അബുദാബി: മൂന്ന് മുതല്‍ 17 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് കൊവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കാന്‍ യുഎഇ ആരോഗ്യ മന്ത്രാലയം
അനുമതി നല്‍കി . 900 കുട്ടികളില്‍ നടത്തിയ വാക്‌സിന്‍ ക്ലിനിക്കല്‍ പരീക്ഷണം വിജയകരമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് തീരുമാനം. ഇതോടെ 12 വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കുന്ന ആദ്യ രാജ്യങ്ങളില്‍ ഒന്നായി യുഎഇ മാറും. കുട്ടികളിൽ കോവിഡ് വാക്സിൻ്റെ ഫലപ്രാപ്തിയും , രോഗബാധയുണ്ടായാല്‍ അതിന്റെ ലക്ഷണങ്ങള്‍ എത്രമാത്രം ഗുരുതരമാണെന്നും അറിയുന്നതിനു വേണ്ടിയായിരുന്നു യുഎഇ ആരോഗ്യ മന്ത്രാലയം മൂന്ന് വയസ്സിന് മുകളില്‍ പ്രായമുള്ള കുട്ടികളില്‍ വാക്‌സിന്‍ പരീക്ഷണം നടത്തിയത്.ക്ലിനിക്കല്‍ ട്രയലിന് വിധേയരായ കുട്ടികളില്‍ രാജകുടുംബത്തിലെ അംഗങ്ങളും ഉണ്ടായിരുന്നതായി മന്ത്രാലയം അറിയിച്ചു. സ്വദേശികളുടെയും പ്രവാസികളുടെയും കുട്ടികള്‍ ഒരുപോലെ പരീക്ഷണത്തിന് വിധേയരാവാന്‍ സന്നദ്ധരായി രംഗത്തെത്തിയിരുന്നു.