2021 ഒക്ടോബര്‍ 1 മുതല്‍ യുഎഇയിലെ ദുബായില്‍ നടക്കുന്ന എക്സ്പോ 2020യുടെ ഇന്ത്യാ പവലിയനില്‍ പങ്കാളിത്തം പ്രഖ്യാപിച്ച് അന്താരാഷ്ട്ര ജ്വല്ലറി ഗ്രൂപ്പായ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ്
.ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേമ്പേഴ്സ് ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രിയുമായാണ്(FICCI)മുഖ്യ സ്‌പോണ്‍സര്‍മാരിലൊരാളായി പങ്കാളിത്ത കരാറില്‍ ഒപ്പുവെച്ചത്.പത്ത് രാജ്യങ്ങളിലായി 260ലധികം ഔട്ട്ലെറ്റുകളുടെ ശക്തമായ റീട്ടെയില്‍ ശൃംഖലയുള്ള ജ്വല്ലറി ഗ്രൂപ്പാണ് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ്
.
ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേമ്പേഴ്സ് ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി (എഫ്ഐസിസിഐ) സെക്രട്ടറി ജനറല്‍ ദിലീപ് ചെനോയ്, മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിങ്ങ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ് എന്നിവര്‍ സ്‌പോണ്‍സര്‍ പങ്കാളിത്ത കരാറില്‍ ഒപ്പുവെച്ചു. എഫ്ഐസിസിഐ അസിസ്റ്റന്റ് സെക്രട്ടറി ജനറല്‍ ഡോ. ഗുന്‍വീന ഛദ്ദ, എഫ്ഐസിസിഐ സീനിയര്‍ ഡയറക്ടര്‍ പ്രവീണ്‍ കുമാര്‍ മിത്തല്‍, മലബാര്‍ ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ കെ.പി. അബ്ദുല്‍ സലാം, മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് ചീഫ് മാര്‍ക്കറ്റിങ്ങ് ഓഫീസര്‍ സലീഷ് മാത്യൂ എന്നിവരും ദുബായില്‍ സംഘടിപ്പിച്ച സ്വകാര്യ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, ദക്ഷിണേഷ്യ (MEASA)മേഖലകളില്‍ നടക്കുന്ന ആദ്യത്തെ ലോക എക്‌സ്‌പോയാണ് ദുബായ് എക്‌സ്‌പോ 2020. 4.38 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയോടെ ദുബായ് സൗത്ത് ഡിസ്ട്രിക്റ്റില്‍ സംഘടിപ്പിക്കപ്പെടുന്ന എക്‌സ്‌പോ 2020, 191 രാജ്യങ്ങളുടെ പവലിയനുകളും നിരവധി സിഗ്‌നേച്ചര്‍ പവലിയനുകളും നിറയുന്ന ഒരു ആഗോള വേദിയായി മാറും. നൂതനമായ കണ്ടുപിടിത്തങ്ങള്‍, ആശയങ്ങള്‍, അറിവുകള്‍, ബിസിനസ്സ് അവസരങ്ങള്‍ എന്നിവയ്‌ക്കൊപ്പം കോവിഡാനന്തര കാലത്തേക്കുള്ള ലോകത്തിന്റെ പ്രയാണവും പ്രദര്‍ശിപ്പിക്കുകയും കൈമാറുകയും ചെയ്യുന്ന വേദിയാകും ഇവിടെ ഒരുങ്ങുക. സുസ്ഥിരത, മൊബിലിറ്റി, അവസരങ്ങള്‍ എന്നിങ്ങനെ എക്‌സ്‌പോ 2020യ്ക്ക് 3 സബ് തീമുകളാണുള്ളത്. ആ സബ് തീമുകളുടെ പേരില്‍ 3 തീമാറ്റിക്ക് ഡിസ്ട്രിക്റ്റുകള്‍ എക്‌സ്‌പോ വേദിയിലുണ്ടാവും.
എക്സ്പോയിലെ ഏറ്റവും വലിയ പവലിയനുകളിലൊന്നായ ഇന്ത്യന്‍ പവലിയന്‍ കഴിഞ്ഞ 75 വര്‍ഷത്തിനിടയില്‍ സ്വന്തമാക്കിയ രാജ്യത്തിന്റെ നേട്ടങ്ങള്‍, നൂതന സാങ്കേതികവിദ്യകള്‍, അത് നല്‍കുന്ന ബിസിനസ്സ് അവസരങ്ങള്‍, സാംസ്‌കാരിക വൈവിധ്യം, പുരാതന സമ്പത്ത് എന്നിവ പ്രദര്‍ശിപ്പിക്കും. യുഗങ്ങങ്ങളുടെ പഴക്കമുള്ള യോഗയുടെ പാരമ്പര്യം മുതല്‍ ബഹിരാകാശത്തേക്കുള്ള ഇന്ത്യയുടെ പ്രവേശനം വരെ ഉള്‍പ്പെടുന്ന പവലിയന്‍, ഈര്‍ജ്ജസ്വലവും അഭിലാഷപൂര്‍ണ്ണവുമായ ഒരു ഇന്ത്യയെ അവതരിപ്പിക്കും. 600 വ്യത്യസ്തവും വര്‍ണ്ണാഭവുമായ ബ്ലോക്കുകള്‍ ഉള്‍ക്കൊള്ളുന്നതാണ് പവലിയന്റെ പ്രധാന ഭാഗം. ചലിക്കുന്നതിനിടയില്‍, വിവിധ തീമുകള്‍ പ്രദര്‍ശിപ്പിക്കുന്ന മൊസൈക്ക് പാനലുകളായാണ് ഇതിനെ വികസിപ്പിച്ചിട്ടുളളത്. ഇത് ‘ഇന്ത്യ മുന്നേറുന്നു’ എന്ന പ്രമേയത്തെ പ്രതിനിധീകരിക്കുന്നു. ഒപ്പം രാജ്യത്തിന്റെ സമ്പന്നമായ പൈതൃകത്തിന്റെയും സാങ്കേതിക മുന്നേറ്റത്തിന്റെയും സവിശേഷമായ ഒരു സംയോജനം കൂടി ഇത് സമ്മാനിക്കും. മെഗാ ദീപാവലി, ഹോളി ആഘോഷങ്ങള്‍ക്കും പവലിയന്‍ ആതിഥേയത്വം വഹിക്കും.
വിവിധ തീമുകള്‍ ഉള്‍ക്കൊള്ളുന്ന നാല് നിലയില്‍ ഒരുക്കിയ പ്രൗഢമായ സമുച്ചയമാണ് ഇന്ത്യന്‍ പവലിയന്‍. ബഹിരാകാശ സാങ്കേതികവിദ്യയില്‍ ഇന്ത്യയുടെ വര്‍ദ്ധിച്ചുവരുന്ന വൈദഗ്ധ്യവും അതിന്റെ ഭാവിയും, കൂടാതെ യോഗയും വെല്‍നസും, അതോടൊപ്പം കല, സംസ്‌കാരം, ടൂറിസം എന്നിവ നല്‍കുന്ന അനുഭവം, പരിധിയില്ലാത്ത ബിസിനസ്സ് അവസരങ്ങള്‍, ഡിജിറ്റല്‍ ഇന്ത്യയുടെ വിവരണം, മാത്രമല്ല കൂടിക്കാഴ്ചകള്‍, സാംസ്‌കാരിക പരിപാടികള്‍, സിനിമകള്‍ എന്നിവയ്ക്ക് വേദിയാകുന്ന ഒരു കോണ്‍ഫറന്‍സ് ഹാള്‍ എന്നിവ പവലിയനിലുണ്ടാകും. ബിസിനസ്സ്, നവീകരണം, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയില്‍ വിവിധ സംസ്ഥാനങ്ങള്‍ക്ക് അവരുടെ മികവുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള പ്രത്യേക പവലിയനുകളുമുണ്ടാകും. മൂന്നാം നില, പ്രമുഖ ഇന്ത്യന്‍ കമ്പനികള്‍ക്ക് സമര്‍പ്പിക്കുന്നതാവും. മികച്ച ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ ഇവിടെ പ്രദര്‍ശിപ്പിക്കും. സമ്പന്നമായ ഇന്ത്യന്‍ ജ്വല്ലറി മേഖലയുടെ കല, സംസ്‌കാരം, പൈതൃകം, പാരമ്പര്യം എന്നിവ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് ആഗോള പ്രേക്ഷകര്‍ക്ക് മുന്‍പില്‍ ഇവിടെ അവതരിപ്പിക്കും.
75 വര്‍ഷങ്ങളില്‍ ഇന്ത്യ സ്വന്തമാക്കിയ നേട്ടങ്ങളും, ഭാവിയിലേക്കുള്ള വീക്ഷണങ്ങളും അടയാളപ്പെടുത്തുവാന്‍ #indiaat75 എന്ന സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ ആരംഭിച്ച വേളയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാനും, ഇന്ത്യന്‍ കരകൗശല ആഭരണങ്ങളുടെ കല, സംസ്്കാരം, പൈതൃകം, പാരമ്പര്യം എന്നിവ ആഗോള വേദിയില്‍ പ്രദര്‍ശിപ്പിക്കുന്നതിനും എക്‌സ്‌പോ 2020യിലെ ഞങ്ങളുടെ സാന്നിധ്യം മികച്ച അവസരമൊരുക്കുമെന്ന് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിങ്ങ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ് പറഞ്ഞു. ഇന്ത്യാ പവലിയനില്‍ ഇത് യാഥാര്‍ത്ഥ്യമാക്കുന്നതിന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേമ്പേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുമായി (FICCI) കൈകോര്‍ത്തത് ഞങ്ങള്‍ക്ക് വളരെയധികം സന്തോഷം നല്‍കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിദഗ്ധരായ ആഭരണ നിര്‍മ്മാണത്തൊഴിലാളികളുടെ പ്രാവീണ്യത്താല്‍ ലോകത്തെ തന്നെ മികച്ച ആഭരണ നിര്‍മ്മാണ തലസ്ഥാനമെന്ന അനിഷേധ്യമായ പദവി ഇന്ത്യക്കുണ്ട്. ഇന്ത്യയിലെ ജ്വല്ലറി നിര്‍മ്മാണത്തിന്റെ വൈദഗ്ധ്യം ലോകത്തിലെ ഏറ്റവും പുരാതനമായതും രാജ്യത്തിന്റെ പൈതൃകവും ബഹുമുഖ സംസ്‌കാരവും ഉള്‍ക്കൊള്ളുന്നതുമാണ്. ഇന്ത്യന്‍ കല, സംസ്‌കാരം, പൈതൃകം, പാരമ്പര്യം എന്നിവ സമ്മേളിക്കുന്ന ആഭരണ വൈവിധ്യങ്ങള്‍ നിര്‍മ്മിക്കുകയും വില്‍ക്കുകയും ചെയ്തുവരുന്ന ജ്വല്ലറി ബ്രാന്‍ഡാണ് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ്. സ്വര്‍ണ്ണ വ്യാപാരകേന്ദ്രം, സുഗന്ധവ്യഞ്ജനങ്ങളുടെ കലവറ എന്നീ നിലകളില്‍ ലോക വ്യാപാര ഭൂപടത്തില്‍ ഇടം നേടിയ കോഴിക്കോടില്‍, 1993ല്‍ ലളിതമായി ആരംഭിച്ച മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് ഇന്ന് ലോകത്തെ സ്വര്‍ണ്ണ, വജ്രാഭരണങ്ങളുടെ ആഗോള റീട്ടെയില്‍ രംഗത്തെ മുന്‍നിര ബ്രാന്‍ഡായി മാറിയിരിക്കുകയാണ്. രാജ്യത്തെ മികച്ച ആഭരണ നിര്‍മ്മാണത്തൊഴിലാളികള്‍ രൂപകല്‍പ്പന ചെയ്ത ലോകോത്തര ആഭരണങ്ങളുടെ പര്യായമാണ് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ്.
എക്സ്പോ വേളയില്‍ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് ഇന്ത്യ പവലിയനുമായി വിവിധ പ്രൊമോഷനുകള്‍ക്കും, പ്രദര്‍ശനങ്ങള്‍ക്കും കൈകോര്‍ക്കും. അതില്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് ജ്വല്ലറി നിര്‍മ്മാണവും കലയും അനുഭവിച്ചറിയാനുള്ള പ്രത്യേക മേഖലയും ഒരുക്കും. പരമ്പരാഗത രീതികള്‍ ഉപയോഗിച്ച് സൗന്ദര്യാത്മകമായി രൂപകല്‍പ്പന ചെയ്ത ആഭരണങ്ങള്‍ ഉള്‍ക്കൊള്ളുന്ന, രാജ്യത്തിന്റെ വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളെ പ്രതിനിധീകരിക്കുന്ന ഇന്ത്യന്‍ വിവാഹാഘോഷങ്ങളുടെ ഒരു സിഗ്‌നേച്ചര്‍ ബ്രൈഡല്‍ ഷോ, മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് എക്‌സ്‌പോ 2020 യില്‍ അവതരിപ്പിക്കും. ‘മനസ്സുകളെ ചേര്‍ത്തുകൊണ്ട്, ഭാവിയെ സൃഷ്ടിക്കുക’ (Connecting Minds and Creating the Future)എന്ന പ്രമേയത്തില്‍ ഒരുക്കുന്ന ദുബായ് എക്‌സ്‌പോ 2020, ഒക്ടോബര്‍ 01, 2021 മുതല്‍, മാര്‍ച്ച് 31, 2022 വരെയായിരിക്കും അരങ്ങേറുക.