2023 ക്രിക്കറ്റ് ലോകകപ്പ് ആതിഥേയത്വം ഇന്ത്യക്ക് നഷ്ടമായേക്കും; ഐസിസിക്ക് കടുത്ത അതൃപ്തി

0
33

2023 അവസാനത്തിൽ നടക്കാനിരിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പ് ആതിഥേയത്വം ഇന്ത്യക്ക് നഷ്ടമാവാൻ സാധ്യത. ബിസിസിഐയും കേന്ദ്ര സർക്കാരും തമ്മിൽ നടക്കുന്ന നികുതി തർക്കത്തിൽ പരിഹാരം കാണാൻ കഴിയാത്തതാണ് ഐസിസിയെ ചൊടിപ്പിച്ചിരിക്കുന്നത്. ആതിഥേയ രാജ്യം നികുതി ഇളവ് നല്കണമെന്നത് ഐസിസി നയമാണ്, ഓരോ രാജ്യത്തെയും ക്രിക്കറ്റ് ബോർഡും സർക്കാരും തമ്മിലാണ്‌ ഇക്കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത്. നികുതി ഇളവിന്റെ കാര്യത്തിൽ ഇതുവരെ പുരോഗതി നേടാനായില്ലെന്നാണ് ഐസിസിയുടെ വിലയിരുത്തൽ.

2016 ടി20 ലോകകപ്പ് ക്രിക്കറ്റ് ആതിഥേയത്വം വഹിച്ച സമയത്തും ബിസിസിഐക്ക് കേന്ദ്ര സർക്കാർ നികുതിയിളവ് നൽകിയിരുന്നില്ല. ഇതിനെ തുടർന്ന് 190 കോടി രൂപ ബിസിസിഐ ഐസിസിക്ക് നൽകേണ്ടി വന്നിരുന്നു. ഇതിനെതിരെ ഐസിസി ട്രൈബ്യൂണലിൽ ബിസിസിഐ നൽകിയ പരാതി ഇപ്പോഴും തീർപ്പായിട്ടില്ല. സമാനമായ പ്രശ്നങ്ങളാണ് ഇപ്പോഴും നിലനിൽക്കുന്നത്. അതുകൊണ്ട് തന്നെ നികുതിയായി തുക പിടിച്ചെടുക്കുന്നതിനു പകരം വേദി മാറ്റാനുള്ള സൂചനകളാണ് ഐസിസി നൽകുന്നത്.