ഡോക്ടർ റഹീം കടവത്തിൻറെ കുറിപ്പുകൾ

0
35
അറ ,എന്ന എന്റെ ആദ്യ നോവലിലെ വിശേഷപ്പെട്ട ഒരു കഥാപാത്രം ആയിരുന്നു ജിന്നുമ്മ .നോവലിലെ പ്രധാന കഥാപാത്രം ആയ സഫൂറയുടെ ഉള്ളുരുക്കത്തെ തിരിച്ചറിയാൻ ആയ ഏക മനുഷ്യജീവിതം ജിന്നുമ്മയുടേത് മാത്രമായിരുന്നു .
ഒരു എഴുത്തു കാരന്റെ കൈപ്പിഴ യായോ ,അല്ലെങ്കിൽ അവനിൽ അവന്റെ ചുറ്റുപാടുകൾ സ്വാധീനം ചെലുത്തുന്നതിന്റ ഉദാഹരണമായോ അതിനെ കാണാവുന്നതാണ് .നോവലിലെ പരിസരവിശദീകരണത്തിലും ,കഥാപാത്രരൂപീകരണത്തിലും ,എന്റെ ചുറ്റുമുള്ള പലരുടെയും നിഴലുകൾ ആദ്യ നോവലിൽ തന്നെ കയറിക്കൂടി .
എന്റെ ചെറുപ്പത്തിൽ പെങ്ങളോടൊപ്പം ആറങ്ങാടിയിലെ അന്നത്തെ പ്രശസ്തയായ ഒരു ജിന്നുമ്മയുടെ അടുത്ത് പോയതിന്റെ ഓർമ്മകൾ ,എന്റെ മനസ്സിൽ പായൽ പിടിച്ചു കിടപ്പുണ്ടായിരുന്നു .അക്കാലത്ത് തന്നെ എന്റെ അകന്ന കുടുംബ ബന്ധത്തിൽ ഞങ്ങളുടെ നാട്ടിലും ഒരു ജിന്നുമ്മയുണ്ടായിരുന്നു .എന്റെ മൂത്ത പെങ്ങളുടെ ഭർത്താവിന്റെ അകന്ന കുടുംബത്തിൽ പെട്ട അവരെ നന്നേ ചെറുപ്പത്തിൽ ഒരു പ്രാവശ്യം കണ്ടതായി ഓർമയിലുണ്ടായിരുന്നു .പുരാതനമായ കോട്ടയും അതിനോട് ചേർന്നുള്ള ശൈഖുമാരുടെ മഖ്‌ബറയും പ്രാചീനമായ പള്ളിക്കു ളവും നെച്ചിക്കാടുകൾ തിങ്ങിയ മീസാൻകല്ലുകൾ നിറഞ്ഞ പള്ളിപ്പറമ്പും അതിനോട് ചേർന്ന് മതപഠനം നടത്തുന്ന ഒരു ചായ്പ്പും .അവിടെയൊക്കെ ആയിരുന്നു എന്റെ ബാല്യം .മദ്രസയിൽ നിന്നും തിരിച്ചു വരുമ്പോൾ കോട്ടയോരത്തു ,ഹൈദരാലിയുടെപടയാളികളെ മറവ് ചെയ്ത ഖുതുബ പള്ളി വളപ്പിലൂടെ പുഴയോരം വരെ നടക്കുമായിരുന്നു .ആ നടത്തത്തിനിടയിലൊരിക്കൽ ഒരു മിന്നായം പോലെ അറബികടലിനു മുഖം കൊടുത്തു അത്താർപായ തൂക്കിയ പച്ച പെയിന്റ് അടിച്ച കുന്തിരിക്കം പുകച്ച ആ വീട് കണ്ടിട്ടുണ്ട് .
ജിന്നുമ്മയുടെ പരിസരവിശദീകരണത്തിൽ ആ ചിത്രം അറിയാതെ കടന്നു വന്നിട്ടുണ്ട് .
അതവർ അറിഞ്ഞിരുന്നോ എന്ന് എനിക്കറിയില്ലായിരുന്നു .
നോവലും വിവാദവും മറന്ന് ഞാൻ പതിയെ എന്റെ പ്രൊഫഷണൽ ജീവിതത്തിലേക്ക് കാലെടുത്തു വച്ചു തുടങ്ങിയ കാലം .കാഞ്ഞങ്ങാട്ടെ പ്രശസ്തമായ മൻസൂർ ഹോസ്പിറ്റലിനു ചേർന്ന് ഡോക്ടർ കുഞ്ഞഹ്മദിന് തണൽ പറ്റിയായിരുന്നു എന്റെ തുടക്കം .അത് കൊണ്ട് തന്നെ വളരെ വേഗത്തിൽ തന്നെ രോഗികൾ വന്നു ചേർന്ന ഒരു കാലം .തിരക്ക് നിറഞ്ഞ ഒരു വൈകുന്നേരമാണ് അടുത്ത രോഗിയെയും പ്രതീക്ഷിച്ചിരുന്ന എന്റെ മുമ്പിലെ കസേരയിൽ അവർ വന്നിരുന്നത് .അപ്പോൾ കാറ്റിനു കുന്തിരിക്കത്തിന്റെ മണമായിരുന്നു .ഒരു വേള അപ്രതീക്ഷിതമായ ആ നീക്കത്തിൽ ഞാൻ പതറി പോയി .അവർ എന്റെ കണ്ണുകളിലേക്ക് ഉറ്റു നോക്കി .എനിക്ക് ശരീരമാസകലം ഒരു വിറയൽ അനുഭവപ്പെട്ടു . അവരുടെ കണ്ണുകളെ അഭിമുകീകരിക്കാനാവാതെ കുറ്റ ബോധത്താൽ ഞാനുരുകി .
പൊടുന്നനെ അവർ രണ്ടു കൈകളും എന്റെ മൂർദ്ധാവിൽ വെച്ച് എന്തോ മന്ത്രിച്ചു .ശേഷം ഒന്നുമുരിയാടാതെ ഇറങ്ങിപ്പോയി. അവരുടെ പോക്കിൽ എനിക്ക് ചുറ്റിലെ കാറ്റുലഞ്ഞു .
അതിനു തൊട്ടടുത്ത രണ്ടു ദിവസം ഞാൻ പനിച്ചു കിടന്നു .കണ്ണേർ ആയിരിക്കുമെന്ന് പറഞ്ഞു ഉമ്മ വാടയിൽ മഞ്ഞൾ തയച്ചു എന്റെ സന്ധികളിൽ തടവി ഉമ്മറ മുറ്റത്തെ ഏഴു ഫലവൃക്ഷങ്ങളെ കണ്ണിൽ നിറച്ചു എന്റെ തലക്ക് ചുറ്റും മൂന്നു വട്ടം ചുറ്റി പാത്രത്തിലെ മഞ്ഞവെള്ളം മുറ്റത്തേക്ക് തൂവി .വാടയിൽ കുറെ പൂഴിതരികൾ കാട്ടി ഉമ്മ പറഞ്ഞു “കണ്ണേർ തന്നെ “നടന്നതൊന്നും ഞാനുമ്മയോട് പറഞ്ഞില്ല .
പിന്നീട് കുറെ കാലം കഴിഞ്ഞു .അവർ വീണ്ടും വന്നു അവരുടെ കൊച്ചു മകളുടെ ചികിത്സയ്ക്ക് .
അപ്പോൾ അവരിൽ നിറഞ്ഞു നിന്നത് വാത്സല്യമായിരുന്നു .അവരുമെനിക്ക് മുമ്പിൽ രോഗിയായി ഇരുന്നു .എന്റെ ഉമ്മയോടെന്ന പോലെ കാരുണ്യമെന്നിൽ നിറഞ്ഞു .പിന്നീട് അവർ എനിക്ക് കൈപ്പുണ്യമുണ്ടെന്ന് ആരോടെക്കെയായി പറഞ്ഞത്
ഞാനറിഞ്ഞു .അപ്പോൾ മാത്രമാണ് എന്റെ മനസ്സിന്റെ ഭാരമൊഴിഞ്ഞത് .ചികിത്സ കഴിഞ്ഞു ഇറങ്ങും നേരം അവർ സ്നേഹത്തോടെ അവരുടെ വിരലിൽ അണിഞ്ഞിരുന്ന വെള്ളി മോതിരം ഊരി എന്നെ ഏൽപ്പിച്ചു .കളയാതെ സൂക്ഷിക്കണമെന്ന് നിർദ്ദേശിച്ചു .
വെള്ളിയിൽ കറുത്ത കല്ലു പതിപ്പിച്ച ആ മോതിരം ചില രാത്രികളിൽ പ്രകാശം പരത്തുന്നത് എന്നെ അത്ഭുതപ്പെടുത്തിയിരുന്നു .ഉമ്മയോട് അക്കാര്യം വിവരിച്ചപ്പോൾ ചില മോതിരകല്ലുകൾ അനേകം രഹസ്യങ്ങൾ ഒളിപ്പിച്ചു വച്ച ഇരുട്ട് ആണെന്നും ചില ആൾക്കാർ അണിയയുമ്പോൾ അതു വെളിച്ചം പരത്തുമെന്നും ഓർമിപ്പിച്ചു .ഉമ്മയുടെ ഉപദേശപ്രകാരം അത് ഞാൻ അണിഞ്ഞു പോന്നു .
രണ്ടായിരത്തി പതിമ്മൂന്നിന്റെ തുടക്കം .വിസ സ്റ്റാമ്പ്‌ ചെയ്തു തന്ന തിരുവനന്തപുരത്തെ ട്രാവൽസിലെ ബാവക്ക സൂചന തന്നിരുന്നു .
“നീ പോകുന്നതു ഒരു നഗരത്തിലേക്കല്ല ഒരു ചെറിയ ഗ്രാമത്തിലേക്കാണ് ,അവിടെ എത്തി എന്നെ വിളിച്ചു ചീത്ത പറയരുത് .”
ഇന്റർവ്യൂ എടുത്ത അറബി സൂചിപ്പിച്ചതു നാരിയ റിയാദ് പോലെ വലിയ നഗരമെന്നായിരുന്നു .
പാതി വഴിയിൽ പണി നിന്നുപോയ വീട് തീർക്കാൻ ഏത് നരകത്തിൽ പോവാനും മനസ്സ് പാകപ്പെട്ട ഒരു കാലം ആയിരുന്നു അത് .
നാരിയ ,ദമ്മാം നഗരത്തിൽ നിന്നും ഇരുന്നൂറിൽ പരം കിലോമീറ്റർ അകലെയുള്ള ഒരുൾനാടൻ പ്രദേശം .കുവൈറ്റ്‌ അതിർത്തിയിലേക്ക് നീളുന്ന ഹൈവേക്കരികിൽ വളർന്നു വരുന്ന ഒരു ഗ്രാമം .
എയർപോർട്ടിൽ നിന്നും പുറത്തിറങ്ങവെ പറഞ്ഞുറപ്പിച്ച പോലെ കറുത്ത് കുറിയ ഒരു അറബി വേഷധാരി അറബിയിൽ പേരെഴുതിയ ബോർഡുമായി .
പഴക്കമേറിയ ഒരു വാഹനത്തിൽ ഞങ്ങൾ യാത്ര ആരംഭിച്ചു .നഗരപരിധി കഴിഞ്ഞു വണ്ടി ഒഴിഞ്ഞപ്രദേശത്തൂടെ യാത്ര തുടർന്നു .അത് വരെയും എന്നെ സ്വീകരിക്കാൻ വന്നയാൾ ഒന്നു മിണ്ടുകയോ ചിരിക്കുകയോ ചെയ്തില്ല .പ്രാകൃതമായ അറബി വേഷം .ഡ്രൈവിങ്ങിനിടയിലും അയാളുടെ വലത്തേ കയ്യിൽ ചുറ്റിയ ദസ്‌ബമണികൾ ഇരുട്ടിൽ പ്രകാരം പരത്തി .വണ്ടി,അതിന്റെ പ്രായം മറന്നു വേഗത്തിൽ മുന്നോട്ടു നീങ്ങി .ഞങ്ങൾക്കിടയിൽ വിജനത ശ്വാസം മുട്ടി നിന്നു .എനിക്ക് അറിയാവുന്ന അറബിയിൽ വണ്ടിയുടെ വേഗത കുറക്കാൻ ഞാൻ ആവശ്യപ്പെട്ടു .ഷെവർലെയുടെ കാലപ്പഴക്കം ചെന്ന സ്പീഡോ മീറ്ററിൽ വലിയ സൂചി ഇരുന്നൂറിനോട് ചേർന്നുമകന്നുമിരുന്നു.നിർവചനാതീത മായ ഭയം എന്നെ മേപ്പൊതിഞ്ഞു കേറി .കാണെ കാണെ ഇരുട്ട് കനത്തു വന്നു .വഴിയിൽ വെളിച്ചം കുറഞ്ഞുമിരുന്നു .പിന്നീട് ഇരുട്ട് മാത്രം ആയി .എനിക്ക് കരച്ചിൽ വന്നു തുടങ്ങി ,ഒപ്പം ഭയവും .അപരിചിതമായ വഴി .എന്റെ വാക്കുകൾക്കു ഒരു പ്രതികരണവും തരാത്ത കപ്പിത്താൻ .നടുക്കടലിൽ ദിശ അറിയാതെ നീങ്ങുന്ന ഒരു കപ്പലിലെ ഏകാന്തസഞ്ചാരിയെ പോലെ
ഞാൻ ഒരല്പം കരുണ തേടി അയാളുടെ മുഖത്തേക്ക് കണ്ണോടിച്ചു .അവിടം ഇരുട്ട് അല്ലാതെ ഒരു തെളിച്ചവും കണ്ടെത്താൻ എനിക്കായില്ല .തൊണ്ട വരണ്ട് ഒച്ചയടച്ചു നിലതെറ്റി ഉറക്കിലേക്ക് ഞാൻ മുങ്ങിത്താണു .
മരുഭൂമി.
നക്ഷത്രാലംകൃതമായ ആകാശത്തിന്റെ അതിരുകൾ ,കാഴ്ച്ചയെത്താദൂരത്തെ ഇരുട്ടിൽ അലിഞ്ഞു ചേരുന്നു .മണലിൽ പുതഞ്ഞ കാൽ വലിച്ചെടുത്തു ഒട്ടകം മുന്നോട്ടു നീങ്ങി .താണ്ടിയ ദൂരത്തിന്റെ കിതപ്പും പേറി .എനിക്ക് മുമ്പിലും പിറകിലും ഒട്ടകകൂട്ടങ്ങൾ .പ്രാകൃതമായ ഒരറബി വേഷത്തിൽ ആയിരുന്നു ഞാൻ .അതൊരു പാലായനത്തെ അനുസ്മരിപ്പിച്ചു .പൊടുന്നനെ എനിക്ക് മുമ്പിലെ ഒട്ടകം മുട്ട് കുത്തി .ഒപ്പം എന്റെയും ,എനിക്ക് പിറകിലെയും .
ചെറിയ നീരുറവ പൊടിയുന്ന ഒരു പ്രദേശം ആയിരുന്നു അത് .കൂട്ടത്തിൽ ഉയരം കൂടിയ ഒരാൾ നീരുറവക്കടുത്തേക്ക് നീങ്ങുന്ന ഞങ്ങളെ തടഞ്ഞു .ആദ്യം ഒട്ടകങ്ങൾ ദാഹം തീർക്കട്ടെ .ഇനിയും ഏറെ ദൂരം താണ്ടാൻ ബാക്കി യുണ്ട് .ശേഷം നമുക്ക് .അയാളുടെ ആജ്ഞ ഞങ്ങൾ അനുസരിച്ചു .
അവിടം ഉയർത്തിയ കൂടാരത്തിൽ ഞങ്ങൾ ഭക്ഷണം പകുത്തു .ശേഷം പ്രാർത്ഥനയിലേക്ക് നീങ്ങി .പൊടുന്നനെ ഞങ്ങളുടെ കൂടാര ത്തിനു പുറത്തു കുളമ്പടി ഒച്ചകൾ .അപ്പോഴും ഞങ്ങൾ പ്രാർത്ഥന യിൽ നിന്നും ഉണർന്നതേയില്ല .ഇബ്രാഹിം നബിയെ തീയിൽ എറിഞ്ഞ ശത്രുക്കളിൽ നിന്നും രക്ഷിച്ച നാഥനെ വാഴ്ത്തുന്ന സൂക്തങ്ങളിൽ അലിഞ്ഞിരിക്കവെ ശത്രുക്കൾ ഞങ്ങളുടെ കൂടാരത്തിന് തീയിട്ടു .എനിക ചുറ്റും വലയം ചെയ്ത പുകയിൽ ശ്വാസം കിട്ടാതെ …
ഞാൻ ഞെട്ടി ഉണരുമ്പോഴേക്ക് വണ്ടിയിൽ പുക നിറഞ്ഞിരിക്കുന്നു .ഒരു ചുമയിൽ എന്റെ ശ്വാസം തിരിച്ചു പിടിക്കാൻ ഞാൻ ശ്രമിച്ചു .പൊടുന്നനെ വാതിൽ തുറന്നു പുറത്തു ചാടി .വണ്ടി മണലിൽ പൂണ്ടു കിടക്കുന്നു .ദയനീയമായ മുരൾച്ചയിൽ ബോണെറ്റ് തുറന്നു കിടക്കുന്നു .മുനിഞ്ഞു കത്തുന്ന ഹെഡ്ലൈറ്റിന്റെ പ്രകാശം . ഞാൻ ഡ്രൈവറെ അവിടെയെല്ലാം തിരഞ്ഞു .അവിടെ എങ്ങും അയാളെ കണ്ടതേയില്ല .
അങ്ങനെ സ്ഥലകാലം നഷ്ടപ്പെട്ടു വഴിമറന്നു പോയ ഒരു ആട്ടിടയനെ പോലെ ഞാൻ. മൊബൈലിൽ സമയം തിരഞ്ഞു .നാട്ടിൽ നേരം പുലർച്ചെ ആയിരുന്നു .ഞാൻ രണ്ടര മണിക്കൂർ പിറകോട്ടു മാറി .സൗദിയിൽ രണ്ടു മണി കഴിഞ്ഞു നാല്പ്പത് മിനിറ്റ് .ഒരാശ്വാസത്തിന് ഞാൻ എന്റെ സ്പോൺസറെ വിളിക്കാൻ നമ്പർ തിരഞ്ഞു .അപ്പോൾ എന്റെ ഫോണിൽ കിടക്കുന്നത് ഇന്ത്യൻ സിം ആണെന്ന് ചിന്തിക്കാൻ പോലും ആകാത്ത ഒരു അവസ്ഥയിൽ ആയിരുന്നു ഞാൻ .
യാത്രയ്ക്കായി ഉണരുമ്പോൾ വീട്ടിന്നു പുറത്തു മഴ കനത്തു തുടങ്ങിയിരുന്നു .ഭാര്യക്കും മക്കൾക്കും ഒപ്പം റെയിൽവേ സ്റ്റേഷനിലേക്ക് വീടും പൂട്ടി ഇറങ്ങിയതാണ് .ഗേറ്റ് ഇറങ്ങി മുന്നോട്ടു നീങ്ങവേ പൊടുന്നനെ വലിയ ശബ്ദത്തിൽ ഇടി ,മിന്നലിന്റെ ഒരു കീറ് കുറച്ചകലെ മാറി മണ്ണിന്റെ നെഞ്ച് കീറി .അതേ നിമിഷത്തിൽ വീട്ടു മുറ്റത്തെ മാവിന്റെ കൊമ്പൊടിഞ്ഞു ഞങ്ങൾക്ക് പിറകിൽ .ഭാര്യയും മക്കളും ഭയത്തോടെ എന്റെ ചിറകിനടിയിൽ .അവൾ യാത്ര മാറ്റി വെക്കാൻ കെഞ്ചിയത് ആണ് .ഞാൻ അതൊന്നും ചെവി കൊടുക്കാതെ .
ഞാൻ എന്റെ വിധിയെ അനുസരിക്കാൻ തക്കവണ്ണം മനസ്സിനെ പാകപ്പെടുത്തി .പരീക്ഷണങ്ങളെ അതിജീവിക്കുമ്പോൾ ആണ് വിശാസം കനക്കുന്നത് എന്ന് മനസ്സ് ധൈര്യം തന്നു .നാഥനെ കൂട്ടുവിളിച്ചു ഞാൻ പുറത്തിറങ്ങി ചുറ്റും ഇരുട്ടല്ലാതെ മറ്റൊന്നുമില്ല .ഞാൻ കാതു കൂർപ്പിച്ചു കാറ്റിരമ്പം അല്ലാതെ മറ്റൊരൊച്ചയുമില്ല .വണ്ടിയുടെ വെളിച്ചത്തിൽ അതൊരു മണൽ പാതയാണെന്ന് തിരിച്ചറിഞ്ഞു .ഒരു പക്ഷെ ഇതൊരു കുറുക്കു വഴിയാവാം .യാത്രയുടെ ദൂരം കുറക്കാൻ അയാളുടെ ശ്രമം ആവാം ഇങ്ങനെ ഒരവസ്ഥയിൽ വന്നു പെട്ടത് എന്ന് ഞാൻ ഊഹിച്ചു .എങ്കിൽ അയാൾ എവിടെ .പുറത്തു എവിടെയെങ്കിലും വീണു കിടക്കുന്നുണ്ടാവുമോ ,അതല്ലെങ്കിൽ സഹായം തേടി പോയതായിരിക്കുമോ .അനുമാനങ്ങളിൽ അഭയം തേടവേ ,
പയ്യേ പയ്യേ ആകാശത്തു ഇരുട്ട് അലിയാൻ തുടങ്ങി .ഞാൻ വണ്ടിയിൽ തന്നെ ഇരുന്നു .അതിനിടയിൽ വണ്ടി മുരൾച്ചയിൽ നിന്ന് മൗനത്തിലേക്ക് വീണു പോയിരുന്നു .
രാത്രി പകലിലേക്കലി യുന്ന കാഴ്ച ഞാൻ അനുഭവിച്ചു .മരുഭൂമിക്കു മേൽ കന്യാവെളിച്ചം .പൊടുന്നനെ വെള്ളിപ്രഭയിൽ കുറച്ചു അകലെ മാറി ഒരു കുഞ്ഞു മിനാരം എനിക്ക് മുമ്പിൽ തെളിഞ്ഞു .ഞാൻ പെട്ടിയും ചുമലിലേറ്റി മണലിൽ പുതഞ്ഞ കാലും വലിച്ചു നടന്നു .
അതൊരു ചെറിയ പള്ളിയായിരുന്നു .യാത്രക്കാർക്ക് വേണ്ടിയുള്ളതായിരിക്കണം .അവിടെ ആരെയും കണ്ടതേ ഇല്ല .ഒരു പാട് കാലം ആയി അവിടെ ഒരു പ്രാർത്ഥന നടന്നിട്ടെന്നെനിക്കു തോന്നി .ഞാൻ പതിയെ വാതിൽ തുറന്നു അകത്തു പ്രവേശിച്ചു .ഒരു ഒറ്റ വെളിച്ചം മാത്രം .ഞാൻ എന്റെപെട്ടി മാറോടു ചേർത്ത് മതിലിൽ ചാരി മയങ്ങിപ്പോയി .
വളരെ അടുത്ത് മുഴങ്ങിയ ബാങ്കിന്റെ ഒച്ച യിൽ ഞാൻ ഉണർന്നു .കണ്ണ് തുറക്കുമ്പോൾ എനിക്ക് അരികിൽ ഒരു പോലീസുകാരൻ .അയാൾ ഞാൻ ഉണരാൻ കാത്തിരിക്കുകയായിരുന്നു . എനിക്ക് സലാം ചൊല്ലി .ശേഷം ഞങ്ങൾ ഒപ്പം ചേർന്നു പ്രാർത്ഥിച്ചു .
അനേകം മജ്‌റകൾ നിറഞ്ഞ ഒരു പ്രദേശം ആയിരുന്നു അതു .ഞാൻ പോലീസ് വണ്ടിയിൽ യാത്ര തുടർന്നു .അപൂർവം ആയി വഴി യാത്രക്കാർ ഉള്ള വഴിയും .ഞാൻ കൊടുത്ത സ്പോൺസറുടെ നമ്പറിൽ പോലിസുകാരൻ വിളിച്ചു .ഞാൻ പറഞ്ഞത് സത്യം ആണെന്ന് ഉറപ്പ് വരുത്തി .എന്റെ വിവരം ഒന്നും ഇല്ലാതെ കഫീൽ ആധിയിൽ ആയിരുന്നു .
അയാൾ എന്നെ സ്വീകരിക്കാൻ അയച്ച മലയാളിയായ ഡ്രൈവർ എന്റെ പേര് എഴുതിയ ബോർഡും ഉയർത്തി അപ്പോഴും എയർപോർട്ടിൽ എന്നെയും തിരഞ്ഞു അലയുന്നുണ്ടായിരുന്നു .
ഞാൻ വെളിച്ചം പരന്ന മരുഭൂമിയിലേക്ക് തിരിഞ്ഞു നോക്കി .അങ്ങകലെ കരയൊട്ടിതകർന്ന കപ്പൽഛേദം പോലെ ആ വാഹനം .അതിനു ചുറ്റും ഞാൻ നീന്തി വെളുപ്പിച്ച ഇരുട്ടിന്റെ ആ രാത്രി എന്റെ വിരലിലെ മോതിരകല്ലിൽ നിന്നും എന്നെ നോക്കി കണ്ണിറുക്കി .
തഹവീൽ അൽ രാജിക്കു മുമ്പിലെ പഴയ ഒരു ഹോട്ടൽ .യെമനിൽ നിന്നുള്ള ഒരു പയ്യൻ ആയിരുന്നു ഹോട്ടൽ നടത്തിപ്പുകാരൻ .മുറിയിൽ ഭക്ഷണം പാകം ചെയ്യാൻ ഉള്ള സൗകര്യം ഒന്നും ഇല്ലായിരുന്നു .തൊട്ടടുത്ത പഴയ സൂക്കിനോട് ചേർന്നുള്ള കിങ് ഹോട്ടലിൽ നിന്നായിരുന്നു ഭക്ഷണം .ടിഫിൻ കരിയറിൽ മുറിയിൽ എത്തിച്ചു തരുന്ന മീൻ വിഭവങ്ങളുടെ മണം പലപ്പോഴും യെമനിയെ അലസോരപ്പെടുത്തിയിരുന്ന നേരത്താണ് അവൻ തൊട്ടടുത്ത ബക്കാലയിലെ ബംഗാളിയെ പരിചയപ്പെടുത്തിയത് .അവന്റെ അറിവിൽ ഒരു വില്ലയുണ്ട് .തൊട്ടടുത്ത പള്ളിയോട് ചേർന്നു താഴേക്ക് കുറച്ചു നടന്നാൽ അവിടെയെത്താം .
പച്ചപ്പ് നിറഞ്ഞ ഒരു പ്രദേശം ആയിരുന്നു അത് .തൊട്ടപ്പുറത്തു മതിൽ കെട്ടി വേർതിരിച്ച ശ്‌മശാനം .റോഡിന്റെ ഇടതു വശത്തു ചേർന്നു ചെറിയ ഒരു തോട്ടം .അതിനോട് ചേർന്നു പഴയ രണ്ടു നില വീട് .മുകളിലത്തെ നിലയിലേക്ക് പ്രത്യേകവഴി .താഴത്തെ നിലയിലേക്ക് പരസ്പരം ബന്ധിപ്പിക്കാത്ത മറ്റൊരു വഴി .ഒറ്റ കാഴ്ചയിൽ തന്നെ വീട് എനിക്കിഷ്ടമായി .അതിനു ചുറ്റും ഉള്ള പച്ചപ്പ് ആയിരുന്നു ആ ഇഷ്ടത്തിന് കാരണം .
അങ്ങനെ ഒരു വെള്ളിയാഴ്ച ഉച്ച പ്രാർത്ഥനയ്ക്ക് ശേഷം ഞാൻ വീട് മാറി .പുറത്തു പഴമയാണെങ്കിലും അകത്തു പുതുമോടി മാറിയിട്ടില്ലായിരുന്നു .ഒരു പാട് കാലം ആരും ഉപയോഗിക്കാതെ കിടന്നതിന്റ ചില പ്രശ്നങ്ങളോഴിച്ചാൽ ബാക്കിയെല്ലാം നല്ലതും .ഇത്ര മനോഹരമായ പ്രദേശത്തു ഇത്രയും സൗകര്യം ഉള്ള വീട് വാടകക്കാരില്ലാതെ ഇത്രയും കാലം പൂട്ടിയിട്ടതെന്തായിരിക്കാം .ഒരു പക്ഷെ ജനൽ വെട്ടത്തിൽ നിറയുന്ന ശ്‌മശാനകാഴ്ചയായിരിക്കുമോ .
ഞാൻ വീട് കയറിയ ഉടനെ ജനലുകൾ എല്ലാം തുറന്നിട്ടു .ചൂട് വരണ്ട ഒരു കാലം ആയിരുന്നുവെങ്കിലും ,എനിക്ക് ചുറ്റിലെ പച്ചപ്പിൽ നിന്നും ശീതനിശ്വാസം മുറി അകത്തേക്ക് വലിച്ചെടുത്തു .
രണ്ടു കിടപ്പു മുറികൾ .നിലത്തു കമ്പളം വിരിച്ച ഒരു വലിയ സ്വീകരണ മുറി .അതിനു തൊട്ട് അടുക്കള .അതിനോട് ചേർന്നുള്ള മുറി പൂട്ടിയിട്ടിരുന്നു .അതു തുറന്നു നോക്കാനുള്ള ശ്രമം പാഴായി .
കിടപ്പ് മുറിയിലെയും ,ബാത്‌റൂമിലെയും മുഖകണ്ണാടി പൊട്ടി തകർന്നതൊഴിച്ചാൽ വേറെ കുറ്റങ്ങൾ ഒന്നും കണ്ടെത്താനായില്ല .ബംഗാളിപയ്യൻ അടുത്ത ദിവസം തന്നെ കണ്ണാടി മാറ്റിതരാമെന്ന് ഉറപ്പ് നൽകി .കിടക്കയിലേക്ക് മുഖം തിരിച്ചു നിൽക്കുന്ന കണ്ണാടി ഞാൻ തുണി ഇട്ട് മൂടി .ജനലുകൾ ഒന്നും അടക്കാതെ ആ രാത്രി ഉറങ്ങി .
പകൽ ഉണർന്നത് കിളിയൊച്ചയിൽ .ഞാൻ സന്തോഷത്തോടെ കിളികളെ തിരഞ്ഞു .കാളിങ് ബെൽ ആയിരുന്നു .ചമ്മലോടെ വാതിൽ തുറന്നു .അവിടെ ആരെയും കണ്ടതേയില്ല .തിരിച്ചു വാതിലിലേക്ക് മുഖം തിരിക്കവേ ഒരു വലിയതളിക എന്റെ ശ്രദ്ധയിൽ പെട്ടു അത് നിറയെ പഴുത്തുതുടങ്ങിയ ഈത്തപ്പഴം.തോട്ടത്തിൽ നിന്നും കാവൽക്കാരൻ കൊണ്ടു വെച്ചതാണോ .അല്ല ,താഴത്തെ വീട്ടിലെ താമസക്കാർ കൊണ്ടു വെച്ചതാണോ എന്ന് ഞാൻ സംശയിച്ചു .തളിക സ്വീകരണ മുറിയിലെ കമ്പളത്തിൽ വെച്ച് ഞാൻ ദിനചര്യകളിൽ മുഴുകി .ഇടയ്ക്ക് അതിൽ നിന്നും പഴുത്തത് തിരഞ്ഞു കഴിച്ചു .
അങ്ങനെ കുറച്ചു കാലം കഴിഞ്ഞു .അതിനിടയിൽ മൂന്നോ നാലോ മയ്യത്തുകൾ കബറടക്കുന്നതിന് സാക്ഷിയായി .അപ്പോഴെല്ലാം ജീവിതത്തിന്റെ നിരർത്ഥകതയിൽ എല്ലാ ശരീരങ്ങളും മരണത്തിന്റെ രുചി അറിയുമെന്ന് സ്വയം സമാധാനം കൊണ്ടു കഴിഞ്ഞു .
അങ്ങനെയിരിക്കെ ചൂട് ഒഴിഞ്ഞു ശീതകാലം വിരുന്നു വന്നു .ഒപ്പം കിളിയൊച്ചകളും .മുറ്റത്തെ പേരറിയാത്ത മരചില്ലകൾ ജനൽതൊട്ടുവിളിച്ചു .കിളികൾ വിരുന്നു വന്നെന്നറിയിച്ചു .അത്രയും കാലം ആയിട്ടും താഴത്തെ നിലയിലെ താമസക്കാരെ കണ്ടതേയില്ല .രാത്രിയിൽ കുട്ടികളുടെ ഒച്ചകേട്ടതൊഴിച്ചാൽ മറ്റൊന്നുമില്ല .മതിലിനു പുറത്തു മരത്തണലിൽ നിർത്തിയിട്ട പഴയ ഒരു കാർ .ഒരു പാട് കാലം ആയി അതൊന്നനങ്ങിയിട്ടെന്ന വണ്ണം ചുറ്റിലെ ഇലശേഷിപ്പുകൾ .വെള്ളിയാഴ്ച രാത്രികളിൽ കാരമേറിയ അറേബ്യൻ ഹൂദിന്റെ വാസന ഒപ്പം മൃഗകൊഴുപ്പിന്റെ മണം .അതൊന്നുമെന്നെ ബാധിച്ചതേയില്ല .രണ്ടു പ്രാവശ്യം മുറിയിലെ കണ്ണാടി ചില്ലുകൾ ഒരു കാരണവുമില്ലാതെ പൊട്ടിതകർന്നതൊഴിച്ചാൽ .
അതിനിടയിൽ നോമ്പ് കഴിഞ്ഞുള്ള പെരുന്നാൾ ദിനം .സൂര്യോദയത്തിന് മുമ്പുള്ള പെരുന്നാൾ നമസ്കാരത്തിന് ഞാൻ പടവുകൾ ഇറങ്ങവേ .ആദ്യമായി താഴത്തെ വീട്ടിലെ താമസക്കാർ ഗേറ്റ് ഇറങ്ങിപ്പോവുന്നത് കണ്ടു .ഒരു വൃദ്ധനും ആറോളം കുട്ടികളും .വെളുത്ത വസ്ത്രങ്ങളുടെ പ്രഭ .അപ്പോഴും രാത്രി പുലർച്ചെയെ പുൽകിയിരുന്നില്ല .ഞാൻ അവർക്കൊപ്പം ചേരാൻ വേഗത്തിൽ നടന്നു അവരുടെ ശ്രദ്ധക്ഷണിക്കാൻ ഉറക്കെ സലാം പറഞ്ഞു .അയാളോ കുട്ടികളോ തിരിഞ്ഞു നോക്കിയതേയില്ല .ഒരു തിരിവിൽ അവർ മാഞ്ഞു .
വ്യക്തമായി ഓർക്കുന്നു .അതേ രാത്രി .അതൊരു വെള്ളിയാഴ്ചയായിരുന്നു .നേരത്തെ ഉറക്കിലേക്ക് ഞാൻ വീണു പോയിരുന്നു .പൊടുന്നനെ ശക്തമായ ഒരു കുലുക്കത്തിൽ ഞാൻ ഞെട്ടി ഉണർന്നു .ചുറ്റും നടക്കുന്നത് എന്തെന്ന് എനിക്ക് തിരിച്ചറിയാൻ ആയില്ല .കിടപ്പ് മുറിയിലെ ആൾ കണ്ണാടി ആരോ കല്ലെറിഞ്ഞപോലെ ചിന്നി ചിതറി .ഭൂമികുലുക്കം ആണോ എന്ന് ഞാൻ ഭയപ്പെട്ടു .കുളിമുറിയിലെ കണ്ണാടി ചിതറുന്ന ഒച്ച .ഞാൻ ഭയത്തിന്റ കമ്പളത്തിനകത്തൊളിച്ചു .
പുലർച്ചെ ,അതു സ്വപ്‌നമായിരുന്നില്ലെന്ന് ഉറപ്പ് വരുത്തി .തറയിൽ ചിതറി കിടക്കുന്ന കുപ്പിചില്ലുകൾ പെറുക്കവേ എന്റെ കൈവിരൽ മുറിഞ്ഞു .നിൽക്കാത്ത ജലധാര പോലെ രക്തം . ഗവണ്മെന്റ് ഹോസ്പിറ്റലിലെ എമർജൻസി മുറിയിൽ പരിചിതനായ ഡോക്ടർ അലക്‌സും മസ്രി സർജനും കൂടി മുറിവ് തുന്നി ചേർത്തു .
മുറിയിൽ വിശ്രമിക്കവേ ഡോ .അലക്സിന്റെ ഫോൺ കാൾ .ഒരു സാധാരണ പരിശോധനയ്ക്ക് നൽകിയ രക്തസാംപിളിന്റെ റിസൾട്ട്‌ അറിയിക്കാൻ .ഡോക്ടർ പറഞ്ഞു പേടിക്കാൻ ഒന്നും ഇല്ല ഹീമോഗ്ലോബിൻ പതിനെട്ടിന് മുകളിൽ കിടക്കുന്നു .സാധാരണ പതിനാറിന് കീഴെ ആണ് വേണ്ടത് .അടുത്തിടെ അകാരണമായ തലവേദന വന്നിരുന്ന തൊഴിച്ചാൽ അസാധാരണമാ യൊന്നും ശ്രദ്ധയിൽ പെട്ടിരുന്നില്ല .സാധാരണ ഹീമോഗ്ളോബിൻ കൂടാൻ ഉള്ള കാരണമൊന്നും തുടർ ടെസ്റ്റുകളിൽ കണ്ടെത്താൻ ആയതുമില്ല .പുക വലിക്കാരിലും ,ഭൂമിയിൽ നിന്ന് ഉയർന്ന പ്രദേശത്തു വസിക്കുന്നവരിലും ഹീമോഗ്ലോബിൻ അസാധാരണമായി കൂടാറുണ്ട് .അതു രണ്ടും എന്റെ കാര്യത്തിൽ മുഖവിലയ്‌ക്കെടുക്കാനുമാവില്ല . ഡോക്ടർ അലക്സ്‌ നിർദേശിച്ച പ്രകാരം ഒരു യൂണിറ്റ് രക്തം ദാനംചെയ്തു .
അതിനു അടുത്ത വെള്ളിയാഴ്ച ഡോക്ടർ അലക്സിനെയും ഡോക്ടർ സീതിയെയും ഞാൻ ഒരു പാർട്ടി യോരുക്കി വീട്ടിലേക്കു ക്ഷണിച്ചു .അവർക്ക് ലൊക്കേഷൻ അയച്ചു കൊടുത്തു അവരെയും കാത്തിരുന്നു .
രാത്രിയോട് കൂടി തിരക്കൊഴിഞ്ഞ അവർ വീട്ടിലേക്ക് വന്നു .അവരെ സ്വീകരിക്കാൻ ഞാൻ പടവുകൾ ഇറങ്ങി .പടവുകൾ തിരിച്ചു കയറവെ അവരുടെ മുഖത്തു വായിച്ചെടുക്കാൻ ആവാത്ത അമ്പരപ്പ് .കമ്പള ത്തിൽ ഭക്ഷണം പകുക്കുമ്പോഴും അത് മാറിയിരുന്നില്ല .അതിനിടയിൽ ഡോക്ടർ രക്ത പരിശോധന ഫലം എനിക്ക് കൈമാറി .ജാക്ക് 2,പെരിഫെറൽ സ്മിയർ ,ഓസ്മോറ്റിക് ഫ്രജിലിറ്റി. മൂന്നിലും അസാധാരണ മായി ഒന്നുമില്ല .പുകവലി ഇല്ലാത്തത് കൊണ്ടു അസാധാരണമായി രക്തം കൂടാനുള്ള വഴിയുമില്ല .പിന്നീട് അയേൺ കൂടുതൽ ഉള്ള ഭക്ഷണം .അപ്പോൾ ആണ് തളികയിൽ ആരോ കൊണ്ടു വച്ചു പോയ ഈത്തപ്പഴത്തെ കുറിച്ച് ഞാൻ ഓർ ത്തെടുത്തത് .അതു കേൾക്കെ അവരിരുവരും പരസ്പരം മുഖം നോക്കി .ചെറിയ തോതിൽ കഴിച്ചത് ഇത്രയും വലിയ ഒരു അളവിൽ …
പാസ്പോർട്ടും അത്യാവശ്യവസ്ത്രങ്ങളും അടങ്ങിയ പെട്ടിയുമെടുത്തു ,വീട് പൂട്ടി അവർക്കൊപ്പം പടിയിറങ്ങി .താക്കോൽ തിരിച്ചേൽപ്പിക്കാൻ ബംഗാളിയെ തേടി ഞങ്ങൾ തഹ്‌ലീൽ അൽറാജിക്കടുത്ത ബകാല തിരഞ്ഞു പോയി .മൂന്നാവർത്തി തിരഞ്ഞിട്ടും അവിടെ ബംഗാളിയുടെ ബകാല കണ്ടെത്താൻ ഞങ്ങൾക്കായില്ല .അവന്റെ നമ്പറിൽ ബന്ധപ്പെടാനുള്ള ശ്രമവും പരാജയപ്പെട്ട നേരത്ത് ഡോക്ടർ സീതി പറഞ്ഞു “എന്റെ ആറു വർഷത്തെ അറിവിൽ ഇവിടെ ഒരു ബകാല ഉണ്ടായതായി ഓർക്കുന്നില്ല”അപ്പോൾ ആണ് ആ വീട്ടിൽ കാളിങ് ബെല്ലും ഇല്ലായിരുന്നുവെന്ന്ഞാൻ ഓർത്തെടുത്തതോടെ എന്റെ കയ്യിൽ കിടന്ന താക്കോൽ വിറകൊണ്ടു .അപ്പോഴും ഡോക്ടർ സീതയുടെ വാക്കുകൾ എനിക്ക് മേൽ ഒരു തണുപ്പായി പൊതിഞ്ഞു .”നിങ്ങൾ താമസിച്ചിരുന്ന പ്രദേശത്തിനടുത്തു പ്രാചീനമായ ഒരു മണൽ കോട്ടയുടെ അവശിഷ്ടമുണ്ട് .അതൊരു ജിന്നുകളുടെ താഴ്‌വര ആയിരുന്നു എന്നാണ് കേട്ടുകേൾവി “
അതിനു പിന്നെ പലയാവർത്തി യുള്ള രക്ത പരിശോധനയിൽ ഹീമോഗ്ലോബിൻ പരിധിക്കപ്പുറത്തേക്കു ഉയർന്നതുമില്ല . കാലങ്ങൾക്കു ശേഷം നാരിയയിലെ ജോലി ഉപേക്ഷിച്ചു നാട്ടിലേക്ക് യാത്ര പുറപ്പെടവേ ഡ്രൈവറോട് വണ്ടി പഴയ താമസസ്ഥലം വരെ പോകാൻ ആവശ്യപ്പെട്ടു .
അവിടെയെങ്ങും മതിൽ കെട്ടിയ ശ്മാശാനമോ ,തോട്ടത്തിനകത്തൊരു വീടോ കണ്ടെത്താൻ എനിക്കായില്ല .പൂത്ത വെയിലിൽ ഒറ്റപ്പെട്ട ഒരു വീടും അതിനു പുറത്തു പഴകിയ ഒരു കാറും അല്ലാതെ .
നാട്ടിൽ എത്തി .ഉമ്മയ്ക്കരികിൽ ഇരുന്നു വിശേഷങ്ങൾ പങ്കു വെക്കവേ .വിചിത്രങ്ങൾ ആയ രണ്ടു അനുഭവങ്ങൾ കേട്ട് ഉമ്മ ഞെട്ടിത്തരിച്ചു .സംസാരം ഒടുവിൽ ജിന്നുമ്മയിലേക്കും അവർ സമ്മാനിച്ച മോതിരത്തിലേക്കും നീങ്ങി .
പെട്ടിയിൽ ഉപേക്ഷിച്ച മോതിരം ഉമ്മയെ ഏൽപ്പിക്കുമ്പോൾ ആണത് ശ്രദ്ധിച്ചത് .മോതിരത്തിലെ കറുത്ത കല്ല് വെടിചില്ലു പോലെ പൊട്ടി ചിതറി കിടക്കുന്നു .അത് കണ്ടു ഉമ്മ പറഞ്ഞു
“പടച്ചോൻ കാത്തു “
❤️
May be an image of 1 person, beard, smiling and hospital
Like

 

Comment
Share