ദോഹ: ഇന്ത്യ ഉൾപ്പെടെ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള ഗാർഹിക തൊഴിലാളി നിയമനത്തിന് അനുമതി നൽകി ഖത്തർ. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നിയന്ത്രണ ശക്തമാക്കുന്നതിന് ഇടയിലാണ് പുതിയ തീരുമാനം. ഇന്ത്യ, ഫിലിപ്പൈന്‍സ്, ശ്രീലങ്ക, കെനിയ, എത്യോപ്യ, ബംഗ്ലാദേശ്, എറിട്രിയ എന്നീ ഏഴ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് അനുമതി ലഭിക്കുക. ഈ രാജ്യങ്ങളില്‍ നിന്നുള്ളവരെ മാത്രമാണ് നിലവിൽ ഗാർഹിക തൊഴിലാളികളായി റിക്രൂട്ട് ചെയ്യുന്നതിന് അനുമതി നൽകിയിട്ടുള്ളത്.
കോവിഡ് -19 പ്രതിസന്ധി കൈകാര്യം ചെയ്യുന്ന സമിതി നിശ്ചയിച്ച യാത്രാ-മടക്ക നിയമങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ലേബർ എൻട്രി നയം എന്ന് മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.
കൊവിഡ് മഹാമാരിയെ തുടര്‍ന്ന് താത്ക്കാലികമായി നിർത്തിവെച്ച കുടിയേറ്റ തൊഴിലാളി നിയമനം പുനരാരംഭിക്കുമെന്ന് ഖത്തറിലെ ഭരണ വികസന മന്ത്രാലയം കഴിഞ്ഞ നവംബറില്‍ പ്രഖ്യാപിച്ചിരുന്നു.
രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ആയി സർക്കാർ സ്ഥാപനങ്ങളിൽ അടക്കം പ്രവർത്തനശേഷി 50 ശതമാനമായി കുറച്ചിരുന്നു. സൈനിക, സുരക്ഷാ, ആരോഗ്യ മേഖലകളില്‍ ഈ നിയന്ത്രണം ബാധകമല്ല. സിനിമകള്‍, തീയറ്ററുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, ബ്യൂട്ടി സലൂണുകള്‍, മ്യൂസിയം, പബ്ലിക് ലൈബ്രറികള്‍ എന്നിവിടങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.