ഡോക്ടർ തിരിച്ചു പോകുമ്പോൾ…(ജനകീയ ഡോക്ടർ മുണ്ടോൻ സാലിഹിനെ കുറിച്ചുള്ള ഓർമ ) റഫീഖ് തായത്

0
15

പ്ലസ് ടു കഴിഞ്ഞിരിക്കുന്ന സമയം. ഒരു കൊല്ലം ഇനിയെന്ത് എന്ന അന്വേഷണ സന്ദേഹങ്ങളിൽ കുരുങ്ങിയ കാലം. ആ കാലത്ത് ഏറ്റവും കൂടുതൽ സമയം ചെലവഴിച്ചത് ഡോക്ടറുടെ കാബിനിലും റെയിൽവെ ലെയിനിനടുത്തുള്ള കുന്നിലുമാണ്, ഡോക്ടറോടൊപ്പമാണ്. ഡോക്ടറപ്പോൾ അൻപതിൻ്റെ മധ്യത്തിലാവണം, അന്വേഷണത്തിലാണ്. എന്നെപ്പോലെ എന്തു പഠിക്കണം എന്ന അന്വേഷണത്തിലല്ല, പകരം തൻ്റെയടുത്ത് വരുന്നവർക്ക്,രോഗികൾക്ക്, പ്രകൃതിക്ക്, മണ്ണിന്, ഈ ലോകത്തിന് ഏറ്റവും നല്ലതെന്ത് നൽകാം എന്ന അന്വേഷണത്തിലാണ്.
പുതിയ വിഷയങ്ങളിലുള്ള ആധികാരിക ഗ്രന്ഥങ്ങൾ വാങ്ങുക, വായിക്കുക, താൻ മനസ്സിലാക്കിയ പുതിയ കാര്യങ്ങൾ തൻ്റെ ചുറ്റുമുള്ളവരുമായി പങ്കുവെക്കുക, എങ്ങനെ പ്രാവർത്തികമാക്കാം എന്ന ചിന്തയിലേക്കിറങ്ങുക, അവിടെയും നിർത്താതെ മനസ്സിലാക്കിയത് നടപ്പിലാക്കുക ഇതാണ് ചുരുക്കിപ്പറഞ്ഞാൽ ഡോക്ടർ.
എളുപ്പത്തിലുള്ള തൊലിപ്പുറത്തെ ചികിത്സക്ക് വഴങ്ങാൻ ഡോക്ടർ തയ്യാറായിരുന്നില്ല. ഓരോ പുതിയ പുസ്തകവും അറിവും എനിക്ക് കൗതുകമായിരുന്നു. ഡോക്ടർക്ക് മുന്നിൽ ഞാൻ നല്ലൊരു വിദ്യാർത്ഥിയായിരുന്നു. ഡോക്ടർ നല്ലൊരധ്യാപകനും. പക്ഷേ എല്ലാം പല കള്ളികളിലാക്കി തരം തിരിച്ചു മാത്രം അറിയാൻ ശ്രമിക്കുന്ന പുതിയ കാലത്തിന് വഴങ്ങുന്നതായിരുന്നില്ല ഡോക്ടറുടെ holistic approach. പക്ഷേ അതൊന്നും ഡോക്ടർക്ക് പ്രശ്നമായിരുന്നില്ല. നട്ടുച്ചക്ക് കുന്നിൻ മുകളിൽ ചെടി നടുന്ന നട്ടപ്പിരാന്തെന്ന് പരിഭവിച്ചവർക്ക് മുന്നിൽ ഡോക്ടർ ഒരു ചെറുകാട് തന്നെ ഒരുക്കി. പോകുന്ന വഴികളിലൊക്കെ വിത്തെറിഞ്ഞ് പ്രകൃതിയിൽ പ്രത്യാശയുടെ പുതുനാമ്പുകൾ മുളപ്പിച്ചു.
ഡോക്ടറുടെ ആശയങ്ങൾ, ആലോചനകൾ എപ്പോഴും ഹൃദയത്തോട് ചേർന്നു നിൽക്കുന്നവയായിരുന്നു. കുറേയേറെ വർഷങ്ങൾ പിതൃതുല്യ വാത്സല്യത്തോടെ ആ സ്നേഹവായ്പ് അനുഭവിച്ചറിയാൻ സാധിച്ചിട്ടുണ്ട്. ആശുപത്രിക്ക് മുന്നിലുള്ള കുന്നുമുതൽ എത്രയോ ഇടങ്ങളിൽ ഒപ്പം നടന്ന് ചെടികൾ നട്ടത്, വിത്തുമുളപ്പിച്ചത്, യാത്ര ചെയ്തത്, ചികിത്സാരീതികളെപ്പറ്റിയും വിദ്യാഭ്യാസ രീതികളെപ്പറ്റിയും ഗഹനമായ ചർച്ചകൾ ചെയ്തത്, മംഗലാപുരത്ത് Prof.B M ഹെഗ്ഡെയെ കാണാൻ പോയത്… എത്രയോ തിളക്കമാർന്ന ഓർമകൾ!
പുതിയ നിരത്തിലെ ഹോസ്പിറ്റൽ ഡോക്ടർ വിൽക്കരുതായിരുന്നുവെന്ന് തോന്നിയിട്ടുണ്ട്, അത് ഡോക്ടറോട് പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. കാരണം ആ വീടും ആശുപത്രിയും ഡോക്ടറുടെ ചിന്തകളുടെ പ്രവർത്തനങ്ങളുടെ കേന്ദ്രമായിരുന്നു. വാക്കുകൾക്കതീതമായ എന്തോ ഒന്ന് ആ ഇട ത്തിന് ഡോക്ടറുടെ ജീവിതവുമായുണ്ടെന്ന് തോന്നിയിട്ടുണ്ട്. ഒപ്പം രോഗികൾക്കും സാലി ഡോക്ടറുടെ ആസ്പത്രിയോടൊരു അഭേദ്യമായ ബന്ധമുണ്ടായിരുന്നു. പുതിയ മേനേജ്മെൻ്റ് ഏറ്റെടുത്തിട്ടും വിപുലപ്പെടുത്തിയ പുതിയ സ്ഥാപനത്തെ ഇപ്പോഴും ഡോക്ടറുടെ ആസ്പത്രിയെന്ന് പറയുന്നവരേറെയുണ്ട്.
ഡോക്ടർ ഒന്ന് തൊട്ടാൽ, മിണ്ടിയാൽ, എന്തിനേറെ പരിഭവിച്ചാൽ പോലും രോഗം മാറിയിട്ടുണ്ട് എന്ന അനുഭവ സാക്ഷ്യങ്ങൾ ഏറെയാണ്. പുതിയ രീതികൾ അവലംഭിച്ചപ്പോഴും ഡോക്ടർക്ക് രോഗികളുടെ കുറവുണ്ടായിരുന്നില്ല. ഇന്നിപ്പോൾ പലരോടു സംസാരിച്ചപ്പോഴും പറയാനുള്ളത് ഡോക്ടറുടെ ചികിത്സ കൊണ്ട് മാറാരോഗം മാറിയതും ജീവൻ തിരിച്ചു കിട്ടിയതുമായ കഥകളാണ്.
ഒന്നിലും വഴങ്ങാതെ നിതാന്തമായ ഇല്ലായ്മയിലേക്ക് നടന്നകന്നപ്പോഴും ഡോക്ടർ ബാക്കി വെച്ച പലതും നമുക്ക് മുന്നിൽ തുറന്ന പുസ്തകം പോലെ കിടപ്പുണ്ട്. മറ്റെവിടെയെങ്കിലുമായിരുന്നെങ്കിൽ ചിലപ്പോൾ വലിയ നിലയിൽ ആഘോഷിക്കപ്പെടാൻ പാകത്തിൽ.
സ്വന്തം ജീവിതത്തിൻ്റെ നിസ്സാരതകളെ പുറം ലോകത്തിൻ്റെ ആവലാതികളിലേക്ക് പുതിയ ചിലത് ബാക്കി വെച്ചാണ് ഡോക്ടർ മൗനത്തിലാണ്ടത്. ഡോക്ടർ ഇല്ല എന്നത് ഉള്ളിലെവിടെയോ ഒരു വലിയ വിടവായി ബാക്കി നിൽക്കും, കുടുംബത്തിലെ പ്രിയപ്പെട്ടൊരംഗത്തിൻ്റെ നഷ്ടം പോലെ, ചിലപ്പോൾ അതിലുമപ്പുറം…


റഫീഖ് തായത്