മുൻ മിസ് കേരള ജേതാക്കളുടെ മരണം: ഔഡി കാർ ചേസ് ചെയ്തതതിനെ തുടർന്നാണ് അപകടമെന്ന് മൊഴി

0
21

കൊച്ചി: മുൻ മിസ് കേരള ഉൾപ്പടെ മൂന്ന് പേർ വാഹനാപകടത്തിൽ മരിച്ച സംഭവം പുതിയ വഴിത്തിരിവിലേക്ക്. ഒരു ഓഡി കാർ ചേസ് ചെയ്തതതിനെ തുടർന്നാണ് അപകടമുണ്ടായതെന്ന് കാറോടിച്ച അബ്ദുൽ റഹ്മാന്‍ പൊലീസിന് മൊഴി നല്‍കി. ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് പാലാരിവട്ടം മെഡിക്കല്‍ സെന്‍റര്‍ ആശുപത്രിയില്‍ ചികിത്സയിൽ കഴിയുകയാണ് അബ്ദുൽ റഹ്മാന്‍.

ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഔഡി കാര്‍ ഓടിച്ചിരുന്ന ഡ്രൈവര്‍ സൈജുവിനോട് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടു. ഓഡി കാർ ചേസ് ചെയ്യുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. അപകടം നടന്നതിന് ശേഷം ഔഡി കാറില്‍ നിന്ന് ഒരാള്‍ ഇറങ്ങി കാര്യങ്ങള്‍ നിരീക്ഷിക്കുകയും ചെയ്തിരുന്നു.

ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലിലെ ഡിജെ പാര്‍ട്ടി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു മുന്‍ മിസ് കേരള അന്‍സി കബീറും രണ്ട് സുഹൃത്തുക്കളും വാഹനാപകടത്തില്‍ മരിച്ചത്.