ജ്യേഷ്ഠന്‍റെ മൃതദേഹം നാട്ടില്‍ കൊണ്ടുപോകവെ അനിയന്‍ വിമാനത്താവളത്തില്‍ കുഴഞ്ഞു വീണു മരിച്ചു

0
29

ദോഹ: ഖത്തറില്‍വെച്ച്‌ മരിച്ച ജ്യേഷ്ഠന്‍റെ മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി ഒപ്പം പോകാനായി വിമാനത്താവളത്തില്‍ എത്തിയ അനിയന്‍ കുഴഞ്ഞുവീണ് മരിച്ചു. തൃശൂര്‍ ചാവക്കാട് വട്ടേക്കാട് മഞ്ഞിയില്‍ ഇര്‍ഷാദ്(50) ആണ് കഴിഞ്ഞ വെള്ളിയാഴ്ച കുഴഞ്ഞുവീണ് മരിച്ചത്. ഖത്തറില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന ഇദ്ദേഹം ഇരുപതിലധികം വര്‍ഷമായി പ്രവാസിയാണ്. അല്‍ഖോറിലെ ബന്ധുവീട്ടില്‍ വെച്ച്‌ കുഴഞ്ഞുവീഴുകയായിരുന്നു.

ഇര്‍ഷാദിന്‍റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിവരികയായിരുന്നു ഖത്തറില്‍ തന്നെ ജോലി ചെയ്യുന്ന അനിയന്‍ രിസാലുദ്ദീന്‍(48). മൃതദേഹം ഇന്നലെ രാത്രിയിലുള്ള ജെറ്റ് എയര്‍വേയ്സില്‍ നാട്ടിലേക്ക് കൊണ്ടുപോകാന്‍ ഹമദ് വിമാനത്താവളത്തില്‍ എത്തിയതായിരുന്നു രിസാലുദ്ദീനും സുഹൃത്തുക്കളും. വിമാനത്താവളത്തിലെ പാസ്പോര്‍ട്ട് വിഭാഗത്തില്‍ എത്തിയ ഉടന്‍ രിസാലുദ്ദീന്‍ കുഴഞ്ഞുവീഴുകയും പിന്നീട് മരിക്കുകയുമായിരുന്നു.

ഇന്നലെ വൈകീട്ട് നാല് മണിയോടെയാണ് സംഭവം. ഖത്തര്‍ പെട്രോളിയത്തിലാണ് രിസാലുദ്ദീന്‍ ജോലി ചെയ്യുന്നത്. ഇര്‍ഷാദിന്റെ മൃതദേഹം നേരത്തേ നിശ്ചയിച്ച പ്രകാരം ജെറ്റ് എയര്‍വേയ്സ് വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ഒരുക്കത്തിലാണ് കൂടെയുള്ളവര്‍. കെ.ടി അബ്ദുല്ലയാണ് പിതാവ്. രിസാലുദ്ദീന് ഭാര്യയും നാല് മക്കളുമുണ്ട്. ഇര്‍ഷാദിന് ഭാര്യയും ഒരു കുട്ടിയുമുണ്ട്