഗ്യമന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിലാണ് ഇത്രയും പേരിൽ രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം നൂറായി ഉയർന്നു.
ഇന്ന് രോഗം സ്ഥിരീകരിച്ച 20 പേരിൽ 15 പേർ ഇറാനിൽ നിന്നെത്തിയവരാണ്. ഇവർ നേരത്തെ തന്നെ ക്വാറന്റ്റൈന്‍ ചെയ്യപ്പെട്ടവരാണ്. ഇന്നാണിവരുടെ പരിശോധനഫലം എത്തിയതെന്നുമാണ് ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്. അസുഖം സ്ഥിരീകരിച്ച ബാക്കി അഞ്ചു പേരിൽ ഒരാൾ യുകെയിൽ നിന്നും ഒരാൾ യുഎസിൽ നിന്നും എത്തിയ സ്വദേശികളാണ്. മറ്റ് മൂന്ന് പേരിൽ ഒരാൾ സ്പെയിൻ സ്വദേശിയും രണ്ട് ഈജിപ്റ്റുകാരുമാണ്. അസർബൈജാനിൽ നിന്നെത്തിയ വൈറസ് ബാധിതനിൽ നിന്നാണ് ഈ മൂന്ന് പേരിലേക്ക് രോഗം പകർന്നതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
നേരത്തെ കോവിഡ് 19 സ്ഥിരീകരിച്ച് ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്ന അഞ്ച് പേരിൽ രണ്ട് പേര്‍ അപകടനില തരണം ചെയ്തിട്ടുണ്ടെന്നും രണ്ട് പേരുടെ നില തൃപ്തികരമാണെന്നും അറിയിച്ചിട്ടുണ്ട്. ഗുരുതരാവസ്ഥയില്‍ തുടരുന്ന ആളുടെ നിലയിൽ മാറ്റമില്ലെന്നും ആരോഗ്യവകുപ്പിന്റെ പ്രസ്താവനയിൽ പറയുന്നു.
7525 പേരുടെ സാമ്പിളുകൾ പരിശോധനയ്ക്കായി എടുത്തിട്ടുണ്ടെന്നും ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.