നയതന്ത്ര സ്വർണക്കടത്ത്: കുറ്റപത്രം സമർപ്പിച്ച്‌ കസ്റ്റംസ്

0
28

കൊച്ചി: നയതന്ത്ര സ്വർണക്കടത്ത് കേസിൽ ഒരു വർഷം നീണ്ട അന്വേഷണത്തിനൊടുവിൽ കസ്റ്റംസ് കൊച്ചി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. മൂവായിരം പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. സരിത്ത് കേസിലെ ഒന്നാം പ്രതിയും എം.ശിവശങ്കർ 29-ാം പ്രതിയുമാണ്.

2019 ജൂണിലാണ് പ്രതികള്‍ ആദ്യമായി സ്വര്‍ണക്കടത്ത് നടത്തിയത്. എന്നാൽ ഈ സമയം മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിന് കുറ്റകൃത്യത്തെ കുറിച്ച് അറിയില്ലായിരുന്നുവെന്നും എന്നാൽ പിന്നീട് 21 തവണയായി 161 കിലോ സ്വര്‍ണ്ണം കടത്തിയ സമയത്ത് ശിവശങ്കറിന് സ്വര്‍ണക്കടത്തിനെക്കുറിച്ച് അറിയാമായിരുന്നെന്നും കസ്റ്റംസ് പറയുന്നു. ഉന്നത പദവി കൈകാര്യം ചെയ്തിരുന്ന ശിവശങ്കർ സ്വർണക്കടത്തിനെക്കുറിച്ച് മറച്ചു വച്ചത് ഗുരുതരമായ കുറ്റമാണെന്ന് കുറ്റപത്രത്തിൽ പറയുന്നു. എന്നാൽ ഇയാൾ സ്വർണക്കടത്തിൽ നിന്നും സാമ്പത്തിക നേട്ടമുണ്ടാക്കിയതായി കണ്ടെത്താൻ കസ്റ്റംസിന് കഴിഞ്ഞിട്ടില്ല.

സ്വർണക്കടത്തിലൂടെ ലഭിക്കുന്ന പണം തീവ്രവാദ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നുവെന്നായിരുന്നു എൻഐഎയുടെ കണ്ടെത്തൽ. എന്നാൽ ഇതിനെ ശരിവെയ്ക്കുന്ന തെളിവുകളൊന്നും കസ്റ്റംസിന് കണ്ടെത്താനുമായിട്ടില്ല.