വാക്സീൻ സർട്ടിഫിക്കറ്റോ പിസിആർ നെഗറ്റീവ് ഫലമോ ഉളളവർക്ക് എക്സ്പോ വേദിയിൽ പ്രവേശിക്കാം

ദുബായ് എക്സ്പോയിൽ സന്ദർശിക്കുന്നവർ പ്രവേശന അനുമതി ലഭിക്കുന്നതിനായി വാക്സിനേഷൻ റിപ്പോർട്ടോ 72 മണിക്കൂറിനകമുള്ള പിസിആർ നെഗറ്റീവ് റിപ്പോർട്ടോ ഹാജരാക്കണമെന്ന് അധികൃതർ വ്യക്തമാക്കി. 18 വയസ്സ് മുതലുള്ള സന്ദർശകർക്ക് ഇത് ബാധകമാണ്. സന്ദർശകർ അതത് രാജ്യങ്ങളിലെ വാക്സീൻ സ്വീകരിച്ചാൽ മതിയാകും. അതേസമയം രേഖകൾ കൈവശം ഇല്ലാത്തവർക്ക് എക്സ്പോ വേദിയോടനുബന്ധിച്ചുള്ള കേന്ദ്രത്തിൽ പിസിആർ പരിശോധന നടത്തും.
ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ എക്സ്പോ സൈറ്റിൽ ലഭ്യമാണ്. എക്സ്പോ സന്ദർശിക്കാനുള്ള ടിക്കറ്റുള്ളവർക്ക് സൗജന്യ പിസിആർ പരിശോധന നടത്താം.പ്രവേശന കവാടത്തിൽ സന്ദർശകരുടെ ശരീരോഷ്മാവ് പരിശോധിക്കും. വേദിയിലും പുറത്തും അകലം ഉറപ്പാക്കാനും നടപടി സ്വീകരിക്കും. 2 മീറ്റർ അകലം പാലിക്കണമെന്നാണു നിർദേശം. സംഘാടകർ, വൊളന്റിയർമാർ, ജീവനക്കാർ എന്നിവർക്ക് വാക്സിനേഷൻ നിർബന്ധമാണ്.