രാജ്യത്തിന് ചരിത്ര നേട്ടം; കോവിഡ് വാക്‌സിനേഷൻ നൂറ് കോടി കടന്നു

ന്യൂഡൽഹി: രാജ്യത്ത് വിതരണം ചെയ്ത കോവിഡ് -19 വാക്സിൻ ഡോസുകൾ 100 കോടി കടന്നു. ഒമ്പത് മാസത്തിനുള്ളിലാണ് നൂറ് കോടി ഡോസ് വാക്സീൻ വിതരണം ചെയ്യാൻ രാജ്യത്തിന് സാധിച്ചത്. ഈ നേട്ടം കൈവരിച്ചതിന് രാജ്യത്തെ അഭിനന്ദിച്ച് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ ട്വീറ്റ് ചെയ്തു.

ചരിത്രം കുറിക്കുന്ന സാഹചര്യത്തിൽ വലിയ ആഘോഷ പരിപാടികൾക്കാണ് കേന്ദ്ര സർക്കാർ നിർദേശം നൽകിയത്. ആഘോഷങ്ങളുടെ ഭാഗമായി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തും. ബിജെപി നേതാക്കൾ ഇന്ന് വിവിധ വാക്സിനേഷൻ കേന്ദ്രങ്ങൾ സന്ദർശിക്കുമെന്നും റിപ്പോർട്ടുണ്ട്. കൂടാതെ വിമാനങ്ങളിലും ട്രെയിനുകളിലും കപ്പലുകളിലും നൂറ് കോടി ഡോസ് വാക്സീൻ മറികടന്നത് സംബന്ധിച്ച പ്രഖ്യാപനം നടത്തും.

ഔദ്യോഗിക കണക്ക് പ്രകാരം ഇന്ത്യയിലെ ജനസംഖ്യയുടെ 75% പേർക്കും ആദ്യ ഡോസ് വാക്‌സിൻ നൽകിയിട്ടുണ്ട്. ഏകദേശം 31% പേർക്ക് രണ്ട് ഡോസ് വാക്‌സിനും ലഭിച്ചിട്ടുണ്ട്.